Kerala
വായ്പയെടുത്ത് അറിയാതെ സ്ഥലം വാങ്ങി; ജപ്തി നേരിടുന്ന പ്രഹ്‌ളാദന്റെ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍
വസ്തുവിന്റെ മുന്‍ ഉടമ വിജയകുമാറിന്റെ ശേഷിക്കുന്ന 12 സെന്റ് സ്ഥലം വിറ്റ് മുഴുവന്‍ തുകയും ഈടാക്കാന്‍ കേരള ബേങ്കിന് നിര്‍ദ്ദേശം നല്‍കി

പത്തനംതിട്ട | കൊറ്റനാട് പഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട് കേരള ബേങ്ക് ജപ്തി ചെയ്ത വിഷയത്തില്‍ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. വസ്തുവിന്റെ മുന്‍ ഉടമ വിജയകുമാറിന്റെ ശേഷിക്കുന്ന 12 സെന്റ് സ്ഥലം വിറ്റ് മുഴുവന്‍ തുകയും ഈടാക്കാന്‍ കേരള ബേങ്കിന് നിര്‍ദ്ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന് വിജയകുമാറിനെതിരെ പോലീസ് കേസുമായി മുന്നോട്ടു പോകാന്‍ ബേങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് കേരള ബേങ്ക്, ലൈഫ്മിഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വായ്പ എടുത്തിട്ടുണ്ടെന്നത് മറച്ചുവച്ചാണ് മുന്‍ ഉടമ വിജയകുമാര്‍ മൂന്ന് സെന്റ് വസ്തു മൂന്നുലക്ഷം രൂപയ്ക്ക് പ്രഹ്ളാദന് വിറ്റത്. വിജയകുമാര്‍ 2017 മാര്‍ച്ചില്‍ 15 സെന്റ് സ്ഥലം കേരള ബേങ്കില്‍ പണയം വെച്ച് മൂന്ന്ലക്ഷം രൂപ എടുത്തിരുന്നു. തവണ മുടങ്ങിയപ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് ജപ്തി നടപടിയുമായി ബേങ്ക് മുന്നോട്ട് പോയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.