Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയേയും മുരാരി ബാബുവിനെയും ഇന്നു കോടതിയില്‍ ഹാജരാക്കും

14 ദിവസമായി പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു സുപ്രധാന തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇന്നു കോടതിയില്‍ ഹാജരാക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്നു കഴിയും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള പോറ്റിയെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

14 ദിവസമായി പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു സുപ്രധാന തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇന്നു കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം, ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. എസ് ഐ ടി കസ്റ്റഡി അപേക്ഷ നല്‍കും.

ദ്വാരപാലക പാളികളിലെ സ്വര്‍ണക്കൊള്ളക്ക് പുറമെ കട്ടിള പാളികളിലെ സ്വര്‍ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ് ഐ ടി ഇന്ന് കോടതിയില്‍ നല്‍കിയേക്കും. മുരാരി ബാബുവിനെ രണ്ട് കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വര്‍ണപാളികള്‍ ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയില്‍ ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന് തത്തുല്യമായ സ്വര്‍ണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ് ഐ ടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും എസ് ഐ ടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് എസ് ഐ ടി ആവശ്യം.

ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി സാവകാശം നല്‍കാന്‍ ആകില്ലെന്നും എസ് ഐ ടി മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest