Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സര്‍ക്കാറിന്റെ അതൃപ്തി ഹൈക്കോടതിയെ അറിയിക്കും- മന്ത്രി കെ മുരളീധരന്‍
കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കാത്തതിനെതിരെ മന്ത്രി കെ മുരളീധരന്‍. അന്വേഷണം വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍, അന്വേഷണ പുരോഗതിയില്‍ സര്‍ക്കാരിന്റെ അതൃപ്തി ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു
കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രശാന്തിനെ ആദ്യം ചോദ്യം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. അന്നത്തെ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടാകാം എസ്ഐടിയുടെ ഇപ്പോഴത്തെ നടപടിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രശാന്തിന്റെ ആരോപണത്തില്‍ മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അന്വേഷണത്തില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലുള്ള സര്‍ക്കാരിന്റെ അതൃപ്തി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രശാന്തിനെതിരെയുള്ള എസ്ഐടി നടപടിയോടെ, കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇനി എല്‍ഡിഎഫിന് അവകാശപ്പെടാനാകില്ലെന്നും മന്ത്രി പറഞ്ഞു
2023 മുതല്‍ 2025 വരെയാണ് പ്രശാന്ത് ബോര്‍ഡിന്റെ തലപ്പത്തുണ്ടായിരുന്നത്. 2025 സെപ്റ്റംബറിലെ ഇലക്ട്രോപ്ലേറ്റിങ് വേളയില്‍ സ്വര്‍ണം കവര്‍ന്നതായുള്ള ആരോപണത്തിലെ അന്വേഷണവും ദ്വാരപാലക വിഗ്രഹ കേസുമായി കൂട്ടിച്ചേര്‍ത്തതായി കോടതിയില്‍ എസ്ഐടി വ്യക്തമാക്കിയിരുന്നു
Content Highlights: Devaswom Minister K Muraleedharan expressed strong dissatisfaction over the delay in filing the charge sheet in the Sabarimala gold theft case. He warned that the government would inform the High Court if progress remains slow. The minister also noted PS Prashant was questioned during LDF tenure


