Kerala
പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടിൽ കെ എസ് ആർ ടി സി ഓടാതിരിക്കുന്നത് നയമല്ല; മന്ത്രി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി
പ്രൈവറ്റ് ബസുകളുള്ളയിടത്തുനിന്ന് മാറുന്ന പ്രശ്നമേയില്ലെന്നും കെ ബി ഗണേശ് കുമാര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി
തിരുവനന്തപുരം| സംസ്ഥാനത്തെ ബസ് റൂട്ട് വിഷയത്തില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയില്‍ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയെന്നും സ്വകാര്യ ബസ് സര്‍വീസ് ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാനില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞതാണ് മുഖ്യമന്ത്രി തിരുത്തിയത്.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പ്രൈവറ്റ് ബസുകളുടെ മുന്നില്‍ കയറി ഓടുന്ന പ്രവണതയുണ്ടായിരുന്നു. നഷ്ടത്തില്‍ ഓടിയിരുന്നതിന്റെ രഹസ്യം ഇതാണ്. പ്രൈവറ്റ് ബസുകളുടേത് പുതിയ വണ്ടികളായിരിക്കും. അവര്‍ മത്സരിച്ചോടാന്‍ തയ്യാറാണ്. എന്നാല്‍ നമ്മുടെ ഡ്രൈവര്‍മാര്‍ മത്സരിച്ചോടിയാല്‍ അപകടമുണ്ടാക്കും. അതിനാല്‍തന്നെ ഞാന്‍ മന്ത്രിയായി വന്നപ്പോള്‍ ഒരു തീരുമാനമെടുത്തിരുന്നു. പ്രൈവറ്റ് ബസുകളുടെ തലയ്ക്കല്‍ ഓടുന്നത് നിര്‍ത്താമെന്നുള്ളത്. അവരുടേത് ബിസിനസ് ആണ്. അവര്‍ ടാക്സ് അടയ്ക്കുന്നവരാണ്. അവരത് നടത്തട്ടെ. സാധാരണക്കാരും പാവപ്പെട്ടവരും താമസിക്കുന്ന മലയോര മേഖലയില്‍ അടക്കം പുതിയ ബസുകള്‍ വാങ്ങി സര്‍വീസ് നടത്തിയപ്പോള്‍ കളക്ഷന്‍ വര്‍ധിച്ചു. അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ടെന്ന തീരുമാനമാണ് എടുത്തത്’.
പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെ എസ് ആര്‍ ടി സി ഓടാതിരിക്കുക എന്നത് നയമായി മന്ത്രി പറയുന്നതായി തോന്നി. അങ്ങനെ വന്നാല്‍ അത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കും. അനാരോഗ്യകരമായ മത്സരം പാടില്ലെന്ന് പറയുന്നത് ശരിയാണ്. അത് ഒഴിവാക്കുന്നത് നല്ലതു തന്നെയാണ്. എന്നാലിന്ന് ധാരാളം പ്രൈവറ്റ് ബസുകള്‍ ഓടുന്ന റൂട്ടിലും കെ എസ് ആര്‍ ടി സി ബസുകള്‍ ഓടുന്നുണ്ട്. അവിടെ നിന്നെല്ലാം കെ എസ് ആര്‍ ടി സി ബസുകള്‍ പിന്‍വലിക്കുന്ന നയം സര്‍ക്കാരിന് സ്വീകരിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ പ്രൈവറ്റ് ബസുകളുള്ളയിടത്തുനിന്ന് മാറുന്ന പ്രശ്നമേയില്ലെന്നും കെ ബി ഗണേശ് കുമാര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. തീരെ വണ്ടിയില്ലാതിരുന്ന സ്ഥലത്ത് ഓടിച്ചപ്പോള്‍ കളക്ഷന്‍ കിട്ടിയെന്നാണ് പറഞ്ഞത്. ലോക്കല്‍ ബസുകള്‍ മത്സരിക്കുകയാണ്. അത്തരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നു. എല്ലാ സ്ഥലത്ത് നിന്നും മാറി കൊടുക്കും എന്നല്ല അതിന്റെ അര്‍ഥം. പ്രൈവറ്റ് ബസുകളുടെ കുത്തക തകര്‍ത്തുകൊണ്ടാണ് കെ എസ് ആര്‍ ടി സി മുന്നേറുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.





