National
എസ് ഐ ആർ ബംഗാളിനെ ലക്ഷ്യംവെച്ച്; കടുത്ത സമ്മർദം മൂലം 150 ഉദ്യോഗസ്ഥർ മരിച്ചു: മമത സുപ്രീം കോടതിയിൽ
ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ നിരത്തിയത്.
ന്യൂഡൽഹി | പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ. ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ നിരത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ കടുത്ത സമ്മർദ്ദത്തിന് കാരണമാകുന്നുണ്ടെന്നും ഇതുമൂലം ഉദ്യോഗസ്ഥരടക്കം 150-ഓളം പേർ മരിച്ചതായും അവർ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് മമതയുടെ ഹർജി പരിഗണിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് മമത നേരിട്ട് നിലപാട് വ്യക്തമാക്കിയത്.
എസ് ഐ ആറിൽ എന്തുകൊണ്ടാണ് ബംഗാളിനെ മാത്രം ലക്ഷ്യം വെക്കുന്നതെന്ന് മമത ചോദിച്ചു. അസം ഉൾപ്പെടെയുള്ള മറ്റ് അയൽസംസ്ഥാനങ്ങളിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ബംഗാളിനുള്ളതെന്നും അവർ ചോദിച്ചു. 58 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരുടെ അപ്പീൽ പോലും പരിഗണിക്കാതെയാണ് ഈ നടപടി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്‌സർവർമാരെ ഉപയോഗിച്ചാണ് പേരുകൾ നീക്കം ചെയ്യുന്നതെന്നും മമത ആരോപിച്ചു.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടുപേര് സ്വീകരിച്ച സ്ത്രീകളുടെയും ജോലി സംബന്ധമായി മാറി താമസിക്കുന്നവരുടെയും പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നു. ആധാർ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഔദ്യോഗിക അറിയിപ്പുകൾ നൽകുന്നതിന് പകരം വാട്ട്‌സ്ആപ്പ് വഴിയാണ് നിർദ്ദേശങ്ങൾ നൽകുന്നതെന്ന് പരിഹസിച്ച മമത, തിരഞ്ഞെടുപ്പ് കമ്മീഷനെ ‘വാട്ട്‌സ്ആപ്പ് കമ്മീഷൻ’ എന്നും വിശേഷിപ്പിച്ചു.
വിഷയത്തിൽ ഫെബ്രുവരി 10-നകം മറുപടി നൽകാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പേരുകളിലെ അക്ഷരപ്പിശകിന്റെ പേരിൽ വോട്ടർമാരെ പുറത്താക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടുനൽകിയാൽ നിലവിലെ മൈക്രോ ഒബ്‌സർവർമാരെ മാറ്റാമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത തിങ്കളാഴ്ച (ഫെബ്രുവരി 9) വീണ്ടും പരിഗണിക്കും.






