Kerala
കേന്ദ്ര അവഗണന: നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റില്‍ തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുന്നതായി പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
കേന്ദ്ര ബജറ്റില്‍ തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുന്നതായി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യം വികസനമാണ്. അത് പരിഗണിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്. കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബജറ്റില്‍ ചില്ലറ ആശ്വാസമെങ്കിലും കേരളത്തിന് നല്‍കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബജറ്റ് എല്ലാവരെയും നിരാശപ്പെടുത്തി. കേരളത്തെ കുറിച്ചുള്ള കാര്യമായ പരാമര്‍ശം തന്നെ ബജറ്റില്‍ ഇല്ല. ഇക്കണോമിക് സര്‍വേയില്‍ കേരളത്തെ പലതവണ നേട്ടങ്ങളുടെ പേരില്‍ പരാമര്‍ശിച്ചിരുന്നു. പക്ഷേ, ബജറ്റില്‍ കേരളത്തിന്റെ പേര് വന്നില്ല. കോഴിക്കോട് എയിംസ് സ്ഥാപിക്കാവുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നേതാക്കളെ കാണുമ്പോള്‍ ഉടന്‍ അനുവദിച്ചു കിട്ടുമെന്ന നിലയിലായിരുന്നു പ്രതികരണം. പക്ഷെ, എല്ലാവര്‍ഷവും നിരാശയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


