Connect with us

articles

പൈതൃക ടൂറിസവും ചാലിയവും

15 നൂറ്റാണ്ടിന്റെ കഥ പറയുന്നു എന്നതിനപ്പുറം പ്രസിദ്ധമായ ചാലിയം യുദ്ധത്തിന്റെ സ്മാരകം കൂടിയാണ് ചാലിയത്തെ മസ്ജിദ് മാലിക് ദീനാര്‍. തദ്ദേശവാസികള്‍ പോലും മറന്നു തുടങ്ങിയ ഈ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സ്മരണകള്‍ സംരക്ഷിക്കാന്‍ ഭരണകൂടം തന്നെ മുന്നോട്ടുവരുന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്.

Published

|

Last Updated

പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ശിഷ്യന്‍മാരുടെ നേതൃത്വത്തിലെത്തിയ സംഘം നിര്‍മിച്ച പത്ത് പള്ളികളുണ്ട് കേരളത്തില്‍. അതിലൊന്നാണ് ചാലിയത്തെ മസ്ജിദ് മാലിക് ദീനാര്‍. തദ്ദേശീയര്‍ പുഴവക്കത്തെ പള്ളി എന്ന് വിളിക്കുന്ന, 15 നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ പള്ളിയാണ് കേരള സര്‍ക്കാറിന്റെ പൈതൃക ടൂറിസം പദ്ധതിയില്‍ പെടുത്തി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുകയും ചെയ്തു. 15 നൂറ്റാണ്ടിന്റെ കഥ പറയുന്നു എന്നതിനപ്പുറം പ്രസിദ്ധമായ ചാലിയം യുദ്ധത്തിന്റെ സ്മാരകം കൂടിയാണ് ഈ മസ്ജിദ്. തദ്ദേശവാസികള്‍ പോലും മറന്നു തുടങ്ങിയ ഈ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സ്മരണകള്‍ സംരക്ഷിക്കാന്‍ ഭരണകൂടം തന്നെ മുന്നോട്ടുവരുന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്.
ഇന്ത്യാ ചരിത്രത്തിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ സവിശേഷമായ ഒരു അധ്യായമാണ് 1571ലെ ചാലിയം യുദ്ധം. സാമൂതിരി രാജാവിന്റെ നിര്‍ദേശാനുസരണം മുസ്ലിംകളും ഹൈന്ദവരും ഒരുമിച്ച് കര, നാവിക സേനകളുടെ കരുത്തില്‍ ചാലിയത്തെ പറങ്കി കോട്ടക്കെതിരെ നടത്തിയ പോരാട്ടവും വിജയവും ദേശസ്നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ഉലമാ ആക്ടിവിസത്തിന്റെയുമെല്ലാം ചരിത്രമായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ചാലിയാര്‍ നദി അറബിക്കടലില്‍ ചെന്നുചേരുന്ന ചാലിയത്തിന് അക്കാലത്തെ കച്ചവട ഭൂപടത്തിലും അധികാര രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ടായിരുന്നു. സാമൂതിരിയുടെ കോഴിക്കോടുമായുള്ള വാണിജ്യ ബന്ധത്തില്‍ അറബികളെ പിന്തള്ളി ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ച പറങ്കികള്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ ഒരു കേന്ദ്രമാണ് ചാലിയം എന്ന തിരിച്ചറിവുണ്ടായി. കടലിലെ വാണിജ്യ പാതയെ അധീനതയില്‍ നിറുത്താനും ചാലിയാര്‍ വഴി ഉള്‍നാടുകളിലേക്ക് കടന്നു കയറാനും ചാലിയത്ത് അധികാരമുണ്ടായാല്‍ സാധിക്കും. മാത്രമല്ല കോഴിക്കോടിന്റെ നഗരഹൃദയത്തിലേക്ക് 12 കിലോമീറ്റര്‍ ദൂരം മാത്രമാണ് ചാലിയത്ത് നിന്നുള്ളത്. ഈ ഘടകങ്ങളെല്ലാം മനസ്സിലാക്കി തന്ത്രവും കുതന്ത്രവും പയറ്റി ചാലിയത്ത് ഒരു കോട്ട കെട്ടാനുള്ള അനുമതി പോര്‍ച്ചുഗീസുകാര്‍ സാമൂതിരി രാജാവില്‍ നിന്ന് നേടിയെടുത്തു.
1531ലാണ് ചാലിയത്ത് അവര്‍ കോട്ടയുടെ നിര്‍മാണം ആരംഭിച്ചത്. വളരെ വേഗം അത് പൂര്‍ത്തീകരിക്കാനും അവര്‍ക്ക് സാധിച്ചു. ഖാസി മുഹമ്മദ്(റ) ഫത്ഹുല്‍ മുബീനില്‍ രേഖപ്പെടുത്തിയത് അനുസരിച്ച് മലബാറില്‍ ഇതിന് തുല്യമായ മറ്റൊരു കോട്ടയും പറങ്കികള്‍ നിര്‍മിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. കേവലം കച്ചവടമായിരുന്നില്ല കോട്ടക്കു പിന്നിലെ താത്പര്യമെന്ന് നിര്‍മാണം ആരംഭിച്ചത് മുതല്‍ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും പോര്‍ച്ചുഗീസുകാര്‍ പ്രകടമാക്കി. നേരത്തേ പരാമര്‍ശിച്ച സ്വഹാബികള്‍ നിര്‍മിച്ച പള്ളി പൂര്‍ണമായും തകര്‍ത്ത് അതിന്റെ കല്ലും മരവും ഉപയോഗിച്ചാണ് കോട്ടയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത് എന്ന് ചരിത്രത്തില്‍ കാണാം. അതുപോലെ പരിസരത്തെ ശ്മശാനങ്ങളിലെ ഖബറുകള്‍ മാന്തി അതിലെ കല്ലുകള്‍ പോലും കോട്ടയുടെ ഭാഗമാക്കുകയുണ്ടായി. അങ്ങനെ സാമൂതിരിയോടും അദ്ദേഹത്തിന്റെ വിശ്വസ്തരായ മുസ്ലിംകളോടുമുള്ള ശത്രുത അവര്‍ പ്രകടമാക്കി. കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ എല്ലാവിധ മര്‍ദനങ്ങളുടെയും അതിക്രമങ്ങളുടെയും കേന്ദ്രമായി അത് മാറി. പരിസര പ്രദേശങ്ങളില്‍ പള്ളികളും ആരാധനാലയങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. പല പള്ളികളിലും പോര്‍ച്ചുഗീസ് പട്ടാളക്കാര്‍ കയറി മലമൂത്രവിസര്‍ജനം നടത്തി മലിനമാക്കി. സാധാരണക്കാര്‍ മുതല്‍ നാടുവാഴികള്‍ വരെ കോട്ടക്കുള്ളില്‍ ബന്ദികളാക്കപ്പെട്ടു. അനേകം പേരെ ക്രൂരമായി കൊന്നുകളഞ്ഞു. കോട്ടയുടെ പരിസരത്ത് കൂടി കടന്നുപോകുന്ന ധാരാളം കപ്പലുകള്‍ അഗ്നിക്കിരയാക്കി. അനേകം സ്ത്രീകളെ കോട്ടയില്‍ തടഞ്ഞുവെക്കുകയും ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ പോലും മാനഭംഗത്തിനിരയാക്കുകയും ചെയ്തു.
സാമൂതിരിയുടെ അനുമതിയോടെയാണ് കോട്ട നിര്‍മിച്ചതെങ്കിലും അദ്ദേഹത്തിന്റെ അധികാരം തകര്‍ക്കാനുള്ള കേന്ദ്രമായും അധികം വൈകാതെ ചാലിയം കോട്ട പ്രവര്‍ത്തനമാരംഭിച്ചു. അവസാനം 40 വര്‍ഷമായി രാജ്യത്തിനും പൗരന്മാര്‍ക്കും തലവേദനയായി നിലനിന്ന കോട്ട തകര്‍ക്കാന്‍ സാമൂതിരി ഉത്തരവിട്ടു. അദ്ദേഹത്തിന്റെ മന്ത്രിമാര്‍ യുദ്ധം ഏകോപിപ്പിച്ചു. പൊന്നാനി, ചാലിയം, പറവണ്ണ, താനൂര്‍, പരപ്പനങ്ങാടി എന്നീ പ്രദേശങ്ങളിലെ നിരവധി ആളുകള്‍ യുദ്ധത്തിനായി ചാലിയത്ത് എത്തിച്ചേര്‍ന്നു. സാമൂതിരിയുടെ നായര്‍ പടയും മുസ്ലിം നാവിക സേനയും ഒരുമിച്ച് അണിനിരന്നു. അവര്‍ കോട്ട വളഞ്ഞ വിവരമറിഞ്ഞ് പല പ്രദേശങ്ങളില്‍ നിന്നും യുദ്ധ പരിചയമുള്ളവരും അല്ലാത്തവരുമായ ധാരാളം ആളുകള്‍ പിന്നെയും ചാലിയത്തേക്ക് തോണി തുഴഞ്ഞെത്തി. ഉപരോധത്തിന്റെ ചൂടും ചൂരും പറങ്കികള്‍ നന്നായി അനുഭവിച്ചു. കോട്ടയില്‍ കരുതിയ ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞപ്പോള്‍ പുതിയത് എത്തിക്കാനുള്ള ശ്രമങ്ങള്‍ പോരാളികള്‍ തടഞ്ഞു. മുതലയും നായയും അടക്കം ആരും തിന്നാന്‍ ഇഷ്ടപ്പെടാത്ത ജീവികളെ വരെ അവര്‍ക്ക് തിന്നേണ്ടി വന്നു.
അവസാനം നാല് മാസത്തോളം നീണ്ട ഉപരോധത്തിനു മുന്നില്‍ പറങ്കികള്‍ പരാജയപ്പെട്ടു. അപമാനിതരായി, പോരാളികളുടെ ദയാവായ്പ് കൊണ്ട് തിരിച്ചു കിട്ടിയ ജീവനുമായി കോട്ടയും അതിലെ ആയുധ ശേഖരവും ഉപേക്ഷിച്ച് പറങ്കികള്‍ ചാലിയം വിട്ടു.
പോര്‍ച്ചുഗീസുകാര്‍ സ്ഥലം വിട്ട ശേഷം സാമൂതിരി കോട്ടയിലെ പടക്കോപ്പുകളും സമ്പത്തും എടുത്തുമാറ്റി. ശേഷം കോട്ട പൂര്‍ണമായും പൊളിച്ചുമാറ്റി. അവിടെ ഒരു കോട്ട ഉണ്ടായിരുന്നു എന്ന് ആര്‍ക്കും മനസ്സിലാകാത്ത വിധം അത് നാമാവശേഷമായി. കോട്ടയുടെ കല്ലും മരവും ഉപയോഗിച്ച്, തകര്‍ക്കപ്പെട്ട മസ്ജിദ് മാലിക് ദീനാര്‍ പുനര്‍ നിര്‍മിക്കുന്നതിന് സാമൂതിരി ഭരണകൂടം പ്രഥമ പരിഗണന നല്‍കി. യുദ്ധത്തിന്റെ മുന്നണിപ്പോരാളികളില്‍ കോഴിക്കോട്ടെ ഖാസി ആയിരുന്ന അബ്ദുല്‍ അസീസ്(റ)വും ആത്മീയ നേതൃത്വം മുഹമ്മദ് ബിന്‍ അലാവുദ്ദീന്‍ അല്‍ഹിംസി(റ)വും ഉണ്ടായിരുന്നു. അപ്പവാണിഭ നേര്‍ച്ച നടക്കുന്ന ഇടിയങ്ങര പള്ളിയുടെ പരിസരത്ത് മറവ് ചെയ്യപ്പെട്ട മുഹമ്മദ് ബിന്‍ അലാവുദ്ദീന്‍ അല്‍ഹിംസി(റ) കോഴിക്കോട്ടുകാര്‍ക്ക് മാമുക്കോയ തങ്ങളാണ്. മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവായ ഖാസി മുഹമ്മദ്(റ) രചിച്ച ഫത്ഹുല്‍ മുബീന്‍ ചാലിയം യുദ്ധത്തിന്റെ ചരിത്രമാണ്. അല്‍ഫത്ഹുല്‍ മുബീന്‍ ലിസ്സാമിരിയ്യില്ലദി യുഹിബ്ബുല്‍ മുസ്ലിമീന്‍ എന്നാണ് ഈ ചരിത്രകൃതിയുടെ മുഴുവന്‍ പേര്. മുസ്ലിംകളെ സ്നേഹിക്കുന്ന സാമൂതിരിക്ക് വ്യക്തമായ വിജയം എന്നാണ് അതിന്റെ അര്‍ഥം. ആ പേര് പോലും അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ മതസൗഹാര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്.
1571ലെ യുദ്ധത്തോടെ ചാലിയത്തെ പോര്‍ച്ചുഗീസ് അധിനിവേശം എന്നെന്നേക്കുമായി അവസാനിച്ചു എന്നാണ് ചരിത്രം. ഇക്കാര്യമടക്കം യുദ്ധത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ചാലിയം പുലിമുട്ടിലേക്കുള്ള വഴിയരികില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ആ ബോര്‍ഡുകള്‍ മാത്രമായിരുന്നു ചാലിയം യുദ്ധത്തിന്റെ ആകെയുള്ള സ്മാരകവും. എന്നാല്‍ അവ അടുത്ത കാലത്ത് തുരുമ്പെടുത്ത് നശിച്ചുപോയിരുന്നു.
ചരിത്രത്തില്‍ തുല്യതയില്ലാത്ത ചാലിയം യുദ്ധത്തിന് മലബാറിന്റെ ചരിത്രത്തിലും വലിയ പ്രാധാന്യം ലഭിച്ചില്ല എന്ന് സങ്കടപ്പെടുന്നതിനിടക്കാണ് മാലിക് ദീനാര്‍ മസ്ജിദ് പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം പുറത്ത് വന്നത്. ചാലിയത്തെ മാലിക് ദീനാര്‍ മസ്ജിദ് ഈ പോരാട്ട ചരിത്രത്തിന്റെ യഥാര്‍ഥ സ്മാരകമാണ്. പക്ഷേ അതറിയുന്നവര്‍ വളരെ വിരളമാണ്. ഈ പ്രാധാന്യം കൂടി പരിഗണിച്ച് പള്ളി നവീകരിക്കുകയും ജന ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്താല്‍ അത് യുദ്ധ സ്മരണകള്‍ നിലനിര്‍ത്തും. പള്ളികള്‍ മറ്റു മതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ കുഴിച്ചുമൂടി, അതിനുമുകളില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളാണെന്ന് സ്ഥാപിച്ചെടുത്തു കൊണ്ടിരിക്കുന്ന കാലത്ത്, ബഹുസ്വര സമൂഹത്തില്‍ മതസൗഹാര്‍ദത്തിന്റെ സ്മാരകമായി നിര്‍മിതമായ ചാലിയം മാലിക് ദീനാര്‍ മസ്ജിദ് വലിയ സന്ദേശങ്ങള്‍ ബാക്കിവെക്കും. അതിനു പുറമെ ചാലിയത്തെ പോരാളികളോടും ചരിത്രത്തോടും നമുക്കുള്ള ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാനും സാധിക്കും.

 

Latest