International
വിണ്ണില്‍ നിന്ന് മണ്ണില്‍; വെല്‍കം ബാക്ക് ശുഭാന്‍ഷു
ഇന്ന് വൈകിട്ട് 3.01ഓടെയായിരുന്നു സ്പ്ലാഷ് ഡൗണ്‍. പസഫിക് സമുദ്രത്തില്‍, കാലിഫോര്‍ണിയന്‍ തീരത്തായിരുന്നു സംഘത്തെ വഹിച്ച സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്.

കാലിഫോര്‍ണിയ | ഇന്ത്യന്‍ ജനതയുടെ പ്രാര്‍ഥനകള്‍ സഫലം. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ നിമിഷം. ബഹിരാകാശ നിലയം സന്ദര്‍ശിച്ച് മടങ്ങിയ ശുഭാന്‍ഷു ശുക്ലയും സംഘവും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങി. ഇന്ന് വൈകിട്ട് 3.01ഓടെയായിരുന്നു വിജയകരമായ സ്പ്ലാഷ് ഡൗണ്‍. പസഫിക് സമുദ്രത്തില്‍, കാലിഫോര്‍ണിയന്‍ തീരത്തായിരുന്നു സംഘത്തെ വഹിച്ച സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്. പേടകം ഉയര്‍ത്തിയെടുത്ത് ഒരു പ്ലാറ്റ്‌ഫോമിലേക്ക് ഇറക്കി സംഘാംഗങ്ങളെ പുറത്തിറക്കി ബോട്ടില്‍ കയറ്റിയ ശേഷം തീരത്തെത്തിക്കും. ഏഴ് ദിവസം പ്രത്യേക നിരീക്ഷണത്തിലായിരിക്കും സംഘം. അതിനു ശേഷമാകും ഇവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുക.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (കടട) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാന്‍ഷു ശുക്ലയും സംഘവും ഭൂമിയിലേക്ക് യാത്ര തിരിച്ചത്. സുരക്ഷിതമായ ലാന്‍ഡിംഗോടെ ശുഭാന്‍ഷു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് തിരശ്ശീല വീണു. ശുക്ലയെയും ബഹുരാഷ്ട്ര ആക്‌സിയം മിഷന്‍ 4 ക്രൂവിനെയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം ഇന്നലെ വൈകിട്ട് 4:30 നാണ് ഐ എസ് എസില്‍ നിന്ന് വേര്‍പെട്ടത്. ഇതോടെയാണ് 22 മണിക്കൂര്‍ നീളുന്ന ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത മടക്കയാത്രയ്ക്ക് തുടക്കമായത്. ശുഭാന്‍ശുവിന് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യസംഘത്തിലുണ്ടായിരുന്നത്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സണായിരുന്നു ആക്‌സിയം ദൗത്യത്തിന്റെ കമാന്‍ഡര്‍.
അതിമനോഹരമായിരുന്നു നാലംഗ സംഘത്തെ വഹിച്ചുള്ള പേടകത്തിന്റെ ലാന്‍ഡിംഗ്. ലോകം മുഴുവന്‍ ഇത് വീക്ഷിച്ചു. ദൗത്യം പൂര്‍ത്തിയാക്കിയുള്ള തിരിച്ചുവരവ് ശുഭാന്‍ശുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചുകൊണ്ടാണ് കണ്ടത്. ലക്‌നൗവില്‍ ഇരുന്ന് ദൃശ്യങ്ങള്‍ കണ്ട അവര്‍ മധുരം പങ്കുവച്ച് അഭിമാന നിമിഷം ആഘോഷിച്ചു.
ഏത് ബഹിരാകാശ ദൗത്യത്തിലെയും ഏറ്റവും അപകടകരമായ ഘട്ടമാണ് റീ-എന്‍ട്രി. ഡ്രാഗണ്‍ പേടകം മണിക്കൂറില്‍ 27,000 കിലോമീറ്ററിലധികം വേഗതയില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍, കടുത്ത ഘര്‍ഷണം അനുഭവപ്പെടുകയും അതിന്റെ താപകവചത്തിന് 1,600ത്ഥഇ വരെ താപനില സഹിക്കേണ്ടി വരികയും ചെയ്യും. ഈ ഘട്ടത്തില്‍ മിനുട്ടുകളോളം ക്രൂവിന് ആശയവിനിമയ ബന്ധം നഷ്ടമാകും. ഘര്‍ഷണം കാരണം പേടകത്തില്‍ പ്ലാസ്മ രൂപപ്പെടുന്നത് സിസ്റ്റത്തിനും ഗ്രൗണ്ട് കണ്‍ട്രോളിനും ഇടയില്‍ തടസ്സം സൃഷ്ടിക്കുന്നതിനാലാണ് ഈ ആശയവിനിമയ വിച്ഛേദം ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലൂടെ കടന്നുപോയ ശേഷം, പേടകത്തിന്റെ വേഗത കുറയ്ക്കാന്‍ നിരവധി പാരച്യൂട്ടുകള്‍ വിന്യസിച്ചിരുന്നു. കപ്പലുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തന സംഘങ്ങളും വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘവും സജ്ജീകരിച്ചിരുന്നു. ബഹിരാകാശത്ത് 60-ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കാണ് ശുക്ല നേതൃത്വം നല്‍കിയത്. സസ്യ ജീവശാസ്ത്രം, മെറ്റീരിയല്‍ സയന്‍സ്, നിര്‍മ്മിത ബുദ്ധി എന്നിവയിലെ ഗവേഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് മൈക്രോഗ്രാവിറ്റിയിലെ സസ്യവളര്‍ച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘സ്പ്രൗട്ട്‌സ് പ്രോജക്റ്റ്’ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Lucknow: Group Captain Shubhanshu Shukla’s family rejoices as the Axiom-4 Dragon spacecraft safely returns to Earth.#ShubhanshuShukla | #AxiomMission4 | #Axiom pic.twitter.com/b1EgIIw3su
— All India Radio News (@airnewsalerts) July 15, 2025