Education Notification
നിയമം പഠിക്കാം; ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽ
ഹയർ സെക്കൻഡറി പാസ്സായവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച നിയമ പഠന സ്ഥാപനങ്ങളിൽ ഒന്നായ ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽ ചേരാൻ അവസരം. പ്രവേശനത്തിന് ഇപ്പോൾ തയ്യാറെടുക്കാം. ഹയർ സെക്കൻഡറി പാസ്സായവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
ലോകോത്തര ഫാക്കൽറ്റി, ഗവേഷണാധിഷ്ഠിത സമീപനം, അതിവിപുലമായ ലൈബ്രറി സൗകര്യം, മികച്ച പ്ലേസ്മെന്റ്തുടങ്ങിയ അക്കാദമിക് സംവിധാനങ്ങൾക്ക് പേരുകേട്ട സ്ഥാപനമാണിത്. അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിയമ പ്രവേശന പരീക്ഷയായ എ ഐ എൽ ഇ ടി- 2027 (ആൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്) വഴിയാണ് പ്രവേശനം. ഇതിനായി നവംബർ പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. രാജ്യത്തെ നാഷനൽ ലോ യൂനിവേഴ്സിറ്റികളിൽ പ്രവേശനത്തിനായി നടത്തുന്ന ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) സ്‌കോർ ഡൽഹി നാഷനൽ യൂനിവേഴ്‌സിറ്റി പ്രവേശനത്തിന് ബാധകമല്ല. ഇത് ഈ പരീക്ഷയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
(ഇപ്പോൾ അപേക്ഷിക്കാവുന്ന കോഴ്‌സുകൾ, യോഗ്യത, പ്രവേശന പരീക്ഷ)
ബി എ എൽ എൽ ബി
ദൈർഘ്യം: അഞ്ച് വർഷം
ഹയർ സെക്കൻഡറി/ തത്തുല്യം 45 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. പിന്നാക്കക്കാർക്ക് 42 ശതമാനം, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം എന്നിങ്ങനെ മാർക്ക് മതി. 2027 മാർച്ച്- ഏപ്രിൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായപരിധിയില്ല.
പരീക്ഷാ ഘടന
പേനയും പേപ്പറും ഉപയോഗിച്ചുള്ള ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക. ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂർ. ഒരു മാർക്ക് വീതമുള്ള 150 ചോദ്യങ്ങൾ ഉണ്ടാകും.
ഇംഗ്ലീഷ് ലാംഗ്വേജ് (50 ചോദ്യങ്ങൾ), കറന്റ്അഫയേഴ്സ് ആൻഡ് ജനറൽ നോളജ്് (30), ലോജിക്കൽ റീസണിംഗ്് (70) എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ ഘടന. ഇംഗ്ലീഷ് ലാംഗ്വേജ് വിഭാഗത്തിൽ പദാവലി, വ്യാകരണം തുടങ്ങിയവയിൽ നിന്നും കറന്റ്അഫയേഴ്സ് ആൻഡ് ജനറൽ നോളജ്് വിഭാഗത്തിൽ ചരിത്രം, ജ്യോഗ്രഫി, പൊളിറ്റിക്സ്, സയൻസ്, ദേശീയ അന്തർദേശീയ സംഭവവികാസങ്ങൾ, നിയമ മേഖലയിലെ സമകാലിക വിഷയങ്ങൾ തുടങ്ങിയവയിൽ നിന്നുമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വിശകലന- വിമർശന യുക്തി വിലയിരുത്തുന്നവയായിരിക്കും മൂന്നാമത്തെ സെക്‌ഷനിലെ ചോദ്യങ്ങളുടെ സ്വഭാവം.
ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് മൈനസ് ആകും. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എൽ എൽ എം
ദൈർഘ്യം: ഒരു വർഷം
ചുരുങ്ങിയത് 50 ശതമാനം മാർക്കോടെ എൽ എൽ ബി പാസ്സായവർക്ക് അപേക്ഷിക്കാം. പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്. നിയമ ബിരുദത്തിന് അവസാന വർഷം/ സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷ രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. എൽ എൽ ബി സിലബസ്സിൽ നിന്ന് നിയമ സംഭവവികാസങ്ങളെ ആസ്പദമാക്കിയുമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് മൈനസ് ആകും.
മറ്റ് വിവരങ്ങൾ
പ്രവേശന പരീക്ഷ ഡിസംമ്പർ 13ന് ഉച്ചക്ക് രണ്ടിന് നടക്കും. അഡ്മിറ്റ് കാർഡുകൾ നവംബർ 30 മുതൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 3,000 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 1,000 രൂപ. വനിതകൾക്ക് ഫീസ് ഇല്ല. അപേക്ഷിക്കുന്നതിന് https://nationallawuniversitydelhi.in വിവരങ്ങൾക്ക്: www.nludelhi.ac.in
Content Highlights:
National Law University Delhi has invited online applications for AILET 2027 for admission to five-year BA LLB and one-year LLM courses. Candidates with required marks in Higher Secondary or LLB can apply online until November 10. The entrance examination will be held offline on December 13.





