Editors Pick
കോര്‍പറേറ്റ് ആശുപത്രികളുടെ മാര്‍ക്കറ്റിങ്; പിടിച്ചുനില്‍ക്കാനാകാതെ കേരളത്തിലെ ചെറുകിട, ഇടത്തരം ആശുപത്രികള്‍
കൊവിഡിന് ശേഷം 600ല്‍ അധികം ചെറുകിട, ഇടത്തരം ആശുപത്രികളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കോര്‍പറേറ്റ് ഹോസ്പിറ്റല്‍ ശൃംഖല ഇവയെ വിഴുങ്ങുന്നതാണ് കാരണം.

പത്തനംതിട്ട | കോര്‍പറേറ്റ് ആശുപത്രികളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ പിടിച്ചുനില്‍ക്കാനാകാതെ കേരളത്തിലെ ഗ്രാമീണ-അര്‍ധനഗര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ആശുപത്രികള്‍. കൊവിഡിന് ശേഷം 600ല്‍ അധികം ചെറുകിട, ഇടത്തരം ആശുപത്രികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഗ്രാമീണ-അര്‍ധനഗര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ആശുപത്രികളെ കോര്‍പറേറ്റ് ഹോസ്പിറ്റല്‍ ശൃംഖല വിഴുങ്ങുന്നതാണ് ഇതിന് കാരണം. മെട്രോ നഗരങ്ങളില്‍ മാത്രം കണ്ടിരുന്ന കോര്‍പറേറ്റ് ആശുപത്രികള്‍ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ പ്രാഥമിക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് സൗകര്യങ്ങള്‍ ഒരുക്കുന്ന നിലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്നതാണ് ഈ രീതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാനും അവരുടെ പ്രധാന ആശുപത്രികളിലേക്കുള്ള റഫറന്‍സുകള്‍ വര്‍ധിപ്പിക്കാനും കഴിയും.
ഗ്രാമങ്ങളില്‍ അടിയന്തര പരിചരണം ലഭ്യമാണെങ്കിലും, സൗകര്യങ്ങള്‍ പരിമിതമാണെന്ന സാഹചര്യമാണ് ഇത്തരം കോര്‍പറേറ്റ് ആശുപത്രികള്‍ ഇതിനായി ഉപയോഗപ്പെടുത്തന്നതെന്നും ചൂണ്ടിക്കാട്ടുന്നു. വന്‍കിട ആശുപത്രികളുടെ ഈ നീക്കം സംസ്ഥാനത്തെ ചെറുകിട, ഇടത്തരം ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കേരള അസോസിയേഷന്‍ ഓഫ് സ്മോള്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് വിലയിരുത്തല്‍ അനുസരിച്ച്, ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനച്ചെലവുകളും വലിയ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന മത്സരവുമാണ് ഈ അടച്ചുപൂട്ടലുകള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍.
പല കോര്‍പറേറ്റ് ഹോസ്പിറ്റല്‍ ശൃംഖലകളും ഇപ്പോള്‍ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. ഇത് ചെറുകിട ആരോഗ്യദാതാക്കള്‍ നേരിടുന്ന വെല്ലുവിളികളെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ അടച്ചുപൂട്ടലുകള്‍ക്ക് പുറമെ, കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഗണ്യമായ ലയന, ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ ഏകീകരണ പ്രവണതയെയാണ് ഈ സംഭവവികാസങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. മെച്ചപ്പെട്ട പരിചരണം രോഗികള്‍ക്ക് പ്രയോജനപ്പെടുമെങ്കിലും ചെറിയ ആശുപത്രികള്‍ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ വൈവിധ്യത്തെയും താങ്ങാനാവാത്ത ചികിത്സാ ചെലവുകളെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു.
കോര്‍പറേറ്റ് ആശുപത്രികള്‍ തങ്ങളുടെ പുതിയ മാര്‍ക്കറ്റിങ് തന്ത്രമാക്കി ഗ്രാമീണ മേഖലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന രീതി വ്യാപകമായിട്ടുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും (കെ പി എച്ച് എ) വ്യക്തമാക്കുന്നു. കൊവിഡിനു ശേഷം, സംസ്ഥാനത്തെ 600 ഓളം ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും അടച്ചുപൂട്ടിയതായി കേരള അസോസിയേഷന്‍ ഓഫ് സ്മോള്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സിന്റെ കണക്കുകളും പറയുന്നു.