From the print
ജി എസ് ടി സ്ലാബ് പരിഷ്‌കരണം: നഷ്ടം നികത്തണം
കേന്ദ്രം ഇടപെടണമെന്ന് ധനമന്ത്രിമാര്‍.

ന്യൂഡല്‍ഹി | ജി എസ് ടി സ്ലാബുകള്‍ രണ്ടാക്കി ചുരുക്കുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് കേരളം ഉള്‍പ്പെടെയുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങള്‍. ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ജി എസ് ടി സ്ലാബുകള്‍ രണ്ടാക്കി കുറക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വലിയ വരുമാന നഷ്ടത്തില്‍ ധനമന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തി. ജി എസ് ടി നികുതി സ്ലാബ് നാലില്‍ നിന്ന് രണ്ടാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കുന്നതിനും ഇതിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കാതെ കോര്‍പറേറ്റുകളും കച്ചവടക്കാരും കൂടുതല്‍ ലാഭം കൊയ്യുന്നത് തടയുന്നതിന് നടപടി വേണമെന്നും ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
കേരളത്തിന് പുറമെ ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ജി എസ് ടിയിലെ പുതിയ ഘടനക്ക് അംഗീകാരം നല്‍കാനിരിക്കെയാണ് യോഗം. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ 28, 18, 12, അഞ്ച് ശതമാനം സ്ലാബുകള്‍ പരിഷ്‌കരിച്ച ജി എസ് ടി ഘടന അഞ്ച് ശതമാനം 18 ശതമാനം എന്നീ രണ്ട് സ്ലാബുകളിലേക്ക് ചുരുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് ജി എസ് ടി കൗണ്‍സില്‍ നിശ്ചയിച്ച മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഈ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാനനഷ്ടമുണ്ടാക്കുമെന്നും സംസ്ഥാനങ്ങളുടെ ക്ഷേമപദ്ധതികളെയും വികസന പദ്ധതികളെയും ബാധിക്കുമെന്നുമാണ് ബി ജെ പി ഇതര ധനമന്ത്രിമാര്‍ വ്യക്തമാക്കുന്നത്.
വരുമാനം സംരക്ഷിക്കണം
സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ആശങ്ക അറിയിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ കരട് അടുത്ത ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിഷ്‌കരണം കേന്ദ്രത്തിനും നഷ്ടമുണ്ടാക്കുമെങ്കിലും കേന്ദ്രത്തിന് ആകെ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് ജി എസ് ടി വഴിയുള്ളത്. സംസ്ഥാനത്തിന് ഇത് ഏകദേശം 50 ശതമാനമാണ്. കൂടാതെ കേന്ദ്രത്തിന് ലഭിക്കുന്നതിന്റെ 20 ശതമാനം കൂടിയുണ്ട്. ഫലത്തില്‍ 70 ശതമാനത്തോളം വരും. പുതിയ ഘടനയോടെ ആകെ വരുമാനത്തിന്റെ 20 ശതമാനം സംസ്ഥാനത്തിന് കുറയും. കേരളത്തിലെ പദ്ധതികള്‍ നിലക്കും. എല്ലാ മേഖലയെയും ബാധിക്കും. സംസ്ഥാനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.
ജി എസ് ടി കുറയുന്നത് സാധാരണക്കാര്‍ക്ക് നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, നേരത്തേ നികുതി കുറച്ചപ്പോള്‍ അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിച്ചില്ലെന്നും കമ്പനികള്‍ അതിനനുസൃതമായി വിലകൂട്ടി ലാഭം കൊയ്യുകയാണ് ചെയ്തതെന്നും കേരളം നടത്തിയ പഠനം കണ്ടെത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
ജി ഡി പിയില്‍ കുതിപ്പ്; 7.8% വളര്‍ച്ച
ന്യൂഡല്‍ഹി | രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി ഡി പി) വളര്‍ച്ച അഞ്ച് പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025- 26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ( ഏപ്രില്‍- ജൂണ്‍) ജി ഡി പി 7.8 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി- മാര്‍ച്ച് പാദത്തിലെ വളര്‍ച്ച 7.4 ശതമാനമായിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തിലെ ഒന്ന്, രണ്ട്, മൂന്ന് പാദങ്ങളിലെ വളര്‍ച്ച യഥാക്രമം 6.5, 5.6, 6.4 എന്നിങ്ങനെയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 6.5 ശതമാനം വളര്‍ച്ച മാത്രമേയുണ്ടാകൂവെന്നായിരുന്നു റിസര്‍വ് ബേങ്ക് (ആര്‍ ബി ഐ) ഈ മാസം ആറിന് പുറത്തുവിട്ട പ്രവചനത്തില്‍ പറഞ്ഞിരുന്നത്. സാമ്പത്തിക വിദഗ്ധരും പൊതുവേ ഏഴ് ശതമാനത്തോട് അടുത്തുനില്‍ക്കുന്ന കണക്കുകള്‍ മാത്രമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍, ലോക സമ്പദ്വ്യവസ്ഥ വ്യാപാരയുദ്ധങ്ങളും അനിശ്ചിതത്വങ്ങളും നേരിടുന്ന സാഹചര്യത്തിലും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് നേടിയത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതാണിത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കാര്‍ഷിക മേഖല മാത്രം 3.7 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇത് 1.5 ശതമാനം മാത്രമായിരുന്നു. വ്യാപരം, ഹോട്ടല്‍, ട്രാന്‍സ്പോര്‍ട്ട്, വാര്‍ത്താവിതരണം, സര്‍വീസ് മേഖലയിലെ വളര്‍ച്ച 8.6 ആയി കുതിച്ചുയര്‍ന്നു.
ചില മേഖലയില്‍ വളര്‍ച്ചയില്‍ ഇത്തവണ ഇടിവുണ്ടായിട്ടുണ്ട്. ഖനന മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ 6.6 ശതമാനത്തില്‍ നിന്ന് -3.1 ശതമാനമായി ഇത്തവണ കുറഞ്ഞു.