Kerala
സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍ കുടുങ്ങിയ മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തി
അപകടസമയത്ത് തുരങ്കത്തില്‍ അനീഷും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും അടക്കം 25 പേരുണ്ടായിരുന്നു
ഗാങ്ടോക്ക്|സിക്കിമിലെ നാംചി ജില്ലയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിക്കാണ് കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്നു അനീഷ് മോഹനന്‍.
അപകടസമയത്ത് തുരങ്കത്തില്‍ അനീഷും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും അടക്കം 25 പേരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 20 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മറ്റ് അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മ്മിക്കുന്ന തുരങ്കമാണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് തകര്‍ന്നത്.
അണക്കെട്ടില്‍ നിന്നും വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നുനിര്‍മ്മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈല്‍ വാതകച്ചോര്‍ച്ച മൂലമുണ്ടാകുന്ന സ്ഫോടനമാണ് തുരങ്കം തകരാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights:
The body of Aneesh Mohanan, a Keralite NHPC manager, was recovered after a tunnel collapsed in Sikkim. The tragedy occurred at the Teesta hydroelectric project in Namchi district during underground drilling. A total of 25 people were trapped inside following a suspected methyl gas explosion.


