National
പ്രതിപക്ഷ പ്രതിഷേധം; പ്രധാനമന്ത്രി സംസാരിക്കുന്നതിന് മുമ്പേ ലോക്സഭ പിരിഞ്ഞു
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ന്യൂഡൽഹി | രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്സഭയിൽ മറുപടി നൽകില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാനടപടികൾ തടസ്സപ്പെട്ടതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. വ്യാഴാഴ്ച (ഫെബ്രുവരി 5) രാവിലെ 11-ന് സഭ വീണ്ടും ചേരും.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മുൻ സൈനിക മേധാവി ജനറൽ എം എം നരവാനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യ-യു എസ് വാണിജ്യ കരാറും ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പ്രക്ഷുബ്ധമായി.
എട്ട് പ്രതിപക്ഷ എം പിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലിയുള്ള തർക്കങ്ങളും സഭാനടപടികളെ ബാധിച്ചു. തുടർച്ചയായ ബഹളത്തെത്തുടർന്ന് സ്പീക്കർ സഭ ഇന്നത്തേക്ക് പിരിച്ചുവിടുകയായിരുന്നു.






