Connect with us

Kerala

ആഗോള അയ്യപ്പ സംഗമം നടത്താം; ഉപാധികളുമായി ഹൈക്കോടതി

സുതാര്യമായ സാമ്പത്തിക കണക്കുകൾ ദേവസ്വം സൂക്ഷിക്കണം

Published

|

Last Updated

കൊച്ചി | കർശനമായ ഉപാധികളോടെ ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാറിന് അനുമതി നൽകി ഹൈക്കോടതി. സംഗമം ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്ന് ഹരജി പരിഗണിച്ച ദേവസ്വം ബഞ്ച് നിർദേശിച്ചു. സംഗമത്തിനെത്തുന്ന പ്രതിനിധികൾക്ക് ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് നൽകുന്നതിനെക്കാൾ പരിരക്ഷ നൽകരുത്. സുതാര്യമായ സാമ്പത്തിക കണക്കുകൾ ദേവസ്വം സൂക്ഷിക്കണമെന്നും ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്നും അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു.  ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് ചോദ്യമുയർത്തിയത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജിക്കാർ കോടതിയെ സമീപിച്ചത്. അയ്യപ്പൻ്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും  വ്യക്തമാക്കിയതോടെ കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സര്‍ക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ട് വന്നാണ് കേസുകളില്‍ വാദം നടത്തുന്നത്.

Latest