Connect with us

Kerala

അതിവേഗ റെയില്‍ പാത: 'ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചിട്ടുണ്ടോ?'; എം പിമാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രി

ഹാരിസ് ബീരാന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ ചോദ്യത്തിനാണ് നേരിട്ട് മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ അതിവേഗ റെയില്‍ പാത വിഷയത്തില്‍ ഇ ശ്രീധരനുമായി ബന്ധപ്പെട്ട രാജ്യസഭയിലെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മെട്രോമാന്‍ ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന എം പിമാരായ ഹാരിസ് ബീരാന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ ചോദ്യത്തിനാണ് നേരിട്ട് മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറിയത്.

കേരളത്തിന് വേണമെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാവുന്നതാണെന്നും എന്നാല്‍ ഭൂമിയേറ്റെടുക്കലാണ് പ്രധാന പ്രശ്നമെന്നും മന്ത്രി പറഞ്ഞു. കേരളം മുന്നോട്ട് വച്ച സില്‍വര്‍ലൈന്‍ പദ്ധതി പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. പക്ഷെ, ഇ ശ്രീധരനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാത്രം മന്ത്രി മറുപടിയുണ്ടായില്ല.

ശ്രീധരന്‍ പൊന്നാനിയില്‍ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ബ്രിട്ടാസ് ചോദിച്ചപ്പോള്‍ ഈ ചോദ്യം തെറ്റായ ഉദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യം തന്നെ ആദരിക്കുന്ന ഇ ശ്രീധരന്‍ തനിക്ക് ഉപദേശങ്ങള്‍ നല്‍കാറുണ്ട്. അതെല്ലാം പരിഗണിച്ച് പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. അദ്ദേഹം പൊന്നാനിയില്‍ ഓഫീസ് തുറന്നിട്ടുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. റെയില്‍വേയുടെ വികസനത്തിനായുള്ള ശ്രീധരന്റെ നീക്കങ്ങള്‍ക്ക് തന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അങ്കമാലി-ശബരി റെയില്‍ പാത വിഷയത്തില്‍ അശ്വിനി വൈഷ്ണവെ സംസ്ഥാനത്തെ വിമര്‍ശിച്ചു. ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് മേല്‍ സമ്മര്‍ദം ചെലുത്തേണ്ടിവരുന്ന സ്ഥിതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നത് കൊണ്ടാണ് കേരളത്തെ പ്രതിനിധീകരിക്കുന്നവര്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങളുമായി വരുന്നതെന്നും സംസ്ഥാനത്ത് എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest