Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ആരോഗ്യ വകുപ്പ്

സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ആലോചന

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ആരോഗ്യ വകുപ്പ്. കെ എം എസ് സി എല്‍ വഴി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി. ഇടനിലക്കാരായ വിതരണക്കാരെ ഒഴിവാക്കി റണ്ണിങ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ നേരിട്ടു വാങ്ങാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

ഇടനിലക്കാരായ വിതരണക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളെ പ്രതിസന്ധിയില്‍ ആക്കിയ സാഹചര്യത്തിലാണ് കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ നേരിട്ട് എത്തിക്കാനാണ് ശ്രമം. വിതരണക്കാര്‍ അജണ്ട നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിനെ കുടിശ്ശികയുടെ പേരില്‍ പ്രതിസന്ധിയിലാക്കയതെന്ന് മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വിതരണക്കാരെ ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഉപകരണ ഇടപാടില്‍ കോടികള്‍ കമ്മീഷന്‍ വാങ്ങുന്ന ഇടനിലക്കാര്‍, സര്‍ക്കാര്‍ നേരിട്ട് ഉപകരണങ്ങള്‍ വാങ്ങുന്നതിനെ തുരങ്കം വെക്കുമോ എന്ന ആശങ്ക ആരോഗ്യവകുപ്പിന് ഉണ്ട്. ആരോഗ്യവകുപ്പിന് കമ്പനികളില്‍ നിന്ന് നേരിട്ട് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയില്ല എന്നാണ് വിതരണക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ നിയമവഴികളും തേടി മുന്നോട്ടുപോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക പൂര്‍ണമായി നല്‍കി അവരെ ഇടപാടില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാറിനേയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കി ഇടക്കിടെ വാര്‍ത്തകളില്‍ ഇടം നേടുന്ന പ്രവണത ഇടനിലക്കാര്‍ കാണിക്കാന്‍ തുടങ്ങിയത് ആരോഗ്യ വകുപ്പിന്റെ സദ്കീര്‍ത്തിയെ ദോഷകരമായി ബാധിച്ചിരുന്നു.

Latest