articles
ഉടച്ചുവാര്‍ക്കപ്പെടുന്ന ആഗോള വ്യാപാര തന്ത്രങ്ങള്‍
ട്രംപ് ഭരണകൂടം വ്യാപാരത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആഗോള സാമ്പത്തിക രംഗത്ത് പുതിയ മാറ്റങ്ങള്‍ ഉടലെടുക്കുകയാണ്. ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ സാമ്പത്തിക തീരുമാനങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുന്ന ഒരു പുതിയ ലോകക്രമം രൂപംകൊള്ളുകയാണ്. ഇത് ബഹുരാഷ്ട്ര വ്യാപാര സംവിധാനങ്ങളുടെ പ്രസക്തി കുറക്കുകയും, പകരം ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു.

ഈ വര്‍ഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒപ്പുവെച്ച സാമ്പത്തിക, വ്യാപാര കരാര്‍ (കോംപ്രിഹെന്‍സീവ് ഇക്കോണമിക് ആന്‍ഡ് ട്രേഡ് അഗ്രീമെന്റ്- സി ഇ ടി എ) ഒരു സാധാരണ ഉടമ്പടിയായി കാണാനാകില്ല. ആഗോള വ്യാപാരത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ സൂചനയാണത്. ഒരു കാലത്ത് ആഗോള വ്യാപാരത്തെ നയിച്ചിരുന്ന ഡേവിഡ് റിക്കാര്‍ഡോയുടെ “കംപാരറ്റീവ് അഡ്വാന്റേജ്’ എന്ന സിദ്ധാന്തത്തിന് പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു സാധനം നിര്‍മിച്ച് ആഗോള വിപണിയില്‍ എത്തിക്കാന്‍ കഴിയുന്ന ഒരു രാജ്യം സാമ്പത്തികമായി മുന്നേറും എന്നതായിരുന്നു ഈ സിദ്ധാന്തത്തിന്റെ കാതല്‍. അക്കാലത്ത് വ്യാപാരം ഊന്നല്‍ നല്‍കിയിരുന്നത് സാമ്പത്തികപരമായ കാര്യക്ഷമതയില്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.
എന്നാല്‍, ട്രംപ് ഭരണകൂടം വ്യാപാരത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആഗോള സാമ്പത്തിക രംഗത്ത് പുതിയ മാറ്റങ്ങള്‍ ഉടലെടുക്കുകയാണ്. ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ സാമ്പത്തിക തീരുമാനങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുന്ന ഒരു പുതിയ ലോകക്രമം രൂപംകൊള്ളുകയാണ്. ഇത് ബഹുരാഷ്ട്ര വ്യാപാര സംവിധാനങ്ങളുടെ പ്രസക്തി കുറക്കുകയും, പകരം ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് (ബൈലാറ്ററല്‍ ഫ്രീ ട്രേഡ് അഗ്രീമെന്റ്‌സ്) മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. എല്ലാ രാജ്യങ്ങള്‍ക്കും പൊതുവായ വ്യാപാര നിയമങ്ങള്‍ ഉറപ്പാക്കാന്‍ ബഹുരാഷ്ട്ര കരാറുകള്‍ ശ്രമിക്കുമ്പോള്‍, ഉഭയകക്ഷി കരാറുകള്‍ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ കാര്യക്ഷമമായ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.
ഈ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളൊക്കെയും ആഗോള വ്യാപാരത്തെയും സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥക്ക് ഭീമമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ലോക വ്യാപാരത്തില്‍ മൂന്ന് ട്രില്യണ്‍ ഡോളര്‍ മുതല്‍ 12 ട്രില്യണ്‍ ഡോളര്‍ വരെ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കയെപ്പോലുള്ള വലിയ സമ്പദ് വ്യവസ്ഥകള്‍ക്ക് ഈ ആഘാതത്തെ ഒരു പരിധി വരെ അതിജീവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഇന്ത്യയെയും ഇന്തോനേഷ്യയെയും പോലുള്ള വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്ക് വലിയ തടസ്സങ്ങളുണ്ടാക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്.
ആഗോള വ്യാപാര രംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത സാമ്പത്തിക നയങ്ങള്‍ക്കപ്പുറം, പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക തന്ത്രങ്ങളും ഈ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് “ഫ്രണ്ട്ഷോറിംഗ്’, “നിയര്‍ഷോറിംഗ്’, “ഡീ-റിസ്‌കിംഗ്’ തുടങ്ങിയ പുതിയ പദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇത് കേവലം സാമ്പത്തികപരമായ പ്രവണതകള്‍ മാത്രമല്ല, രാജ്യങ്ങള്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോളതലത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുതിയ നയതന്ത്രങ്ങളുടെ ഭാഗം കൂടിയാണ്. സമാന രാഷ്ട്രീയ നിലപാടുകളും മൂല്യങ്ങളുമുള്ള സൗഹൃദ രാജ്യങ്ങളിലേക്ക് ഉത്പാദന ശൃംഖലകള്‍ മാറ്റുന്ന തന്ത്രമാണ് ഫ്രണ്ട്ഷോറിംഗ്. ഇവിടെ ഉത്പാദനച്ചെലവിനേക്കാള്‍ വിശ്വാസത്തിനും സുരക്ഷക്കുമാണ് പ്രാധാന്യം. ഉദാഹരണത്തിന്, യു എസ് കമ്പനികള്‍ ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്കും മറ്റും ഉത്പാദനം മാറ്റുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. അതേസമയം, ഉത്പാദനം ഭൂമിശാസ്ത്രപരമായി അടുത്ത രാജ്യങ്ങളിലേക്ക് മാറ്റുന്ന രീതിയാണ് നിയര്‍ഷോറിംഗ്.
ഒറ്റ രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കാതെ, വിതരണ ശൃംഖലയെ വൈവിധ്യവത്കരിച്ച് വ്യാപാരപരമായ അപകടസാധ്യത കുറക്കുന്ന തന്ത്രമാണ് ഡീ-റിസ്‌കിംഗ്. വ്യാപാരം ഒരു സ്വതന്ത്ര സാമ്പത്തിക പ്രവര്‍ത്തനമല്ലാതായി മാറിയെന്നും, ഓരോ ഭരണകൂടവും തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന ഒന്നാണതെന്നുമാണ് ഈ മാറ്റങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
പുതിയ വ്യാപാര മാതൃകകള്‍ക്കനുസരിച്ച് ഇന്ത്യയും തങ്ങളുടെ തന്ത്രങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തന്ത്രപ്രധാന രാജ്യങ്ങളുമായി ദ്വിരാഷ്ട്ര വ്യാപാരക്കരാറുകളില്‍ ഒപ്പുവെച്ചത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. യു എ ഇ (2022), ആസ്ത്രേലിയ (2022), മൗറീഷ്യസ് (2021) എന്നീ രാജ്യങ്ങളുമായും, ഈ വര്‍ഷം യൂറോപ്യന്‍ ഫ്രീ ട്രേഡ് അസ്സോസിയേഷന്‍ (ഇ എഫ് ടി എ) രാജ്യങ്ങളുമായും ഒപ്പുവെച്ച കരാറുകള്‍ ഈ പുതിയ നയത്തിന്റെ ഭാഗമാണ്. എന്നാല്‍, അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ താത്കാലികമായി നിലച്ച അവസ്ഥയിലാണ്. കാര്‍ഷിക, ക്ഷീര മേഖലകളിലേക്കുള്ള വിപണി പ്രവേശനത്തിന് അമേരിക്ക ആവശ്യപ്പെട്ട ഇളവുകളാണ് ഇതിന് കാരണം.
ഇന്ത്യയിലെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ് ഈ വിഷയത്തില്‍ തടസ്സമായി മാറിയത്. ആഗോള വ്യാപാരം കേവലം സാമ്പത്തികമല്ല, മറിച്ച് ഓരോ രാജ്യത്തിന്റെയും ആഭ്യന്തര രാഷ്ട്രീയത്തെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നതിനെ ഇത് അടിവരയിടുന്നു.
പുതിയ ആഗോള സാഹചര്യങ്ങളില്‍, പഴയതിനേക്കാള്‍ വേഗമേറിയതും കാര്യക്ഷമവുമായ പുതിയ വ്യാപാര പാതകളും രൂപം കൊള്ളുന്നുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബി ആര്‍ ഐ) ഒരു ബദലെന്ന നിലയില്‍ പലരും കാണുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കോണമിക് കൊറിഡോര്‍ (ഐ എം ഇ സി) അതില്‍ പ്രധാനമാണ്. 2023ലെ ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഈ പദ്ധതി, ഇന്ത്യയെയും യൂറോപിനെയും പശ്ചിമേഷ്യ വഴി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഒന്നാണ്. ഈ ഇടനാഴി യാഥാര്‍ഥ്യമായാല്‍, ചരക്കുഗതാഗതത്തിന്റെ സമയവും ചെലവും 30 ശതമാനം മുതല്‍ 40 ശതമാനം വരെ കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നല്‍കും. എന്നാല്‍, പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും പദ്ധതിയില്‍ പങ്കാളികളായ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതയിലെ അവ്യക്തതയും ഈ പാതയുടെ പുരോഗതിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മറ്റൊരു നിര്‍ണായക വ്യാപാര പാതയാണ് ഇന്റര്‍നാഷനല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കൊറിഡോര്‍ (ഐ എന്‍ എസ് ടി സി). ഇന്ത്യ, ഇറാന്‍, റഷ്യ, മധ്യേഷ്യ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ബഹുമുഖ ഗതാഗത ശൃംഖലയാണിത്. ഇത് സൂയസ് കനാലിനെ ആശ്രയിച്ചുള്ള പഴയ വഴികളേക്കാള്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഒരു ബദല്‍ മാര്‍ഗമാണ്. കൂടാതെ, വിവിധ ഉപരോധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും റഷ്യയുമായി തടസ്സങ്ങളില്ലാതെ വ്യാപാരം നടത്താന്‍ ഐ എന്‍ എസ് ടി സി ഇന്ത്യയെ സഹായിക്കുന്നു. ഐ എം ഇ സിയില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനുമാണ് പ്രധാന പങ്കാളികളെങ്കില്‍, ഐ എന്‍ എസ് ടി സിയില്‍ റഷ്യയും ഇറാനുമാണ് നിര്‍ണായക ശക്തികള്‍. ഭൗമരാഷ്ട്രീയമായി പലപ്പോഴും എതിര്‍ചേരിയിലുള്ള ഈ രാജ്യങ്ങളുമായി ഒരേസമയം തന്ത്രപരമായ കൂട്ടുകെട്ടുകള്‍ സ്ഥാപിക്കുന്നതിലൂടെ, ഒരു പക്ഷത്തും ചേരാതെ എല്ലാ വ്യാപാര സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള അതിസൂക്ഷ്മമായ തന്ത്രമാണ് ഇന്ത്യ മെനയുന്നത്. പുതിയ ലോകക്രമത്തില്‍ ഒറ്റപ്പെടാതെ, സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നയതന്ത്രജ്ഞതയാണ് ഈ നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്.
ഈ വന്‍കിട ഇടനാഴികള്‍ വിജയകരമാകണമെങ്കില്‍, ഇന്ത്യയുടെ ആഭ്യന്തര മത്സരശേഷി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര തലത്തില്‍ എത്ര ശക്തമായ തന്ത്രങ്ങള്‍ മെനഞ്ഞാലും, ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങളിലെയും കാര്യക്ഷമതയിലെയും പോരായ്മകള്‍ ഈ സ്വപ്‌നങ്ങള്‍ക്ക് തടസ്സമായി മാറാം. ഉദാഹരണത്തിന്, ജപ്പാനിലേക്ക് ഇന്ത്യയുടെ തുണിത്തരങ്ങള്‍ക്ക് ഇറക്കുമതി തീരുവകളില്ല. എന്നിട്ടും, ആ വിപണിയിലെ നമ്മുടെ വിഹിതം ഒരു ശതമാനം പോലും കടന്നിട്ടില്ല. എന്തുകൊണ്ട്? കേവലം തീരുവകള്‍ മാത്രം ഇല്ലാതാക്കിയതുകൊണ്ട് ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ പിടിച്ചുനില്‍ക്കാനാകില്ല. 2024ലെ ലോക മത്സരശേഷി റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 39 ആണ്. സാമ്പത്തിക പ്രകടനം, ബിസിനസ്സിന്റെ കാര്യക്ഷമത, അടിസ്ഥാന സൗകര്യം തുടങ്ങിയ നിര്‍ണായക മേഖലകളിലും ഇന്ത്യ പിന്നിലാണ്. ഈ കുറവുകളൊക്കെയും ഇന്ത്യയുടെ ബാഹ്യ വ്യാപാരതന്ത്രങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഐ എം ഇ സി, ഐ എന്‍ എസ് ടി സി പോലുള്ള ഇടനാഴികള്‍ക്ക് ആവശ്യമായ വേഗതയും കാര്യക്ഷമതയും നല്‍കാന്‍ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ നിലവില്‍ തടസ്സമാണ്. മറ്റ് രാജ്യങ്ങളിലെ ഗതാഗതം വേഗത്തിലാക്കിയാലും, ഇന്ത്യയിലെ തുറമുഖങ്ങളിലെയും റോഡ്-റെയില്‍ ശൃംഖലകളിലെയും കാലതാമസം ഈ ഇടനാഴികളുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കും. ബിസിനസ്സ് കാര്യക്ഷമതയിലെ കുറവ് ഉത്പാദനച്ചെലവ് കൂട്ടുകയും ഉത്പന്നങ്ങളുടെ നിലവാരം കുറക്കുകയും ചെയ്യും. ജപ്പാന്റെ വിപണിയില്‍ ഇന്ത്യ പിന്നോട്ട് പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇത്തരം ആഭ്യന്തര വെല്ലുവിളികള്‍ പരിഹരിക്കാതെ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകില്ല.
അന്താരാഷ്ട്ര വ്യാപാരത്തിന്റെ പുത്തന്‍ ഭൗമരാഷ്ട്രീയ സമവാക്യങ്ങളില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ നിര്‍ണായകമാണ്. പുതിയ സഖ്യങ്ങള്‍ സ്ഥാപിച്ചും വ്യാപാര ഇടനാഴികള്‍ തുറന്നും ആഗോള വ്യാപാര ഭൂപടത്തില്‍ തങ്ങളുടെ ഇടം ഉറപ്പിക്കാന്‍ രാജ്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ ബാഹ്യമായ നീക്കങ്ങള്‍ മാത്രം മതിയാകില്ല. കയറ്റുമതിയില്‍ ആധിപത്യം ഉറപ്പിക്കണമെങ്കില്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ഉത്പാദനച്ചെലവ് കുറക്കുകയും വേണം. ആഭ്യന്തര ഉത്പാദനരംഗത്ത് കാര്യക്ഷമത വര്‍ധിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, ഇന്ത്യയുടെ വ്യാപാര സ്വപ്‌നങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ രണ്ട് തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് കൊണ്ടുപോയാല്‍ മാത്രമേ ആഗോള വിപണിയില്‍ ഇന്ത്യക്ക് മത്സരക്ഷമത കൈവരിക്കാന്‍ കഴിയൂ.