Connect with us

From the print

ഗസ്സ: സമാധാന ഉച്ചകോടി ഇന്ന്; രണ്ടാം ഘട്ടത്തിലേക്ക്

ബന്ദികളെ ഇന്ന് കൈമാറും

Published

|

Last Updated

കൈറോ/ ജറൂസലം | ഗസ്സയിൽ വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ബന്ദിമോചനവും ഫലസ്തീൻ തടവുകാരുടെ കൈമാറ്റവും ഇന്ന് നടക്കും. ഇന്ന് ഈജിപ്തിലെ ശറം അൽ ശൈഖിൽ നടക്കുന്ന ഗസ്സ ഉച്ചകോടിയിൽ യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുക്കും.

ഹമാസ് ബന്ദികളാക്കിയവരിൽ ജീവിച്ചിരിക്കുന്ന 20 പേരെ റെഡ് ക്രോസ്സ് അധികൃതർക്ക് ഇന്ന് രാവിലെ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പകരം ഇസ്‌റാഈൽ ജയിലുകളിൽ കഴിയുന്ന രണ്ടായിരത്തോളം ഫലസ്തീൻകാരെ മോചിപ്പിക്കും. ഇസ്‌റാഈൽ സന്ദർശിക്കുന്ന ട്രംപ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇസ്‌റാഈൽ പാർലിമെന്റായ നെസ്സറ്റിൽ സംസാരിക്കും.

ഗസ്സ സമാധാന പദ്ധതി ചർച്ച ചെയ്യുന്നതിനായി ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ ട്രംപിനൊപ്പം ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, തുർക്കിയ പ്രസിഡന്റ്റജബ് ത്വയ്യിബ് ഉർദുഗാൻ ഉൾപ്പെടെ 20ലധികം രാജ്യങ്ങളുടെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിക്കെത്തും.

ഒന്നാംഘട്ട കരാറിലെ വ്യവസ്ഥകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ രണ്ടാംഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഗസ്സ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയേക്കും. ഹമാസ്- ഇസ്‌റാഈൽ വെടിനിർത്തൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്ന ചടങ്ങ് ഇന്ന് ഈജിപ്തിൽ നടക്കും. ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതിയുടെ ഭാഗമായി ഇസ്‌റാഈൽ- ഹമാസ് ചർച്ചക്കു ശേഷം വ്യാഴാഴ്ചയാണ് ഒന്നാംഘട്ട കരാറിന് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ ഇസ്‌റാഈൽ ക്യാബിനറ്റിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു.
ട്രക്കുകൾ എത്തും

അവശ്യവസ്തുക്കളുമായി നാനൂറ് ട്രക്കുകൾ ഇന്ന് തെക്കൻ ഗസ്സയിൽ എത്തും. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ ഇന്ധനം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ട്രക്കുകളിലുള്ളത്. നിരവധി ട്രക്കുകളാണ് ഈജിപ്ത് അതിർത്തിയിൽ അനുമതി കാത്ത് കിടക്കുന്നത്.
117 മൃതദേഹം കണ്ടെടുത്തു
ഇസ്‌റാഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 117 ഫലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ഇതോടെ രണ്ട് വർഷമായി നടന്ന ഇസ്‌റാഈൽ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 67,806 ആയി. 1.70 ലക്ഷത്തിലേറെ പേർക്കാണ് പരുക്കേറ്റത്.

Latest