Connect with us

Kerala

സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങൾ ഓർമകളുടെ അര നൂറ്റാണ്ട്

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൻ്റെ ആസൂത്രകൻ

Published

|

Last Updated

കോഴിക്കോട് | സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങളുടെ വിയോഗത്തിന് അര നൂറ്റാണ്ട്. 1973 ജനുവരി 19ൻ്റെ വെള്ളിയാഴ്ച രാവിൽ മക്കയിലെ പുണ്യഭൂമിയിൽ മരണമടഞ്ഞ ബാഫഖി തങ്ങൾ കേരളത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ചാർത്തിയ കൈയൊപ്പ് ഇന്നും മായാതെ അവശേഷിക്കുന്നു. ഹജ്ജ് കർമങ്ങൾക്കിടെയായിരുന്നു വിയോഗം.

സംസ്ഥാനത്ത് മുന്നണി രാഷ്ട്രീയത്തിൻ്റെ ആസൂത്രകനായിരുന്ന ബാഫഖി തങ്ങൾ എല്ലാവരേയും ഉൾക്കൊള്ളുകയും ഒരു കിംഗ് മേക്കറായി അറിയപ്പെടുകയും ചെയ്തു.
1936 മുതൽ കോൺഗ്രസ്സിനോട് ചേർന്ന് നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന ബാഫഖി തങ്ങൾ പിന്നീട് പടിപടിയായി മുസ്‌ലിം ലീഗിൻ്റെ അത്യുന്നത സ്ഥാനങ്ങളിലെത്തി. കോഴിക്കോട് സിറ്റി ലീഗിൻ്റെ പ്രസിഡൻ്റായിരുന്ന അദ്ദേഹം അഖിലേന്ത്യാ അധ്യക്ഷനായാണ് വിട വാങ്ങിയത്.

1906 ഫെബ്രുവരി 21ന് കൊയിലാണ്ടിയിലെ സയ്യിദ് കുടുംബത്തിലാണ് ജനനം. അറേബ്യയിൽ നിന്നെത്തിയ സയ്യിദ് അഹ്‌മദ് ബാഫഖിയുടെ സന്താന പരമ്പരയിൽ പ്രമുഖ വ്യാപാരിയായിരുന്ന സയ്യിദ് അബ്ദുൽഖാദർ ബാഫഖിയാണ് പിതാവ്. കൊയിലാണ്ടിയിലെ പ്രസിദ്ധമായ ബാഫഖി കുടുംബം. വെളിയങ്കോട്ടായിരുന്നു പ്രാഥമിക ദർസ് പഠനം. 12ാം വയസ്സ് മുതൽ തന്നെ പിതാവിനൊപ്പം കച്ചവട രംഗത്തേക്ക് പ്രവേശിച്ചു.

26 വയസ്സായപ്പോഴേക്കും പ്രവർത്തന മേഖല കോഴിക്കോട് വലിയങ്ങാടിയിലേക്ക് മാറി. ഈജിപ്ത്, ബർമ, മലേഷ്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ സഞ്ചരിക്കുകയും കച്ചവട ബന്ധം സ്ഥാപിക്കുകയും ചെയ്തു. രാഷട്രീയത്തിലെ നീക്കുപോക്കുകളെക്കുറിച്ച് വലിയ ധാരണയില്ലാതിരുന്ന അക്കാലത്ത് 1962ൽ തലശ്ശേരിയിൽ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്ഥാനാർഥിയായിരുന്ന എസ് കെ പൊറ്റക്കാടിന് ലീഗ് പിന്തുണ നൽകിയതിൽ നിന്ന് തുടങ്ങി മുന്നണി രാഷ്ട്രീയത്തിൻ്റെ മർമം അറിഞ്ഞ് പ്രവർത്തിച്ച അദ്ദേഹം 1967ൽ ഇ എം എസ് സർക്കാറിനെ അധികാരത്തിലേറ്റി.

അതേ ഇ എം എസിനെതിരെ പട നയിച്ച് പുറത്താക്കിയ അദ്ദേഹം പിന്നീട് 1969ൽ സി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കുന്നതിലും നിർണായക പങ്കു വഹിച്ചു.
സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങൾക്ക് തടയിടുന്നതിലും ബാഫഖി തങ്ങൾ ഇടപെട്ടു. സ്‌കോളർഷിപ്പ് സംവിധാനങ്ങൾ ആലോചിക്കാത്ത കാലത്ത് ഇത്തരമൊരു ആശയം കൊണ്ടു വരികയും സി എച്ച് മുഹമ്മദ് കോയ അടക്കമുള്ളവർക്ക് അത്തരത്തിൽ പഠനത്തിന് അവസരം ലഭ്യമാക്കുകയും ചെയ്തു.

സുന്നി ആശയത്തോട് ചേർന്നു നിന്ന് പ്രവർത്തിച്ച അദ്ദേഹം 1951ൽ വടകരയിൽ നടന്ന സമസ്ത വാർഷിക സമ്മേളനത്തിൻ്റെ മുഖ്യസംഘാടകനായിരുന്നു.  വിദ്യാഭ്യാസ ബോർഡിൻ്റെ ട്രഷററായും പ്രവർത്തിച്ചു.

---- facebook comment plugin here -----

Latest