Connect with us

National

കേന്ദ്ര മന്ത്രി ബിട്ടു ചതിയനായ സുഹൃത്തെന്ന് രാഹുൽ; രാഹുൽ രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു; വാക്പോര്

യുദ്ധം ജയിച്ചുവന്നവരെപ്പോലെയാണ് പ്രതിഷേധക്കാർ ഇരിക്കുന്നതെന്ന ബിട്ടുവിന്റെ പരാമർശമാണ് തർക്കത്തിന് തുടക്കമിട്ടത്.

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റ് പരിസരത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും തമ്മിൽ വാക്പോര്. ഇന്ന് രാവിലെ മകർ ദ്വാറിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബിട്ടുവിനെ ‘ചതിയനായ സുഹൃത്ത്’ എന്ന് രാഹുൽ വിശേഷിപ്പിച്ചപ്പോൾ രാഹുൽ ഗാന്ധി ‘രാജ്യത്തിന്റെ ശത്രു’വാണെന്ന് കേന്ദ്രമന്ത്രി തിരിച്ചടിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് വിട്ട് ബിട്ടു ബി ജെ പിയിൽ ചേർന്നത്. പ്രതിഷേധത്തിനിടെ ബിട്ടു നടന്നുപോയപ്പോൾ ‘ഇതാ ഒരു ചതിയൻ പോകുന്നു’ എന്നായിരുന്നു രാഹുലിന്റെ പരിഹാസം. ‘ഹലോ ബ്രദർ, എന്റെ ചതിയനായ സുഹൃത്തേ’ എന്ന് വിളിച്ച രാഹുൽ ഗാന്ധി ബിട്ടുവിന് കൈകൊടുക്കാൻ ശ്രമിക്കുകയും നിങ്ങൾ ഉടൻ തന്നെ കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്ന് പറയുകയും ചെയ്തു. എന്നാൽ കൈകൊടുക്കാൻ വിസമ്മതിച്ച ബിട്ടു രാഹുലിനെ ‘രാജ്യത്തിന്റെ ശത്രു’ എന്ന് വിളിക്കുകയായിരുന്നു.

യുദ്ധം ജയിച്ചുവന്നവരെപ്പോലെയാണ് പ്രതിഷേധക്കാർ ഇരിക്കുന്നതെന്ന ബിട്ടുവിന്റെ പരാമർശമാണ് തർക്കത്തിന് തുടക്കമിട്ടത്. സിഖുകാരെ കൂട്ടക്കൊല ചെയ്ത ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് സിഖുകാരനായ താൻ കൈകൊടുക്കില്ലെന്ന് ബിട്ടു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഇന്ന് മയക്കുമരുന്നിന് അടിമപ്പെട്ട നിലയിലാണോ എന്ന് അറിയില്ലെന്നും അദ്ദേഹം തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും ബിട്ടു ആരോപിച്ചു. വിഷയത്തിൽ അവകാശലംഘന നോട്ടീസ് നൽകുന്നത് ആലോചിക്കുമെന്നും ബിട്ടു വ്യക്തമാക്കി.

അതേസമയം വഞ്ചകനായ ഒരാളെ വിളിക്കാൻ ചതിയൻ എന്നല്ലാതെ മറ്റ് വാക്കുകളില്ലെന്ന് കോൺഗ്രസ് എം പി അമരീന്ദർ രാജ വാറിംഗ് പ്രതികരിച്ചു. സഭയിൽ നിന്നും എട്ട് പ്രതിപക്ഷ എം പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള എം പിമാരായ ഹിബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരടക്കം എട്ട് പേരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിലേക്ക് സസ്പെൻഡ് ചെയ്തത്.

---- facebook comment plugin here -----