Uae
ഇന്ത്യയിൽ വിമാനക്കമ്പനികളുടെ പ്രതിസന്ധി ഗൾഫ് യാത്രക്കാരെ ബാധിച്ചു
വെള്ളിയാഴ്ച രാവിലെ 3.20ന് പുറപ്പെടേണ്ടിയിരുന്ന ദുബൈ - കോഴിക്കോട് വിമാനം ഒടുവിൽ എട്ട് മണിക്കൂറിലധികം കഴിഞ്ഞ് രാവിലെ 11.29നാണ് പുറപ്പെട്ടത്.
ദുബൈ|ഇന്ത്യയിൽ ഇൻഡിഗോ വിമാനക്കമ്പനിയുടെ പ്രതിസന്ധി യു എ ഇയിലെ യാത്രക്കാരെ ഇന്നലെയും ബാധിച്ചു. നിരവധി വിമാന റദ്ദാക്കലുകളും കാലതാമസങ്ങളും ഗൾഫ് മേഖലയിലും അനുഭവപ്പെട്ടു. ചിലർക്ക് പത്ത് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു. വ്യാഴാഴ്ച വിസ കാലാവധി കഴിഞ്ഞ യാത്രക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 3.20ന് പുറപ്പെടേണ്ടിയിരുന്ന ദുബൈ – കോഴിക്കോട് വിമാനം ഒടുവിൽ എട്ട് മണിക്കൂറിലധികം കഴിഞ്ഞ് രാവിലെ 11.29നാണ് പുറപ്പെട്ടത്. രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചിയിലേക്കുള്ള മറ്റൊരു ഇൻഡിഗോ വിമാനം 30 മിനിറ്റ് കഴിഞ്ഞ് ഉച്ചയ്ക്ക് 12.15നും വെള്ളിയാഴ്ച രാവിലെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദുബൈ – അഹ്്മദാബാദ് വിമാനം ഏകദേശം പത്ത് മണിക്കൂർ വൈകിയും പുറപ്പെട്ടു.
അബൂദബി, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും ഇത് ബാധിച്ചു. റാസ് അൽ ഖൈമയിൽ നിന്ന് രാവിലെ 5.20ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 1518 വിമാനം റദ്ദാക്കിയിരുന്നു.
ഇൻഡിഗോ ക്ഷമാപണം നടത്തി
വിമാനങ്ങൾ റദ്ദാക്കിയതിന് വിമാനക്കമ്പനി പരസ്യ ക്ഷമാപണം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി ഇൻഡിഗോയുടെ നെറ്റ്്വർക്കിലും പ്രവർത്തനങ്ങളിലും വ്യാപകമായ തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബുദ്ധിമുട്ടനുഭവപ്പെട്ട ഉപഭോക്താക്കളോടും പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.



