Connect with us

Prathivaram

ഹഖ് അൽ ലൈല: അറബ് പാരമ്പര്യത്തിലെ ആഘോഷരാവ്

കുട്ടികൾ മനോഹരമായി വസ്ത്രം ധരിച്ച് പ്രത്യേകം നെയ്ത വർണാഭമായ കുട്ടകൾ വഹിച്ച് പുറത്തിറങ്ങുന്ന കാഴ്ചകൾ ഓരോ അറബ് ശാബിയകളിലും കാണാനാകും. അയൽപ്പക്കങ്ങളിലെ വീടുകളിൽ കൂട്ടം കൂടി അവരെത്തും. മനോഹര ഗാനശകലം അകമ്പടിയായുണ്ടാകും. ഓരോ വാതിലിലും മുട്ടിയവർ വ്യത്യസ്‌ത പാട്ടുകൾ പാടും.

Published

|

Last Updated

ഹഖ് അൽ ലൈല എന്ന കുട്ടികളുടെ ആഘോഷരാവ് അറബ് രാജ്യങ്ങളിലെ പരമ്പരാഗത ആചാരമാണ്. നിസ്ഫ് ശഅബാൻ ഗൾഫ് രാജ്യങ്ങൾ പൊതുവെ ഈ ദിനം ആഘോഷിക്കുമ്പോൾ യു എ ഇയിൽ ഈ ദിനത്തിന് വലിയ സ്ഥാനമാണ് സ്വദേശി സമൂഹം നൽകുന്നത്. ഇസ്്ലാമിക കലണ്ടറിലെ ശഅബാൻ 15 രാത്രിയാണ് കുട്ടികളുടെ ഈ പരമ്പരാഗത ആഘോഷം.
കുട്ടികൾ മനോഹരമായി വസ്ത്രം ധരിച്ച് പ്രത്യേകം നെയ്ത വർണാഭമായ കുട്ടകൾ വഹിച്ച് പുറത്തിറങ്ങുന്ന കാഴ്ചകൾ ഓരോ അറബ് ശാബിയകളിലും കാണാനാകും. അയൽപ്പക്കങ്ങളിലെ വീടുകളിൽ കൂട്ടം കൂടി അവരെത്തും. മനോഹര ഗാനശകലം അകമ്പടിയായുണ്ടാകും. ഓരോ വാതിലിലും മുട്ടി അവർ വ്യത്യസ്‌ത പാട്ടുകൾ പാടും. വീട്ടുകാർ വാതിൽ തുറക്കുന്നതുവരെ ആലാപനം.

“അതൂനള്ളാ യാതീകും, അതൂന ഹഖ് അൽ ലൈല’ എന്ന അറബിപ്പാട്ടിന്റെ ഈരടികളാണ് പതിവായി പാടുക. “ഞങ്ങൾക്ക് എന്തെങ്കിലും തരൂ, ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും പകരം കൂടുതൽ നൽകുകയും ചെയ്യും’ എന്നാണർഥം. ആതൂന ഹഖ് ലൈല എന്ന് കുട്ടികൾ വിശേഷിപ്പിക്കുന്ന രാത്രിയിൽ “ഈ അനുഗൃഹീത രാത്രി ഞങ്ങൾക്ക് നൽകൂ’ എന്നവർ പറഞ്ഞുകൊണ്ടേയിരിക്കും.

മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമാണ് കുട്ടികളുടെ റോന്തുചുറ്റൽ ആരംഭിക്കുന്നത്. മിടുക്കരായ കുട്ടികൾ പലപ്പോഴും പാട്ടുകൾ ഉച്ചത്തിൽ ആലപിക്കും. അത് വലിയ അനുഗ്രഹത്തിന് കാരണമാകുമെന്ന് അവർ മനസ്സിലാക്കുന്നു.

ആഘോഷരാവിൽ കുട്ടികളെ പ്രതീക്ഷിച്ച് വീട്ടുകാർ മധുരപലഹാരങ്ങൾ ഒരുക്കികാത്തിരിക്കും. മുമ്പ് കാലങ്ങളിൽ അറബി വീടുകളിൽ സ്ത്രീകൾ കുട്ടികൾക്ക് നൽകാനുള്ള പലഹാരങ്ങൾ ഒരുക്കുന്ന പണി ദിവസങ്ങൾ മുമ്പേ ആരംഭിക്കും. ഇപ്പോൾ അവയിൽ പലതും സൂപ്പർമാർക്കറ്റുകളിലും മറ്റ് കടകളിലും “ഹഖ് അൽ ലൈല’ പാക്കേജുകളായി ലഭിക്കുന്നുണ്ട്.
ഇറാഖ്, കുവൈത്ത്, ഖത്വർ, ബഹ്‌റൈൻ, സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗെർഗാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒമാനിൽ ഖരൻഖാഷോ എന്നറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ മകൾ ഫാത്വിമ (റ) ജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തതിന്റെ അനുകരണമാണ് ഈ ആഘോഷത്തിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്.

യു എ ഇയിൽ ഹഖ് അൽ ലൈല കൂടുതൽ സംഘടിത ആഘോഷമായി മാറിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും പ്രത്യേക പരിപാടിയായി തന്നെ നടത്തപ്പെടുന്നു. പലഹാരങ്ങൾ നിറച്ച പെട്ടികളോ ചെറിയ ബാഗുകളോ തയ്യാറാക്കി കുട്ടികൾക്ക് കൈമാറുന്നു. ദുബൈ എക്സ്പോ സിറ്റിയിൽ ഈ വർഷത്തെ റമസാൻ പരിപാടികൾ ആരംഭിക്കുന്നത് ഹഖ് അൽ ലൈല പരിപാടിയോടെയാണ്. ചരിത്രപ്രസിദ്ധമായ ദുബൈയിലെ അൽ ശിന്ദഗ അയൽപക്കത്ത് 10 ദിവസത്തെ പരിപാടികളൊരുക്കി പാരമ്പര്യത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് കൈമാറുന്നുണ്ട്.

Latest