തെളിയോളം
ഉച്ചത്തിൽ മുഴങ്ങുന്ന നിശബ്ദത കേട്ടിട്ടുണ്ടോ?
അനന്തമായി ഓടാൻ നിർമിച്ച യന്ത്രങ്ങളല്ല നമ്മൾ. വികാരങ്ങൾ, ചിന്തകൾ, ഓർമകൾ, ആശങ്കകൾ, പ്രതീക്ഷകൾ, ഭയം എല്ലാം നമ്മിൽ സന്തുലിതമായി ഉണ്ടാകും. ചിലപ്പോൾ, ഏറ്റവും അർഥവത്തായ സംഭാഷണങ്ങൾ സംഭവിക്കുന്നത് നമ്മൾ സ്വയം അനുവദിക്കുന്ന നിശബ്ദതക്ക് ശേഷമാണ്. "നിങ്ങൾ കൂടുതൽ നിശബ്ദനാകുമ്പോൾ, നിങ്ങൾക്ക് കൂടുതൽ കേൾക്കാൻ കഴിയും.' എന്ന് ജലാലുദ്ദീൻ റൂമി.
നിങ്ങൾ അമിതഭാരം ചുമക്കുന്ന മാനസിക നിലയിലാണെങ്കിൽ മറ്റൊരാൾ നിങ്ങളോട് കാണിക്കുന്ന ദയ പോലും നിങ്ങൾക്ക് വലിയ സമ്മർദമായി അനുഭവപ്പെട്ടേക്കാം. അത്തരം ഒരു സമയത്ത് കുശലാന്വേഷണങ്ങളോ അത്രയൊന്നും പ്രധാനമല്ലാത്ത കൊച്ചു വർത്തമാനമോ ആയി ആരെങ്കിലും നിങ്ങളുടെ അടുത്തു വരുന്നത് വല്ലാത്ത ഒരു പ്രകോപനത്തിലേക്ക് അത് നിങ്ങളെ തള്ളിയിട്ടേക്കാം. കോപമല്ല, വെറുപ്പല്ല, ഒരു വിചിത്രമായ അസ്വസ്ഥത മാത്രം – നല്ലതെന്നു തോന്നുമെങ്കിലും ദേഹമാകെ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഒരു സ്വെറ്റർ ധരിക്കുന്നത് പോലെ. നമുക്കുള്ളിൽ നടക്കുന്ന സംഘർഷങ്ങളുടെ ഈ പ്രതിധ്വനി പക്ഷെ നമ്മെ മറ്റുള്ളവർക്കിടയിൽ ഒരു “പൊട്ടിത്തെറിക്കാരൻ’ എന്ന ലേബൽ ചാർത്തിക്കിട്ടാൻ ഇടവരുത്തും.
നിങ്ങളോട് ചുമ്മാ ഒന്നു സംസാരിക്കണം എന്ന് വിചാരിക്കുന്ന ഒരാൾക്ക് നിങ്ങളുടെ അന്തർവിചാരങ്ങളെ മറികടക്കാൻ മാത്രം ഗൗരവമുള്ള വിഷയങ്ങളൊന്നും ഉണ്ടാകില്ല. ഞാൻ ഇവിടെ ഉണ്ടെന്നും, എനിക്കും ഇത്തിരി പ്രാധാന്യമുണ്ടെന്നും “എന്നെ ഒന്നു കേൾക്കെന്നേ’ എന്ന ചെറിയ ഒരാഗ്രഹം മാത്രമേ അവർക്കുള്ളു. പലപ്പോഴും അവരെ അദൃശ്യമാക്കുന്ന ഒരു ലോകത്ത് യഥാർഥമായി തോന്നാൻ വേണ്ടി മാത്രം പലരും അവരുടെ ദിവസത്തെയോ അവരുടെ പ്രശ്‌നങ്ങളെയോ വിവരിക്കുന്നു, എന്നുവെച്ചാൽ ഇത്തരക്കാർ സംസാരിക്കുന്നത് ആശയവിനിമയം നടത്താനല്ല, മറിച്ച് അവരുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വേണ്ടി മാത്രമാകും. എന്നാൽ നിങ്ങൾക്ക് അത്തരം സാധൂകരണം ആവശ്യമില്ലാത്തപ്പോൾ, ആളുകൾ നിങ്ങളുടെ കാതുകൾക്കടുത്തു വരുന്നത് തീർച്ചയായും ഒരു ഭാരമായി തോന്നുകയും ചെയ്യും.
“എന്തിനാണിങ്ങനെ അസ്വസ്ഥനാകുന്നത്? ഞാൻ ഇത്രയല്ലേ പറഞ്ഞുള്ളു’ എന്ന് സങ്കടപ്പെടുന്നവരോട് “എനിക്ക് നിങ്ങളോട് ദേഷ്യമില്ല. എനിക്ക് ഉള്ളിലിത്തിരി അമിതഭാരമുണ്ട് ഇപ്പൊ’ എന്ന് മറുപടി നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നു. പക്ഷെ നിയന്ത്രണ രേഖയിൽ നിന്ന് പിടിവിട്ട നിങ്ങളുടെ വാചകങ്ങൾ മറ്റെന്തൊക്കെയോ ആയി പുറത്തു ചാടും. നിങ്ങളുടെ ഈ അസ്വസ്ഥത യഥാർഥമാണ്. അത് ക്ഷമാപണമോ വിശദീകരണമോ ആവശ്യമുള്ള ഒന്നല്ല.
വലിയ കൂട്ടുകെട്ടുകൾ ആഗ്രഹിക്കുന്ന ആളുകൾക്ക് പോലും ചിലപ്പോൾ ഏകാന്തത ആവശ്യമാണ്. ചിരി ആസ്വദിക്കുന്ന ആളുകൾ പോലും ചിലപ്പോൾ നിശബ്ദത ആഗ്രഹിക്കും. നിങ്ങൾ സമ്മർദത്തിലോ മാനസിക ക്ഷീണത്തിലോ ആയിരിക്കുമ്പോൾ, നിങ്ങളുടെ നാഡീവ്യൂഹം ഒരു ഇറുകിയ ചരട് പോലെയാകുന്നു – ഓരോ ചെറിയ വൈബ്രേഷനും ശക്തി പ്രാപിക്കും.
അതുകൊണ്ടാണ് സാധാരണ ശബ്ദങ്ങൾ, സാധാരണ ചോദ്യങ്ങൾ, സാധാരണ സംഭാഷണങ്ങൾ എന്നിവ പോലും സമ്മർദമായി തോന്നുന്നത്. അവ തെറ്റായതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ ശരീരം ഒരു സ്വസ്ഥമായ ഇടം ചോദിക്കുന്ന രീതിയാണത്. നിങ്ങളുടെ “പൊട്ടിത്തെറി’ പിന്നീട് നിങ്ങളിൽ കുറ്റബോധം ഉണ്ടാക്കും. “ഞാൻ എന്തിനാണ് അങ്ങനെ പരുഷമായി പെരുമാറിയത്?’ എന്ന് പിന്നെയും പിന്നെയും സ്വയം പഴിക്കും. ശരിക്കും നിങ്ങൾ അഹങ്കാരിയോ കരുതലില്ലാത്തവനോ ആണെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ തോന്നുമായിരുന്നില്ല. ഈ കോപം ക്രൂരതയുടെ ലക്ഷണമല്ല, മറിച്ച് ക്ഷീണത്തിന്റെ ലക്ഷണമാണ്. ഈ കോപം അനാദരവല്ല; നിങ്ങളുടെ ഊർജം കുറയുന്നുവെന്ന് നിങ്ങളുടെ മനസ്സ് സൂചിപ്പിക്കുകയാണ്. പരിഹാരം വളരെ ലളിതമാണ്: താത്കാലികമായി പ്രതികരണം പോസ് ചെയ്യുക. മാറിനിൽക്കുക. ശ്വസിക്കുക. നിങ്ങളുടെ ഉള്ളിലെ ബാറ്ററി റീചാർജ് ചെയ്യാൻ അനുവദിക്കുക. “മനസ്സ് ക്ഷീണിതമാകുമ്പോൾ, ഇല വീഴുന്നത് പോലും ശബ്ദമുണ്ടാക്കുന്നു.’ എന്ന സെൻ പഴമൊഴി ഓർക്കുക.
ഒരു നിശബ്ദത പൂർത്തിയായി തുറന്ന മനസ്സോടെ നിങ്ങൾ തിരിച്ചെത്തുമ്പോൾ, നിങ്ങളെ അലട്ടിയിരുന്ന അതേ കാര്യങ്ങൾ വീണ്ടും സാധാരണമായി തോന്നാൻ തുടങ്ങും. അപ്പോൾ സുഹൃത്തിന്റെ കൊച്ചു തമാശകൾ നിങ്ങൾക്ക് സഹിക്കാനാകും. ബന്ധുവിന്റെ സാഹസികത പറച്ചിൽ നിങ്ങൾ നേരിയ രീതിയിൽ ആസ്വദിക്കും. ഈ അവസ്ഥ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം സത്യസന്ധതയാണ്. കഠിനമായ സത്യസന്ധതയല്ല – സൗമ്യമായ സത്യസന്ധത. “എനിക്ക് നിങ്ങളോട് ദേഷ്യമില്ല; എനിക്ക് കുറച്ച് നേരം ഈ സ്ഥലത്ത് ഒറ്റക്കിരിക്കണം’ എന്ന് ആളുകളോട് പറയുന്നത് ഒരു നല്ല ബന്ധം സംരക്ഷിക്കും. സമയമോ, നിശബ്ദതയോ, സ്ഥലമോ ചോദിക്കുന്നത് ബലഹീനതയല്ല; ജ്ഞാനമാണ്. അനന്തമായി ഓടാൻ നിർമിച്ച യന്ത്രങ്ങളല്ല നമ്മൾ. വികാരങ്ങൾ, ചിന്തകൾ, ഓർമകൾ, ആശങ്കകൾ, പ്രതീക്ഷകൾ, ഭയം എല്ലാം നമ്മിൽ സന്തുലിതമായി ഉണ്ടാകും. ചിലപ്പോൾ, ഏറ്റവും അർഥവത്തായ സംഭാഷണങ്ങൾ സംഭവിക്കുന്നത് നമ്മൾ സ്വയം അനുവദിക്കുന്ന നിശബ്ദതക്ക് ശേഷമാണ്. “നിങ്ങൾ കൂടുതൽ നിശബ്ദനാകുമ്പോൾ, നിങ്ങൾക്ക് കൂടുതൽ കേൾക്കാൻ കഴിയും.’ എന്ന് ജലാലുദ്ദീൻ റൂമി.





