National
ഗൃഹസന്ദര്‍ശനം, ഫോണ്‍ വിളി, വാട്‌സാപ് ലൊക്കേഷന്‍; പ്രതിഷേധക്കാരെ തടയാന്‍ ഡിജിറ്റല്‍ നീക്കങ്ങളുമായി മുംബൈ പോലീസ്
അന്വേഷണം നിലനില്‍ക്കുന്ന വിവരവും ഇനി പൊതുറാലികളില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പും കുടുംബങ്ങളെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ചു
മുംബൈ | കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളെ തടയിടാനായി പല വഴികള്‍ പരീക്ഷിച്ച് പോലീസ്. പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ വീണ്ടും പങ്കാളികളാകുന്നത് തടയാന്‍ മുംബൈ പോലീസ് അധികൃതര്‍ ഡിജിറ്റല്‍ ട്രാക്കിംഗ്, വീടുസന്ദര്‍ശനം തുടങ്ങിയ നേരിട്ടുള്ള ഇടപെടല്‍ രീതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ശിവാജി പാര്‍ക്ക്, ചെമ്പൂര്‍, ആസാദ് മൈതാനം എന്നിവയുള്‍പ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രാദേശിക തലത്തിലുള്ള ഇത്തരം പ്രതിരോധ നടപടികളിലേക്ക് പോലീസ് കടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ എഫ്‌ഐആറില്‍ പേരുള്ളവരോ മുന്‍പ് ലീഗല്‍ നോട്ടീസ് ലഭിച്ചവരോ ആയ പ്രതിഷേധക്കാര്‍ക്ക് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരോട് വീട്ടില്‍ തന്നെ തുടരാനും, നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാട്ട്സ്ആപ്പ് ലൈവ് ലൊക്കേഷന്‍ തുടര്‍ച്ചയായി പങ്കിടാനും ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ടെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷന്‍ 35(3) പ്രകാരമുള്ള ലീഗല്‍ നോട്ടീസുകള്‍ പുലര്‍ച്ചെ തന്നെ സന്ദേശമയക്കുന്ന ആപ്ലിക്കേഷനുകള്‍ വഴി ഡിജിറ്റലായി അയച്ചിട്ടുണ്ട്. മുന്‍പ് നടന്ന ഒത്തുചേരലുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിറ്റല്‍ നീക്കങ്ങള്‍ക്ക് പുറമേ, മുംബൈയിലെ പ്രാന്തപ്രദേശങ്ങളിലെയും സമീപത്തെ മുനിസിപ്പല്‍ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥി പ്രതിഷേധക്കാരുടെ വസതികളിലേക്ക് യൂണിഫോം ധരിച്ച പോലീസുകാരെ നേരിട്ടയച്ചു. അന്വേഷണം നിലനില്‍ക്കുന്ന വിവരവും ഇനി പൊതുറാലികളില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പും കുടുംബങ്ങളെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ചു. അതേസമയം, പ്രധാന മെട്രോ, റെയില്‍വേ പ്രവേശന കവാടങ്ങള്‍ക്ക് സമീപം നിലയുറപ്പിച്ച പോലീസ് സംഘങ്ങള്‍ പ്രധാന പ്രതിഷേധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ കണ്ടെത്തി തിരിച്ചുവിട്ടു. പരിശോധനകളില്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനായി മുമ്പ് കസ്റ്റഡിയിലെടുത്ത വ്യക്തികളുടെ വിവരങ്ങളും റെക്കോര്‍ഡുകളും വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തു.
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍, ഉന്നത വിദ്യാഭ്യാസ പ്രവേശനം, ഭാവിയിലെ തൊഴിലവസരങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന കുറ്റകൃത്യ റെക്കോര്‍ഡുകള്‍ യുവാക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതല്‍ നടപടികളാണ് ഇതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക് ലൊക്കേഷന്‍ ട്രാക്കിംഗ്, മെസേജിംഗ് ഗ്രൂപ്പ് പരിശോധനകള്‍, വീടുസന്ദര്‍ശനങ്ങള്‍ എന്നിവ സാധാരണ മുന്‍കരുതല്‍ രീതികള്‍ക്ക് അപ്പുറമാണെന്നും, ഇത് വ്യക്തിഗത സ്വകാര്യതയെയും ഭരണഘടനാപരമായ സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും പ്രതിഷേധക്കാരെ സഹായിക്കുന്ന അഭിഭാഷകരും ലീഗല്‍ ഗ്രൂപ്പുകളും വാദിക്കുന്നു.
ഡല്‍ഹിയില്‍ സിജെപി നയിക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിലും പ്രതിഷേധങ്ങള്‍ നടക്കുന്നത്.പരീക്ഷാ ക്രമക്കേടുകള്‍ക്കും ഡല്‍ഹിയിലെ സി ജെ പി പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിക്കുമെതിരെ രാഷ്ട്രീയ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ബുധനാഴ്ച തുടര്‍ച്ചയായ മൂന്നാം ദിവസവും നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു
Content Highlights: Mumbai Police implemented live location tracking, WhatsApp messaging, and early morning digital notices to prevent students from joining CJP-led protests. Uniformed officers visited student residences across suburbs to issue warnings to their families regarding future career risks. Legal groups criticized these measures as severe violations of personal privacy and constitutional freedom of movement.



