National
തേനീച്ച ആക്രമണം: കുട്ടികളെ രക്ഷിച്ച അങ്കണവാടി ജീവനക്കാരി മരിച്ചു
അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
ഭോപ്പാല്‍ | തേനീച്ച ആക്രമണത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ശേഷം അങ്കണവാടി ജീവനക്കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപൂരിലാണ് സംഭവം.
മടവാട പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുട്ടികള്‍ പരിഭ്രാന്തരായപ്പോള്‍ അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
മുറ്റത്ത് കിടന്ന ടാര്‍പോളിനും സ്വന്തം സാരിയും ഉപയോഗിച്ച് കുട്ടികളെ പൊതിഞ്ഞ്, ഓരോരുത്തരെയും തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ച് കാഞ്ചന്‍ബായ് അങ്കണവാടി കെട്ടിടത്തിനുള്ളിലേക്ക് എത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ കാഞ്ചന്‍ബായുടെ ശരീരത്തിലുടനീളം നൂറുകണക്കിന് തേനീച്ചക്കുത്തേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
അവസാന കുട്ടിയെയും സുരക്ഷിതമായി അകത്തേക്ക് മാറ്റിയതിനു പിന്നാലെ കാഞ്ചന്‍ബായ് അവശയായി കുഴഞ്ഞുവീണു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാഞ്ചന്‍ബായുടെ മൃതദേഹം ഗ്രാമത്തിലൂടെ വിലാപയാത്രയായി വീട്ടിലെത്തിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കാഞ്ചന്‍ബായെന്ന് ഗ്രാമവാസികള്‍ അറിയിച്ചു. ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



