National
കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് മരണം; പരുക്കേറ്റ പലരുടേയും നില ഗുരുതരം
അപകടത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്
മുംബൈ | ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിനുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. അപകടത്തില്‍ 15 മുതല്‍ 20 വരെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് രണ്ട് ഡമ്പര്‍ ട്രക്കുകള്‍ ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ പേരയ്ക്കാ നിറച്ച ട്രക്കും ഈ വാഹനങ്ങളില്‍ ഇടിച്ചു.
ഈ ട്രക്കില്‍ നിന്നും പുറത്തുപോയ പേരയ്ക്കകള്‍ റോഡില്‍ വഴുക്കല്‍ സൃഷ്ടിച്ചു. ഇതോടെ മറ്റ് വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടുകയും നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയവുമായിരുന്നു. 20 മുതല്‍ 25 വരെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
പോലീസ്, ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ ഉടന്‍ തന്നെ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തില്‍ പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.





