Kerala
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ പ്രശംസ
എസ് ഐ ടി അന്വേഷണം അങ്ങേയറ്റം വിശ്വാസയോഗ്യമാണെന്ന് വ്യക്തമാക്കിയ കോടതി, കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യം തള്ളി
കൊച്ചി | ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനത്തെ ഹൈക്കോടതി പ്രശംസിച്ചു. എസ് ഐ ടി അന്വേഷണം അങ്ങേയറ്റം വിശ്വാസയോഗ്യമാണെന്ന് വ്യക്തമാക്കിയ കോടതി, കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യം തള്ളി. ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരാണ് നിലവിൽ കേസ് അന്വേഷിക്കുന്നതെന്നും കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി കൃത്യമായി അറിയാമെന്നും കോടതി പറഞ്ഞു. നിസ്സാര കാര്യങ്ങൾ ഉന്നയിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹർജിക്കാർക്ക് കോടതി നിർദ്ദേശം നൽകി.
അതേസമയം, കേസിൽ ഇനി പുതിയ അറസ്റ്റുകൾ ഉണ്ടായേക്കില്ല എന്നാണ് സൂചന. മതിയായ തെളിവില്ലാത്തതിനാൽ കൂടുതൽ പേരെ പ്രതിചേർക്കുന്ന നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. കേസിൽ മാർച്ചിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് എസ് ഐ ടി നീക്കം. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ സാക്ഷികളാക്കും. പ്രത്യേക പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം സർക്കാർ അനുമതിയോടെ മാർച്ചിൽ കുറ്റപത്രം സമർപ്പിക്കും.





