Connect with us

Kozhikode

മര്‍കസിന്റെ ദേശീയ മികവ്; പൊന്‍തൂവല്‍ സമ്മാനിച്ച് മധ്യപ്രദേശിലെ നൂറാനി സഹോദരന്മാര്‍

ജെ ആര്‍ എഫ് കരസ്ഥമാക്കിയ റസാഉല്‍ മുസ്തഫ നൂറാനി, നിയമ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത സഹോദരന്‍ സനാഉല്‍ മുസ്തഫ നൂറാനി എന്നിവരാണ് മര്‍കസിന്റെ അഭിമാനമായത്.

Published

|

Last Updated

കോഴിക്കോട് | മര്‍കസിന്റെ ദേശീയ മികവില്‍ മറ്റൊരു പൊന്‍തൂവല്‍ സമ്മാനിച്ച് മധ്യപ്രദേശിലെ നൂറാനി സഹോദരന്മാര്‍. റസാഉല്‍ മുസ്തഫ നൂറാനി, സഹോദരന്‍ സനാഉല്‍ മുസ്തഫ നൂറാനി എന്നിവരാണ് മര്‍കസിന്റെ അഭിമാനമായത്. ഇവരില്‍ റസാഉല്‍ ജെ ആര്‍ എഫ് കരസ്ഥമാക്കിയപ്പോള്‍ സനാഉല്‍ നിയമ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തു. മര്‍കസിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സായ മദീനതുന്നൂറിന്റെ മധ്യപ്രദേശ് ഇന്‍ഡോറിലെ കാമ്പസായ തൈ്വബ കോളജിലെ ഏഴ് വര്‍ഷ ബാച്ചിലര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇരുവരും.

ഇന്‍ഡോറിലെ ചെറുകിട കച്ചവടക്കാരനായ ഗുലാം ഹൈദര്‍-സുല്‍താന ബീവി ദമ്പതികളുടെ മക്കളായ റസാഉലും സനാഉലും തീര്‍ത്തും സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. മര്‍കസ് വിദ്യാര്‍ഥികള്‍ യു ജി സി നെറ്റ് പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നത് പതിവുള്ളതാണെങ്കിലും ഇതാദ്യമായാണ് കേരളത്തിന് പുറത്തുള്ള കാമ്പസിലെ വിദ്യാര്‍ഥി ജെ ആര്‍ എഫ് നേടുന്നത്. മര്‍കസ് മുന്നോട്ട് വെച്ച സമന്വയ വിദ്യാഭ്യാസ മാതൃകക്ക് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ നേട്ടം.

തൈ്വബയിലെ ഇസ്‌ലാമിക് സ്റ്റഡീസ് പഠനത്തോടൊപ്പം ഇന്‍ഡോറിലെ ദേവി അഹല്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി കോം ബിരുദം നേടി നിലവില്‍ മൗലാന ആസാദ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ പി ജി ചെയ്യുന്ന റസാഉല്‍ മുസ്തഫ അന്‍സാരി കംപരേറ്റീവ് സ്റ്റഡീസ് ഓഫ് റിലീജ്യനിലാണ് ജെ ആര്‍ എഫ് കരസ്ഥമാക്കിയത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ പ്രത്യേക ശ്രദ്ധയില്‍ ഇന്‍ഡോര്‍ തൈ്വബ ഗാര്‍ഡനിലെ പഠന ജീവിതവും പ്രചോദനവുമാണ് തന്റെ മക്കളുടെ മികച്ച വിജയത്തിന് കാരണമെന്ന് പിതാവ് ഗുലാം ഹൈദര്‍ പറഞ്ഞു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് നടത്തുന്ന ദേശീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വലിയ സന്തേഷം പ്രകടിപ്പിച്ചു.

വിഷ്വല്‍ ആര്‍ട്‌സില്‍ ജെ ആര്‍ എഫ് നേടിയ ഇര്‍ഫാന്‍ നൂറാനിയുടെ നേട്ടവും ശ്രദ്ധേയമാണ്. നോയിഡയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജില്‍ നിന്ന് ഹിസ്റ്ററി ഓഫ് ആര്‍ട്‌സില്‍ പി ജി പൂര്‍ത്തിയാക്കിയ ഇര്‍ഫാന്‍ നൂറാനി പറവന്നൂര്‍ മുഹമ്മദ് ബഷീര്‍-അസ്മ ദമ്പതികളുടെ മകനാണ്. ഇവര്‍ക്ക് പുറമെ ഒമ്പത് വിദ്യാര്‍ഥികള്‍ നെറ്റും അഞ്ചുപേര്‍ പി എച്ച് ഡി അഡ്മിഷനും നേടിയിട്ടുണ്ട്.

ജൂനൈദ് നൂറാനി കണ്ണൂര്‍ (സോഷ്യോളജി), മിഖ്ദാദ് നൂറാനി കുറ്റിപ്പുറം (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), മിന്‍ഹാജ് നൂറാനി പെരിങ്ങത്തൂര്‍ (സോഷ്യല്‍ വര്‍ക്ക്), അംറാസ് നൂറാനി കാസര്‍കോട് (എജ്യുക്കേഷന്‍), ജാബിര്‍ നൂറാനി നരിക്കുനി (മാനേജ്‌മെന്റ് സ്റ്റഡീസ്), ഹാഫിസ് മുഹമ്മദ് മിസ്ദാദ് നൂറാനി അല്‍ ഖാദിരി, സജ്ജാദ് നൂറാനി എറണാകുളം (ഹിസ്റ്ററി), മുആദ് നൂറാനി കണ്ണൂര്‍ (ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്), അബ്ദുല്ല നൂറാനി ബീമാപള്ളി (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍) എന്നിവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (നെറ്റ്) യോഗ്യതയും അഡ്വ. റാഫി നൂറാനി (ലോ), സിറാജ് നൂറാനി കണ്ണൂര്‍ (ഹിസ്റ്ററി), മുബഷിര്‍ നൂറാനി ചെമ്പിലോട് (സോഷ്യോളജി), ഫവാസ് അലി ചങ്ങരംകുളം (ഇംഗ്ലീഷ്), വാജിദ് വാഴക്കാട് (ഫിലോസഫി) എന്നിവര്‍ പി എച്ച് ഡി അഡ്മിഷന്‍ യോഗ്യതയും നേടി.

 

Latest