From the print
ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കും
ഗവര്‍ണര്‍ക്ക് ബില്ലിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീംകോടതി. നിയമസ ഭപാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ലേയെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബഞ്ച് ചോദിച്ചു. ഗവര്‍ണര്‍ക്ക് ഒരു പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്ന് കരുതുക. നടപടികള്‍ പുനഃപരിശോധിക്കാനുള്ള കോടതികളുടെ അധികാരം എടുത്തുകളയുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഗവര്‍ണര്‍ ഉള്‍പ്പൈടെയുള്ള ഉയര്‍ന്ന ഭരണഘടനാ അധികാരികള്‍ ചുമതല നിര്‍വഹിച്ചില്ലെങ്കില്‍ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയുമോയെന്ന് ബഞ്ച് ചോദിച്ചു.
നിയമസഭ ഒരു ബില്ല് പാസ്സാക്കുകയും, ഗവര്‍ണര്‍ അതിന് അനുമതി നല്‍കുകയോ തള്ളുകയോ ചെയ്യാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയാല്‍ ഇടപെടാതെ പിന്നെ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ക്ക് ബില്ലിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും ഇത് കോടതി ചോദ്യം ചെയ്യുകയില്ലെന്നും ബഞ്ച് പറഞ്ഞു. ഒരു തെറ്റുണ്ടെങ്കില്‍ ഒരു പരിഹാരവും ഉണ്ടായിരിക്കണമെന്ന് കോടതിയുടെ ഇടപടെല്‍ ആവശ്യകത ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. ഭരണഘടനാ ചുമതലയിലുള്ള ഒരാള്‍ ഒരു കാരണവുമില്ലാതെ ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടാതിരിക്കണമോയെന്നും ബഞ്ച് ചോദിച്ചു. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം സുപ്രീംകോടതിയില്‍ നിക്ഷിപ്തമാണെങ്കില്‍ അത് കോടതിയില്‍ തന്നെ ചെയ്യണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, പ്രക്രിയക്ക് ഒരു വഴിയുണ്ടായിരിക്കണമെന്ന് ജസ്റ്റിസ് നരസിംഹവും വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു.