International
ഗസ്സ സിറ്റിയിൽ അതിരൂക്ഷ ആക്രമണത്തിന് ഇസ്റാഈൽ നീക്കം; ഉടൻ ഒഴിയണമെന്ന് ഭീഷണി
പത്ത് ലക്ഷത്തോളം പേർ വൻ ദുരന്തത്തിനരികെ

ഗസ്സ | ഫലസ്തീനികളെ പൂർണമായും കൊന്നുതീർക്കാൻ പദ്ധതിയിട്ട് ഇസ്റാഈൽ. ഗസ്സ സിറ്റിയിലെ താമസക്കാരോട് ഉടന്‍ ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറണമെന്ന് ഇസ്റാഈൽ സേന ഭീഷണി മുഴക്കി. ഗസ്സ നഗരം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയാണ് അന്ത്യശാസനം. അല്‍ മവാസിയിലെ ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറണമെന്നാണ് ഇസ്റാഈൽ സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. നിലവിൽ വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ വരും മണിക്കൂറുകളിൽ കരയാക്രമണം ഉൾപ്പെടെ കൂടുതൽ ശക്തമായേക്കുമെന്നാണ് റിപോർട്ടുകൾ.
കടുത്ത ആക്രമണം അപ്രതീക്ഷിതമായിരിക്കുമെന്നാണ് സൂചന. ആക്രമണം മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു അധിനിവേശ സൈനിക വക്താവ് വെളിപ്പെടുത്തി. മാനുഷിക മേഖലയില്‍ ഭക്ഷണം, മരുന്ന്, ടെന്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫീല്‍ഡ് ആശുപത്രികള്‍, ജല പൈപ്പ്‌ലൈനുകള്‍ എന്നിവയുണ്ടെന്നാണ് ഇസ്റാഈൽ സേനയുടെ പ്രസ്താവനയില്‍ അറിയിപ്പുള്ളത്. എന്നാൽ പട്ടിണി മരണം ഇന്നും പലേടത്തും നടന്നു. മിക്കയിടങ്ങളിലും വെള്ളവും ഭക്ഷണവും ലഭിക്കാതെ ഗസ്സക്കാർ ദുരിതത്തിലാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗസ്സ സിറ്റിയിലും പരിസരത്തുമായി പത്ത് ലക്ഷത്തോളം ആളുകളുണ്ട്. പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഇസ്റാഈൽ മുന്നോട്ടുപോയാല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കി. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദമുണ്ടെങ്കിലും പിൻവാങ്ങാൻ ഇസ്റാഈൽ തയ്യാറാകുന്നില്ല.