Saudi Arabia
അറോയ ക്രൂയിസ്: അറേബ്യന്‍ ഗള്‍ഫ് സീസണ്‍ യാത്രക്കൊരുങ്ങുന്നു
2026 ഫെബ്രുവരി 21 മുതല്‍ മെയ് എട്ട് വരെയാണ് അറേബ്യന്‍ ഗള്‍ഫ് സീസണ്‍.
ദമാം | സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ‘അറോയ ക്രൂയിസ് കപ്പല്‍’ ചെറിയ ഇടവേളക്കു ശേഷം വീണ്ടും യാത്രകള്‍ പുനഃരാരംഭിക്കുന്നു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് സീസണ്‍ എന്നാണ് യാത്രക്ക് നാമകരണം ചെയ്തിരിക്കുന്നത്. 2026 ഫെബ്രുവരി 21 മുതല്‍ മെയ് എട്ട് വരെയാണ് അറേബ്യന്‍ ഗള്‍ഫ് സീസണ്‍. രണ്ട് മുതല്‍ ഏഴ് രാത്രികള്‍ വരെ നീളുന്ന വിശാലമായ യാത്രാ പദ്ധതികളാണ് കപ്പലില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫിലുടനീളമുള്ള ഒന്നിലധികം തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്നതിനാല്‍, വ്യത്യസ്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യാനും ഇറങ്ങാനും കഴിയുമെന്നതാണ് പ്രധാന സവിശേഷത.
സീസണിലെ ആദ്യ യാത്ര 2026 ഫെബ്രുവരി 21 ന് ദുബൈയില്‍ നിന്ന് പുറപ്പെട്ട് ഖസാബ്, മസ്‌കത്ത്, അബൂദബി, ദോഹ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സര്‍ ബാനി യാസ് ദ്വീപില്‍ അവസാനിക്കും. 3,400 പേര്‍ക്ക് സഞ്ചരിക്കാവുന്ന കപ്പലില്‍ 19 ഡെക്കുകളും 1,678 കാബിനുകളും സ്യൂട്ടുകളുമുണ്ട്. 1,018 ഇരിപ്പിടങ്ങളോടെയുള്ള ഒരു തിയേറ്റര്‍, ഷോപ്പിങ്, പ്രാര്‍ഥനയിടങ്ങള്‍, സ്ത്രീകള്‍ക്കുള്ള പ്രത്യേക സ്ഥലങ്ങള്‍, സ്‌പോര്‍ട്‌സ് കോര്‍ട്ട് തുടങ്ങിയ വിപുലമായ വിനോദ-കായിക സൗകര്യങ്ങളുമുണ്ട്. ലോകത്തിലെ ആദ്യത്തെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ ക്രൂയിസ് കൂടിയാണ് അറോയ.
പ്രധാന ഗള്‍ഫ് നഗരങ്ങളെ കൂടുതല്‍ വിദൂര തീരദേശ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഹ്രസ്വ- ദൈര്‍ഘ്യമുള്ള ക്രൂയിസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രാദേശിക, അന്തര്‍ദേശീയ വിപണികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് യാത്രാ പദ്ധതികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ചെങ്കടല്‍, കിഴക്കന്‍ മെഡിറ്ററേനിയന്‍, അറേബ്യന്‍ ഗള്‍ഫ് എന്നീ മേഖലകളെ ഒരൊറ്റ അറേബ്യക്ക് കീഴില്‍ ഏകീകരിക്കുന്ന ആദ്യത്തെ ക്രൂയിസ് ലൈനായി അറോയയെ സ്ഥാനപ്പെടുത്തുമെന്ന് ക്രൂയിസ് സഊദി സി ഇ ഒയും ലാര്‍സ് ക്ലാസെന്‍ പറഞ്ഞു.
സീസണില്‍ ദുബൈ, ദമാം, ദോഹ, അബൂദബി എന്നീ തുറമുഖങ്ങളും ഒമാനിലെ മസ്‌കത്തും ഖസബ്, സര്‍ബാനി യാസ് ദ്വീപ് എന്നിവിടങ്ങളിലെ പ്രകൃതിദൃശ്യങ്ങളും സന്ദര്‍ശിക്കാന്‍ സൗകര്യമുണ്ട്. ക്രൂയിസ് തുറമുഖങ്ങളെ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളുമായി സംയോജിപ്പിക്കുന്ന പരിപാടി, പ്രാദേശിക യാത്രാ പദ്ധതികള്‍ വൈവിധ്യവത്കരിക്കുന്നതിനും വിനോദസഞ്ചാര യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ ഉദ്യമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
സഊദിയിലെ ആദ്യത്തെ സമുദ്ര റെസ്റ്റോറന്റായ ഇര്‍ത്ത്, ആഗോള, പ്രാദേശിക ഭക്ഷണവിഭവങ്ങളുമായി 12 റെസ്റ്റോറന്റുകള്‍, സിഗ്‌നേച്ചര്‍ സീ ഷിഷ അനുഭവം എന്നിവ പാചകത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. സ്പാ, തിയേറ്റര്‍, ഇമ്മേഴ്സീവ് വി ആര്‍ ആകര്‍ഷണങ്ങള്‍, മള്‍ട്ടി-ലെവല്‍ കിഡ്സ് സോണ്‍ എന്നിവയും ഓണ്‍ബോര്‍ഡ് സൗകര്യങ്ങളിലുണ്ട്.



