From the print
ആഗോള ഫത്്വാ സമ്മേളനം: അബ്ദുല്ല സഖാഫി മലയമ്മ ഇന്ത്യയെ പ്രതിനിധാനം ചെയ്യും
ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മർകസ് കോളജ് ഓഫ് ഇസ്്ലാമിക് തിയോളജി മേധാവിയും അറബ് മാധ്യമങ്ങളിലെ കോളമിസ്റ്റുമായ അബ്ദുല്ല സഖാഫി സമ്മേളനത്തിൽ സംബന്ധിക്കുന്നത്

കോഴിക്കോട് | ഈജിപ്ത് പ്രസിഡന്റ്അബ്ദുൽ അസ്സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ആഗോള ഫത്്വാ സമ്മേളനത്തിൽ അബ്ദുല്ല സഖാഫി മലയമ്മ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മർകസ് കോളജ് ഓഫ് ഇസ്്ലാമിക് തിയോളജി മേധാവിയും അറബ് മാധ്യമങ്ങളിലെ കോളമിസ്റ്റുമായ അബ്ദുല്ല സഖാഫി സമ്മേളനത്തിൽ സംബന്ധിക്കുന്നത്. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ മുഫ്തിയുടെ ധർമം’ പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും യൂനിവേഴ്സിറ്റി തലവന്മാരും പണ്ഡിതരും ഗവേഷകരും പങ്കെടുക്കും.
ഫത്്വാ അതോറിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി.
“ആധുനിക മുഫ്തിയുടെ മാതൃക’ വിഷയത്തിൽ നാളെ വൈകിട്ട് നടക്കുന്ന ചർച്ചയിൽ അബ്ദുല്ല സഖാഫി മോഡറേറ്ററാകും. ഈജിപ്ത് മതകാര്യ മന്ത്രി ഡോ. ഉസാമ അൽ അസ്ഹരി, ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദ്, ശൈഖുൽ അസ്ഹർ, ഡോ. അഹ്്മദ് ത്വയ്യിബിന്റെ പ്രതിധിനി ഡോ. മുഹമ്മദ് ളുവൈനി, അൾജീരിയൻ മതകാര്യ മന്ത്രി യൂസുഫ് ബെൽമെഹ്ദി, ഫലസ്തീൻ ചീഫ് ജഡ്ജ് മഹ്്മൂദ് അൽ ഹബാഷ്, തുണീഷ്യൻ ഗ്രാൻഡ് മുഫ്തി ഹിശാം മഹ്്മൂദ്, ജോർദാൻ മുഫ്തി അഹ്്മദ് അൽ ഹസനാത്, മലേഷ്യൻ മുഫ്തി ഫവാസ് അഹ്്മദ് ഫാളിൽ വിഷയമവതരിപ്പിക്കും.