Articles
സൗമ്യന്‍, സഹൃദയന്‍
പാണക്കാട് കുടുംബം ചരിത്രപരമായി തന്നെ നിലനിര്‍ത്തി വരുന്ന സാമൂഹിക മുന്നേറ്റ ശ്രമങ്ങള്‍ക്കും വിവിധ സമുദായങ്ങള്‍ക്കിടയില്‍ രഞ്ജിപ്പ് സജീവമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സമുദായത്തിന്റെ പൊതുവായ പുരോഗതിയില്‍ എപ്പോഴും ശ്രദ്ധയുള്ള, മതമൈത്രി നിലനിര്‍ത്തുന്നതില്‍ കരുതലുള്ള നേതാവായിരുന്നു തങ്ങള്‍.

ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് കേരളത്തിലെ മുസ്ലിം സമൂഹത്തിന് വലിയ വേദനയുണ്ടാക്കുന്ന ഒന്നാണ്. അര നൂറ്റാണ്ടിലധികം കാലം മത, രാഷ്ട്രീയ, സാമൂഹിക രംഗത്ത് സജീവ സാന്നിധ്യം രേഖപ്പെടുത്തിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങുന്നത്. മിതഭാഷിയും സൗമ്യനും എല്ലാവരോടും സൗഹൃദ നിലപാടുകള്‍ എടുക്കുകയും ചെയ്തിരുന്ന തങ്ങള്‍, അനേകം മഹല്ലുകളുടെ ഖാസിയായും നിരവധി സ്ഥാപന സമുച്ചയങ്ങളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.
തങ്ങളുമായുള്ള എന്റെ ബന്ധം എഴുപതുകളുടെ ആദ്യത്തില്‍ തുടങ്ങിയിട്ടുണ്ട്. 1973ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി ഘടകമായി സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ് എസ് എഫ്) രൂപവത്കരിച്ചപ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിന്ന് സമുദായത്തിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള തങ്ങളുടെ മനസ്സ് ആ പദവി ഏറ്റെടുക്കുന്നതില്‍ തന്നെ ഉണ്ടായിരുന്നു. വളരെ കാര്യക്ഷമമായി എസ് എസ് എഫിന്റെ ആരംഭകാല പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 1975ല്‍ ഇ കെ ഹസന്‍ മുസ്ലിയാര്‍ പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായി എസ് വൈ എസിന്റെ പ്രവര്‍ത്തനം സജീവമായ കാലത്ത്, എസ് എസ് എഫ് പ്രവര്‍ത്തനം ക്രിയാത്മകമാക്കുന്നതിനായി നടന്ന പല മീറ്റിംഗുകളിലും തങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
പിന്നീട് മുസ്ലിം ലീഗിന്റെ പ്രവര്‍ത്തന രംഗത്ത് സജീവമായി അദ്ദേഹം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന് ശേഷം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അവരോധിതനായ തങ്ങള്‍, സമുദായത്തിന്റെ പൊതുവായ പുരോഗതിയില്‍ എപ്പോഴും ശ്രദ്ധയുള്ള, മതമൈത്രി നിലനിര്‍ത്തുന്നതില്‍ കരുതലുള്ള നേതാവായിരുന്നു. സമുദായം നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ വരുമ്പോള്‍, പരസ്പരം ചര്‍ച്ചകള്‍ നടത്തി കൂട്ടായ പരിഹാര ശ്രമങ്ങള്‍ നടത്തുമായിരുന്നു.
പാണക്കാട് കുടുംബം ചരിത്രപരമായി തന്നെ നിലനിര്‍ത്തി വരുന്ന സാമൂഹിക മുന്നേറ്റ ശ്രമങ്ങള്‍ക്കും വിവിധ സമുദായങ്ങള്‍ക്കിടയില്‍ രഞ്ജിപ്പ് സജീവമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹൈദരലി ശിഹാബ് തങ്ങള്‍ സജീവമായി നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങളുമായിട്ടും അടുത്ത ബന്ധമായിരുന്നു ജീവിത കാലത്ത് ഉണ്ടായിരുന്നത്. സ്വന്തത്തേക്കാള്‍ അപ്പുറം സമൂഹത്തെക്കുറിച്ചുള്ള കരുതലുകള്‍ക്ക് വേണ്ടി സമയം കണ്ടെത്താനും അധ്വാനിക്കാനുമൊക്കെ അവര്‍ക്കായത് അഹ്ലു ബൈത്തിന്റെ വിശുദ്ധ കണ്ണിയിലൂടെ പിറവികൊള്ളാനുള്ള നിയോഗം ഉണ്ടായതിനാലാകുമെന്നത് തീര്‍ച്ചയാണ്. അവരുടെ പിതാവ് പി എം എസ് എ പൂക്കോയ തങ്ങളും അവരുടെ പിതാവുമൊക്കെ ആ തലത്തില്‍ നേതൃപരമായി പ്രവര്‍ത്തിച്ചവരായിരുന്നല്ലോ.
സി എ എ വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ ആശങ്ക രേഖപ്പെടുത്തി, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എറണാകുളത്തും കോഴിക്കോട്ടും നടന്ന മഹാ സമ്മേളനങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തത് ഓര്‍ത്തുപോകുന്നു.
ഈ രാജ്യത്തെ ഓരോ പൗരനും അനിവാര്യമായും ലഭ്യമാക്കേണ്ട, സ്വതന്ത്രമായും ഭയാശങ്കകള്‍ ഇല്ലാതെയും ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശം മുസ്ലിംകള്‍ക്ക് മാത്രമായി ഇല്ലാതാക്കപ്പെടുന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണ് എന്നും, ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അതിനെ പ്രതിരോധിക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു.
പല ചടങ്ങുകളിലും തങ്ങളുമായി സന്ധിക്കാറുണ്ട്. വിശദമായി സംസാരിക്കാറുണ്ട്. രോഗം ബാധിച്ച്, കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു. അതിനു ശേഷവും ടെലിഫോണില്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. തങ്ങളുടെ കുടുംബങ്ങളുടെയും സമുദായത്തിന്റെ തന്നെയും ഈ വേദനയില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാകാനായി പ്രാര്‍ഥിക്കുന്നു.