Connect with us

Book Review

വിടർന്ന് വിടർന്ന് സമന്വിതനാദത്തിലേക്ക്...

പ്രപഞ്ചത്തിന്റെ ആദിനാദം മുതൽ മനുഷ്യവംശത്തിന്റെ നിലയ്ക്കാത്ത ആദിമമായ ചെറുത്തു നിൽപ്പുകൾ വരെ അടയാളപ്പെടുത്തുന്നു. അങ്ങനെ അക്ഷരം മലയാളത്തിലെ ശ്രദ്ധേയവും അനന്യവുമായ ഒരു കവിതയായി മാറുന്നു. അനേകം പാഠാന്തരങ്ങളിലൂടെ ജീവിക്കാനുള്ള ആത്മബലം കവിത പ്രകടിപ്പിക്കുന്നു.

Published

|

Last Updated

വാക്കിന്റെ പരിമിതിയെ ലംഘിക്കാനുള്ള വാക്കിന്റെ പരിശ്രമമാണ് കവിത എന്ന് കവിതയെ നിർവചിച്ചു കൊണ്ട് ജോൺ ബർജർ പറയുന്നുണ്ട്. ഇത് കവിതക്ക് മാത്രമല്ല മനുഷ്യരുടെ ഭാഷാപരമായ എല്ലാതരം സൗന്ദര്യാത്മക വൃത്തികൾക്കും ബാധകമാണ്. എന്നാൽ, അത്രമേൽ സാന്ദ്രീകരിക്കപ്പെട്ട മാനുഷികാനുഭൂതിയുടെ സൂക്ഷ്മമായ ആവിഷ്കാരം എന്ന നിലയിൽ ബർജറിന്റെ നിരീക്ഷണം ഏറ്റവും നന്നായി യോജിക്കുന്നത് കവിതക്കു തന്നെയായിരിക്കും.

കവിതയെ സംബന്ധിച്ച് അങ്ങേയറ്റം സൗന്ദര്യാത്മകമായ ഒരു നിരീക്ഷണം മാർക്സ് നടത്തുന്നുണ്ട്. കല രഹസ്യമായ ഒരു കുറ്റസമ്മതവും ആ കാലത്തിന്റെ അനശ്വരമായ സഞ്ചാരരേഖയുമാണ് (Art is a secret canfussion. and at the same time immortal movement of it’s time). ഈ വിധം ഏതൊരു കലയിലും വ്യക്തിയും കാലവും പാരസ്പര്യത്തോടെ ചിലപ്പോൾ വൈരുദ്ധ്യാത്മകമായി ഖനീഭവിച്ചു നിൽക്കും. ആ നിലയിൽ കെ ടി സൂപ്പിയുടെ അക്ഷരം എന്ന കവിതയെ വായിച്ചെടുക്കാനുള്ള ഒരു ചെറിയ യത്നമാണ് ഇവിടെ നിർവഹിക്കുന്നത്.
കവിതയുടെ പൂർണരൂപം ഇങ്ങനെ:

അവസാനമായുള്ള
അമ്മേയെന്ന വിളി
വേദനയുടെ കൊടുമുടി.
മഴമേഘങ്ങളെ തൊടുന്ന
നീലമലകളിൽ
ചുവന്ന നടവഴികളെ
ചുംബിച്ചുണർത്തുന്ന
വെയിൽച്ചീളുകളിൽ
ആ വിളി
ചിലപ്പോൾ പൂവാകും
ചിലപ്പോൾ പുഴുവാകും

വിടർന്ന് വിടർന്ന്
ആകാശങ്ങളിലേക്കും
ഇഴഞ്ഞിഴഞ്ഞ്
ഭൂമിയിലേക്കും
ബുദ്ധനോളം വളരും

ഇനിയും തെളിയാത്ത
ദൂരങ്ങളിൽ
പിന്നെയും നീ കാണുന്ന
കറുപ്പിലാണ്
ജീവിതത്തിന്റെ അക്ഷരങ്ങൾ
മരണത്തിന്റെയും.

ഇവിടെ കവിത ദൈവികതയെ, വാക്കിന്റെ അലൗകികമായ ലോകത്തെ, മാതൃത്വത്തിന്റെ മഹനീയ ഭാവത്തെ മനുഷ്യവംശത്തിന്റെ സമരോത്സുകമായ ചെറുത്തുനിൽപ്പുകളെ എല്ലാം സൗന്ദര്യാത്മകമായി അടക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌.
“അവസാനമായ /അമ്മേ എന്ന വിളി / ഭൂമിയുടെ വേദനയുടെ / കൊടുമുടി ‘ എന്നാണ് കവിതയുടെ ആരംഭം. അമ്മേ എന്ന വിളി അവസാനത്തേതു മാത്രമല്ല ആദ്യത്തേതും കൂടിയാണ്. അത് കവി പറയേണ്ടതില്ല. കവി പറയാത്തതിലാണ് വായനക്കാർ പലപ്പോഴും കവിതയുടെ പൊരുൾ കണ്ടെത്തുക. ഒന്നിന്റെ തന്നെ വിപരീതം അതിൽ തന്നെ സന്നിഹിതമായിരിക്കും എന്നു പറയാറുണ്ടല്ലോ? അവസാനം എന്നതിൽ ആദ്യം എന്ന അർഥം കൂടി കുടികൊള്ളുന്നുണ്ട്. “ഇനിയീ മനസ്സിൽ കവിതയില്ല’ എന്ന് സുഗതകുമാരി പാടുമ്പോൾ ഇനി കവിതയില്ല എന്നല്ല, ഇനിയും എത്രയോ കവിതകൾ ഉണ്ട് എന്നു തന്നെയാണ്. ഇത് വാക്കിന്റെ ഒരു വിപരീത സാധ്യതയാണ്. ഒരു വാക്കിന്റെ വിപരീതം ആ വാക്കു തന്നെയായി മാറും ചില നേരങ്ങളിൽ. സ്നേഹത്തിന്റെ വിപരീതം ഹിംസ എന്നാണെങ്കിൽ ചില ഘട്ടങ്ങളിൽ ഹിംസ സ്നേഹമായി മാറും. “സ്നേഹം ഇക്കാണുന്നതൊന്നുമല്ല കാട്ടുപന്നിയെ വേട്ടയാടാൻ വേടൻകൂർപ്പിച്ച അമ്പിലെവിടെയോ ആണത്’ ( പനി ) എന്ന് സച്ചിദാനന്ദൻ പറയുമ്പോൾ ഹിംസ സ്നേഹത്തിന്റെ പര്യായമായി മാറുന്നു. ഭാഷയുടെ ഈ വിപരീതധ്വനികൾ നമുക്ക് കവിതയിലേ കാണാൻ കഴിയൂ. സാധാരണ ജീവിതത്തിൽ ഹിംസയുടെ പര്യായമല്ല വിപരീതമാണ് സ്നേഹം. ആ അർഥത്തിൽ ഓരോ കവിതയും നമ്മെ യാഥാർഥ ജീവിതത്തിൽ നിന്നും മോചിപ്പിച്ച് വിമോഹനമായ മറ്റൊരു ജീവിതവുമായി വിളക്കിച്ചേർക്കുന്നുണ്ട്. ആ നിലയിൽ കവിതയുടെ ആദ്യഭാഗം തന്നെയും കവിയുടെ കുമ്പസാരമായി മാറുകയാണ്. അനുഭൂതിയുടെ അനന്യതയിൽ അർഥങ്ങളുടെ ബഹുസ്വരത ആ വരികൾ നിർമിക്കുന്നു.

അവസാനത്തെ അമ്മേ എന്ന വിളി ആദ്യത്തേതു കൂടിയാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. വേദനയുടെ കൊടുമുടിയിൽ നിന്നു തന്നെയാണ് ആദ്യത്തെ അമ്മേ എന്ന വിളിയും പിറക്കുന്നത്. അതുകൊണ്ട് മനുഷ്യ ജീവിതത്തിന് ആദ്യവസാനമുള്ളത് വേദനയാണെന്നു വരുന്നു. അത് അമ്മ കൂടിയാണ്. ഇവിടെ അമ്മ വേദനയുടെ പര്യായമായിത്തീരുന്നു. അത് കവിതയിൽ ദൈവത്തിന്റെ നാമമായും പരിണമിക്കുന്നുണ്ട്. വേദനയാണ് സിദ്ധാർഥനെ ബുദ്ധനാക്കി മാറ്റുന്നത്. മനുഷ്യജീവിതത്തിന്റെ ഈ വേദന സൂപ്പിക്ക് മതമുക്തമായ ഒരു ആദ്ധ്യാത്മിക ചോദനയായി മാറുകയാണ്. പ്രപഞ്ചത്തിന്റെ നാദാനുഭൂതിയായി കവി അത് അനുഭവിക്കുക കൂടി ചെയ്യുന്നു.
അങ്ങനെ വരുമ്പോഴാണ് “മഴ മേഘങ്ങളെ തൊടുന്ന നീലമലകളിൽ ചുവന്ന നടവഴികളെ ചുംബിച്ചുണർത്തുന്ന വെയിൽച്ചീളുകയിൽ ആ വിളി പൂവായും ചിലപ്പോൾ പുഴുവായും മാറുന്നത്. വിടർന്ന് വിടർന്ന് ഭാവിയിലേക്ക് ഉന്മുഖമായി നിൽക്കുന്ന പൂവും ഇഴഞ്ഞിഴഞ്ഞ് വർത്തമാനത്തിന്റെ ഭൂമിയിലേക്ക് പതിയെ എത്തുന്ന പുഴുവും ഇവിടെ സമന്വയിക്കപ്പെടുന്നു. എല്ലാം ഒന്നെന്ന ഒരു അദ്വൈത രസം കവിത നുകരുന്നു. യഥാർഥത്തിൽ പൂവിന്റെ സൗന്ദര്യവും പുഴുവിന്റെ ജുഗുപ്സയും ഒന്നു തന്നെ. ഒന്ന് ആകാശത്തെ നോക്കി, പ്രകാശത്തെ നോക്കി പ്രപഞ്ചത്തിന്റെ നാദം അറിയുന്നു. മറ്റേത് മണ്ണിലിഴഞ്ഞ് ഭൂമിയുടെ ഉപ്പ് രുചിക്കുന്നു. രണ്ടും വേറെയല്ലാത്ത ദ്വൈതമല്ലാത്ത പ്രപഞ്ചത്തിന്റെ നാദലഹരിയിൽ കവി ലയിക്കുന്നു. അതീന്ദ്രിയമെന്നു തോന്നുന്ന ഒരു ഭാവലോകത്തെ വാക്കിലൂടെ തുറക്കുകയാണ് കവി.

ഇത് എല്ലാവർക്കും നിത്യജീവിതത്തിൽ സാധ്യമായിത്തീരുന്നതല്ല. കവിതയിൽ മാത്രം, കവിക്കു മാത്രം സാധ്യമാകുന്ന ഭാഷയുടെ ഒരു സൗന്ദര്യ സാധ്യതയാണത്. നിത്യജീവിതത്തിന്റെ അതിരുകൾക്കുമപ്പുറത്താണ് കവിതയുടെ സഞ്ചാരം. അതുകൊണ്ടുതന്നെയാവാം പ്ലാറ്റോ തന്റെ റിപ്പബ്ലിക്കുകളിൽ നിന്ന് കവിയെ പുറത്താക്കുമെന്നു പറയുന്നത്. അത് നിശ്ചയിക്കപ്പെട്ട ആദ്ധ്യാത്മിക സങ്കൽപ്പത്തെ, വ്യാവഹാരികമായ ബോധത്തെ സ്വത്വത്തെ അതിലംഘിക്കുന്നു. കവിത അങ്ങനെ മനുഷ്യരെ നിത്യജീവിതത്തിന്റെ അധികാര ലോകങ്ങളിൽ നിന്ന് പുറത്തെടുക്കുന്നു. എന്നിട്ട് സാർവലൗകികമായ ഒരു ലോകാനുഭൂതിയിലേക്ക് ഉൾച്ചേർത്തുവെക്കുകയും ചെയ്യുന്നു.
മഴമേഘങ്ങളെ തൊടുന്ന നീലമലകളും ചുവന്ന നടവഴികളെ ചുംബിച്ചുണർത്തുന്ന വെയിൽച്ചീളുകളും മനുഷ്യ മോചനത്തിന്റെ വ്യത്യസ്തങ്ങളായ പഥങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഒന്ന് ധ്യാനത്തിന്റെതാണെങ്കിൽ മറ്റേത് അധ്വാനത്തിന്റെതാണ്. സംസ്കാരത്തിന്റെ നിർമിതി ധ്യാനമാണോ അതോ അധ്വാനമാണോ എന്ന ചോദ്യത്തിൽ കവി ഖണ്ഡിതമായ ഒരു അഭിപ്രായം പറയേണ്ടതില്ല. പക്ഷേ, രണ്ടും സംഗമിക്കുന്ന വിമോചനത്തിന്റെ ഒരു ബിന്ദു അയാൾ കണ്ടെത്തുന്നുണ്ട്.
അതീന്ദ്രിയം എന്നു തോന്നുന്ന ഒരു പ്രാപഞ്ചിക താളത്തിന് കാതോർക്കുന്ന കവി കൂടിയാണ് കെ ടി സൂപ്പി. അത് ബുദ്ധനിലേക്കും ചിലപ്പോൾ നെരൂദയിലേക്കും നീളും. വിവർത്തനം എന്ന കവിതയിൽ ഇങ്ങനെ പറയുന്നു. “നെരൂദയെ വിവർത്തനം ചെയ്യുമ്പോൾ ഭൂമിയുടെ ഉപ്പും കരുതണം’ ഭൂമിയോട്, പ്രകൃതിയോട്, പ്രപഞ്ചത്തോട് ചേർന്നു നിൽക്കുമ്പോൾ അനുഭവിക്കുന്ന ഒന്നാണ് ലാവണ്യമെന്നത് മറ്റാരേക്കാളും നന്നായി അനുഭവിക്കുന്ന കവിയാണ് കെ ടി സൂപ്പി.

ഇനിയും തെളിയാത്ത
ദൂരങ്ങളിൽ
പിന്നെയും നീ കാണുന്ന
കറുപ്പിലാണ്
ജീവിതത്തിന്റെ
അക്ഷരങ്ങൾ
മരണത്തിന്റെയും
എന്ന് അവസാനിക്കുന്ന സന്ദർഭത്തിൽ പൊടുന്നനെ ഒരു രാഷ്ട്രീയ കവിതയായി “അക്ഷരം’ ഉണർന്നെഴുനേൽക്കുന്നു. തെളിയാത്ത കറുപ്പിൽ ലോകത്തിന്റെ ഇരുണ്ട ഒരു മനുഷ്യവംശം മുഴുവനുമുണ്ട്. കറുത്ത ശരീരമുള്ള മനുഷ്യരെക്കുറിച്ചല്ല, അതിനേക്കാൾ കറുത്ത കൽക്കരി പോലെ കറുത്ത മനസ്സുള്ള മനുഷ്യരുടെ ആത്മാഭിമാനത്തെ കുറിച്ച്, അവരുടെ അവസാനിക്കാത്ത ചെറുത്തു നിൽപ്പുകളെക്കുറിച്ച്, നിലയ്ക്കാത്ത നിലവിളികളെക്കുറിച്ച് കവിത പറയുന്നു. നൈജീരിയയിലെ കെൻസാരോവിവ മുതൽ അമേരിക്കയിലെ വർണവെറിയിൽ ശ്വാസം കിട്ടാതെ മരിച്ച ജോർജ് ഫ്ലോയിഡ് വരെ പരക്കുന്നുണ്ട് ഈ കറുപ്പിന്റെ കാളിമ. ചരിത്രത്തോളം നീളുന്നുണ്ട് ഈ കറുപ്പിന്റെ നാൾവഴികൾ.

“കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍ ‘ എന്ന് പൊയ്കയിൽ അപ്പച്ചൻ പറയുന്നതും തെളിയാത്ത ഇരുളടഞ്ഞ ഒരു വിഭാഗം മനുഷ്യവംശത്തെക്കുറിച്ചു തന്നെയാണ്. ആ വാക്കുകളുടെ, ആ ജീവിതത്തിന്റെ രാഷ്ട്രീയ ഊർജവുമായാണ് കെ ടി സൂപ്പിയുടെ ഉത്തരാധുനിക ഭാവുകത്വവും കണ്ണി ചേർക്കപ്പെടുന്നത്.

കവിതയിലെ പ്രകൃതി സങ്കൽപ്പവും അദ്ദേഹത്തിന് വേറെയാണ്. പ്രകൃതിയെക്കുറിച്ച് പാടാത്ത കവികളില്ല. കാവ്യപ്രചോദനത്തിലെ പ്രധാനപ്പെട്ട ഒരിടം പ്രകൃതി തന്നെയാണല്ലോ? ചങ്ങമ്പുഴയും ഇടപ്പള്ളിയും പി കുഞ്ഞിരാമൻ നായരും ജിയും വൈലോപ്പിള്ളിയും സുഗതകുമാരിയും ഒക്കെ പ്രകൃതിയുടെ പാട്ടുകാർ തന്നെ. എന്നാൽ, പുതിയ ഭാവന (അതിനെ ഭാവനാ രാഹിത്യം എന്നു വേണമെങ്കിലും വിളിക്കാം) പഴയ പ്രകൃതി വർണനകളിൽ നിന്നും ഭിന്നമാണ്. പ്രകൃതി വർണനയിൽ നിന്ന് പാരിസ്ഥിതികമായ അവബോധത്തിലേക്കാണ് പുതിയ കവിത ഭാവുകത്വപരമായി സഞ്ചരിച്ചത്. എന്നാൽ, കെ ടി സൂപ്പിയുടെ പ്രകൃതിബോധം / പാരിസ്ഥിതികബോധം ഇതിൽ നിന്നും വ്യത്യസ്തമാണ്. അത് ഒരു തരത്തിലുള്ള മിസ്റ്റിക് ഇക്കോളജിയാണെന്നു പറയാം. ആത്മീയമായ പരിസ്ഥിതി സമീപനമാണത്. ആത്മീയമായ പരിസ്ഥിതി ബോധം പ്രകൃതി പൂജയല്ല. ഭക്തിപരവശനായി പ്രകൃതിക്കു മുമ്പിൽ നിൽക്കലല്ലിത്. മറിച്ച് പ്രകൃതിയുടെ പാരസ്പര്യത്തിന്റെ സംഗീതത്തിൽ ലയിക്കലാണ്. പുഴുവും പൂവും മാനും മയിലും മനുഷ്യനും പുല്ലും പുൽച്ചാടിയും മുയലും എല്ലാം ഉൾച്ചേർന്നു നിൽക്കുന്ന പാരസ്പര്യത്തിന്റെ സമന്വിത സൗന്ദര്യം. പ്രകൃതിയെയും മനുഷ്യരെയും വിരുദ്ധ കോടിയിൽ നിർത്തുന്ന ദ്വന്ദ്വാത്മക ബോധത്തിനെതിരെയുള്ള നിൽപ്പ് കൂടിയാണിത്.
പ്രപഞ്ചത്തിന്റെ അപാരതക്കു മുമ്പിൽ വിസ്മയപ്പെട്ട് നിന്ന കർത്തൃത്ത്വമില്ലാത്ത മനുഷ്യരെയും പ്രപഞ്ച ഗോപുരവാതിൽ തുറന്നെത്തിയ അതികായരായ മനുഷ്യരെയുമാണ് ആധുനികത അവതരിപ്പിച്ചതെങ്കിൽ ഇതിൽ നിന്നും വളരെ വിഭിന്നമായി പ്രകൃതി പുരുഷ സംയോഗത്തിന്റെ തത്ത്വശാസ്ത്രമാണ് നമുക്ക് കെ ടി സൂപ്പിയിൽ കാണാൻ കഴിയുക. ഇത് മലയാള സാഹിത്യത്തിൽ ബഷീറിൽ നാം കണ്ടിട്ടുണ്ട്. ടാഗോറിലും റൂമിയിലും നമുക്കത് കാണാൻ കഴിയും.

“നെരൂദയെ വിവർത്തനം ചെയ്യുമ്പോൾ /കൈയിൽ ഒരു പിടിമണ്ണു കരുതണം’ (വിവർത്തനം) എന്നു പറയുമ്പോൾ നെരൂദയെയും മണ്ണിനെയും ചേർത്തുവെക്കുകയാണ് കവി. ” ഭൂമിയുടെ ആത്മകഥയിൽ / ചെമ്പോത്ത് /ഒരദ്ധ്യായം തന്നെ’ ( ചെമ്പോത്ത്) എന്നിടത്ത് ചെമ്പോത്തിനെ കവി ഭൂമിയുടെ ആത്മാവിൽ ഉൾച്ചേർത്തുന്നു. ” മണ്ണിനെ തൊട്ട് / മനുഷ്യനെ തൊട്ട്/ ഒഴുകിത്തെളിയണം/ പൂക്കളോട് നിറം ചോദിച്ച് / പക്ഷികളോട് സ്വരം ചോദിച്ച് / പറന്ന് പറന്ന് പോകണം’ (ഹബീബ്) എന്നിങ്ങനെ സർവപ്രകൃതി രൂപങ്ങളുടെയും ഒരൊറ്റയൊന്നിന്റെ ഭിന്നഭാവങ്ങളുടെ ആത്മസത്തയായി കെ ടി സൂപ്പി കവിതകളിൽ ആവിഷ്കരിക്കുന്നു. അക്ഷരം എന്ന കവിതയിലുമുണ്ട് ഈ ഉൾച്ചേരലുകൾ. അതുകൊണ്ടാണ് അമ്മയുടെ നിലവിളി മഴമേഘങ്ങളെ തൊടുന്ന നീലമലകളിൽ ചുവന്ന നടവഴികളെ ചുംബിച്ചുണർത്തുന്നത്, വെയിൽച്ചീളുകളിൽ ആ വിളി ചിലപ്പോൾ പൂവാകുന്നത്, മറ്റു ചിലപ്പോൾ പുഴുവാകുന്നത്.
അങ്ങനെ കെ ടി സൂപ്പിയുടെ അക്ഷരം എന്ന കവിത വിടർന്ന് വിടർന്ന് സമന്വിതനാദത്തിലേക്കും ഇഴഞ്ഞിഴഞ്ഞ് സമരോത്സുക ബോധത്തിലേക്കും പല വഴിയിലൂടെ സഞ്ചരിച്ചെത്തുന്നത് നാം കാണുന്നു. പ്രപഞ്ചത്തിന്റെ ആദിനാദം മുതൽ മനുഷ്യവംശത്തിന്റെ നിലയ്ക്കാത്ത ആദിമമായ ചെറുത്തു നിൽപ്പുകൾ വരെ അടയാളപ്പെടുത്തുന്നു. അങ്ങനെ അക്ഷരം മലയാളത്തിലെ ശ്രദ്ധേയവും അനന്യവുമായ ഒരു കവിതയായി മാറുന്നു. അനേകം പാഠാന്തരങ്ങളിലൂടെ ജീവിക്കാനുള്ള ആത്മബലം കവിത പ്രകടിപ്പിക്കുന്നു.