Connect with us

National

അത്താഴ വിരുന്നില്‍ പങ്കെടുത്ത ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

വിരുന്നില്‍ പങ്കെടുക്കുന്ന കാര്യം തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ വിരുന്നില്‍ പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. വിരുന്നില്‍ പങ്കെടുക്കുന്ന കാര്യം തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍ പറഞ്ഞു. താനായിരുന്നെങ്കില്‍ തന്റെ പാര്‍ട്ടിയിലെ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും വിരുന്നിന് ക്ഷണം നല്കിയവരും പോയവരും ചോദ്യങ്ങള്‍ നേരിടണമെന്നും എ ഐ സി സി വക്താവ് പവന്‍ ഖേര പ്രതികരിച്ചു.

ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ക്ഷണിച്ചിരുന്നില്ല. വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. വിരുന്നില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റിന് വ്‌ലാദിമിര്‍ പുടിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്പു നല്കി. പിന്നീട് രാജ്ഘട്ടില്‍ ഗാന്ധി സമാധിയിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തി. രണ്ടു രാജ്യങ്ങളിലെയു വ്യവസായികളുമായും മോദിയും പുടിനും കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം ഒന്നിച്ചാണ് അത്താഴ വിരുന്നിന് രണ്ടു നേതാക്കുളം എത്തിയത്. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യന്‍ തര്‍ജമ സമ്മാനിച്ചു.

അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും താനും പുടിനുമായുള്ള ബന്ധത്തിന്റെ ആഴം രാജ്യത്തും പുറത്തും ബോധ്യപ്പെടുത്താന്‍ മോദിക്കായി. റഷ്യ ഒറ്റയ്ക്കല്ല എന്ന സന്ദേശം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്കുന്നതില്‍ വ്‌ളാദിമിര്‍ പുടിനും വിജയിച്ചു.

Latest