rain alert
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മൂന്നാറില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു

കൊച്ചി | സംസ്ഥാനത്ത് എങ്ങും അതിതീവ്ര മഴ തുടരുന്നു. പലയിടത്ത് നിന്നും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ദേവികുളത്ത് ഇന്നലെ രാത്രി പെയ്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇടുക്കി ജില്ലയിലെ പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇരുഡാമുകളില്‍ നിന്നും ചെറിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.