National
ഗസ്സ സമാധാന പദ്ധതി: ട്രംപിന് പിന്നാലെ നെതന്യാഹുവിനെയും അഭിനന്ദിച്ച് മോദി
ഗസ്സയിലെ വെടിനിർത്തൽ, ബന്ദി മോചന കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സുരക്ഷാ കാബിനറ്റ് യോഗം നിർത്തിവെച്ചാണ് നെതന്യാഹു മോദിയുമായി ഫോണിൽ സംസാരിച്ചത്

ന്യൂഡൽഹി | യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഗസ്സ സമാധാന പദ്ധതിയുടെ പുരോഗതിയിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ട്രംപിനെ അഭിനന്ദിച്ചതിന് തൊട്ടുപിന്നാലെയാണ് മോദി നെതന്യാഹുവുമായും സംസാരിച്ചത്.
“എൻ്റെ സുഹൃത്ത്, പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് പ്രസിഡൻ്റ് ട്രംപിൻ്റെ ഗസ്സ സമാധാന പദ്ധതിയിൽ കൈവരിച്ച പുരോഗതിയിൽ അഭിനന്ദിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസ്സയിലെ ജനങ്ങൾക്ക് മെച്ചപ്പെടുത്തിയ മാനുഷിക സഹായം നൽകുന്നതിനുമുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഏത് രൂപത്തിലുള്ളതോ ഭാവത്തിലുള്ളതോ ആയ ഭീകരവാദം ലോകത്തെവിടെയും അംഗീകരിക്കാൻ കഴിയില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു” – മോദി എക്സിൽ കുറിച്ചു.
ഇസ്റാഈൽ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) പുറത്തുവിട്ട പ്രസ്താവന പ്രകാരം,
ഗസ്സയിലെ വെടിനിർത്തൽ, ബന്ദി മോചന കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സുരക്ഷാ കാബിനറ്റ് യോഗം നിർത്തിവെച്ചാണ് നെതന്യാഹു മോദിയുമായി ഫോണിൽ സംസാരിച്ചതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തവിട്ട പ്രസ്താവനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്റാഈൽ റിപ്പോർട്ട് ചെയ്തു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിൽ എത്തിയതിൽ പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി നെതന്യാഹുവിനെ അഭിനന്ദിച്ചതായി പ്രസ്താവനയിൽ പറയുന്നു.
നെതന്യാഹു എല്ലായ്പ്പോഴും തൻ്റെ അടുത്ത സുഹൃത്താണെന്നും ഈ സൗഹൃദം ശക്തമായി നിലനിൽക്കുമെന്നും മോദി സൂചിപ്പിച്ചതായി ഇസ്റാഈൽ പ്രസ്താവനയിൽ പറഞ്ഞു. ഇസ്റാഈലിനുള്ള പിന്തുണയ്ക്ക് നെതന്യാഹു അദ്ദേഹത്തോട് നന്ദി പറയുകയും, അടുത്ത സഹകരണം തുടർന്നും നിലനിർത്താൻ ഇരുവരും സമ്മതിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.