Kerala
'ഞങ്ങള്‍ മനുഷ്യര്‍ക്കൊപ്പം'; നിമിഷപ്രിയ വിഷയത്തിലെ ഇടപെടല്‍ ഫലം കണ്ടു: കാന്തപുരം
വധശിക്ഷ മാറ്റിയതായുള്ള യെമന്‍ അധികൃതരുടെ വിധിപകര്‍പ്പ് ലഭിച്ചതായി ഔദ്യോഗികമായി അറിയി ച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി.

കോഴിക്കോട് | ഞങ്ങള്‍ മനുഷ്യര്‍ക്കൊപ്പമാണെന്ന് നിമിഷപ്രിയ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വധശിക്ഷ മാറ്റിയതായുള്ള യെമന്‍ അധികൃതരുടെ വിധിപകര്‍പ്പ് ലഭിച്ചതായി ഔദ്യോഗികമായി അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കാന്തപുരം.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിനായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതായി അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപ്പെട്ടത്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്‌ലിം പണ്ഡിതന്മാരെയാണ് താന്‍ ബന്ധപ്പെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവര്‍.
വിഷയത്തില്‍ തുടര്‍ന്നും ഇടപെടുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ദിയാധനത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്. യെമനിലെ പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയാണ് കാന്തപുരം വധശിക്ഷ മാറ്റിവെക്കുന്നതിന് ആവശ്യമായ നിര്‍ണായക ഇടപെടല്‍ നടത്തിയത്.
വധശിക്ഷ നാളെ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചുകൊണ്ടുള്ള യമന്‍ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്ന് അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കാന്തപുരം വിഷയത്തില്‍ ഇടപെട്ടത്. കാന്തപുരം ഉസ്താദിന്റെ അഭ്യര്‍ഥന പ്രകാരം യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ബ്നു ഹഫീസ് വിഷയത്തില്‍ ഇടപെട്ടു. രണ്ട് ദിവസമായി നടന്ന അനൗദ്യോഗിക സംഭാഷണങ്ങളുടെ അവസാനഘട്ടമെന്ന നിലക്ക് ഇന്നലെ രണ്ട് തവണയായാണ് ചര്‍ച്ച നടന്നത്. ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍റഹ്മാന്‍ അലി മശ്ഹൂര്‍ ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.