National
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലില്‍ 34 പേര്‍ മരിച്ചു
ഹിമാചല്‍ പ്രദേശത്തും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. നിരവധി റോഡുകള്‍ തകരുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.

ന്യൂഡല്‍ഹി|ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മഴ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ജമ്മു കശ്മീരില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 34 പേര്‍ മരിച്ചു. അനന്ത്‌നാഗിലെ കോടതി സമുച്ചയത്തിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം.
അനന്ത്‌നാഗില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പ്രദേശത്ത് ഭക്ഷണവും, വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സൈന്യം എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ഹിമാചല്‍ പ്രദേശത്തും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. നിരവധി റോഡുകള്‍ തകരുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. മണ്ണിടിച്ചില്‍ ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.