Connect with us

International

ജി 7 ഉച്ചകോടി; ലോക നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി തുടങ്ങിയവരുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Published

|

Last Updated

അപുലിയ |  ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി പ്രതികരിച്ചു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കും. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിര്‍മിതബുദ്ധി, കായികം തുടങ്ങിയ മേഖലകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങള്‍ തമ്മിലും ധാരണയായി.

യുക്രെയ്ന്‍ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കുന്നതായി സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചെന്നും സെമി കണ്ടക്ടര്‍, സാങ്കേതിക വിദ്യ, വാണിജ്യ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി തുടങ്ങിയവരുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ്. എന്നിവയുടെ ഭരണാധികാരികളും യൂറോപ്യന്‍ യൂണിയന്റെ നേതാക്കളുമാണ് രണ്ടുദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, ബ്രസീല്‍, തുര്‍ക്കി, അള്‍ജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയായിരുന്നു

Latest