Kerala
'എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് ചോദിക്കാമായിരുന്നില്ലെ, എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് '; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനയായി പി കെ ശ്രീമതി
തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി കെ ശ്രീമതി
കണ്ണൂര്‍ \ മാധ്യമവാര്‍ത്തകളില്‍ വികാരാധീനയായി സിപിഎം നേതാവ് പി കെ ശ്രീമതി. തനിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പി കെ ശ്രീമതി ചോദിച്ചു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്. കേട്ടാല്‍ ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ അതീവ മലിനമായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി താന്‍ ഈ സമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്. ഇത്തരമൊരു വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാന്‍ തയാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സമൂഹത്തില്‍ എന്നെ അപമാനിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. തനിക്കെതിരെ പലപ്പോഴും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. ഈ തെളിവുകളെല്ലാം ശേഖരിച്ച് അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു
Content Highlights: CPM leader PK Sreemathi broke down in tears during a press conference in Kannur, accusing certain online media channels of relentless targeted harassment and fake news. She stated that defaming news was spread without verifying facts and confirmed initiating legal action against those responsible.


