Connect with us

മാധ്യമ ധാർമികത

ബി ബി സിയുടെ "നിഷ്പക്ഷത'

ഗസ്സയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ദുരിതം വരച്ചുകാട്ടുന്നതായിരുന്നു ബി ബി സി ടി വി ചാനല്‍ "ഗസ്സ: ഡോക്ടേഴ്സ് അണ്ടര്‍ അറ്റാക്ക്' എന്ന പേരില്‍ നിർമിച്ച ഡോക്യുമെൻ്ററി. എന്നാൽ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനുള്ള തീരുമാനം ബി ബി സി ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ചോദ്യം ചെയ്തുകൊണ്ട് അതേ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള ജീവനക്കാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ഗ‌സ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരത മറച്ചുപിടിക്കാനുള്ള ശ്രമം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബി ബി സി ആവര്‍ത്തിക്കുകയാണ്. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതില്‍ സ്വന്തം ജീവനക്കാരില്‍ ഒരു വിഭാഗം പലതവണ മാനേജ്‌മെന്റിനെ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും ബി ബി സിയുടെ പക്ഷപാതിത്വം തുടരുകയാണ്. ഏറ്റവും ഒടുവില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയിലെ ഡോക്ടര്‍മാര്‍ നേരിടുന്ന ദുരിതത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ബി ബി സി വിട്ടുനില്‍ക്കുകയാണ്. 1922ല്‍ റേഡിയോ പ്രക്ഷേപണത്തിലൂടെ ആരംഭിച്ച ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (ബി ബി സി) നിലവില്‍ വിവിധ വാര്‍ത്താ മാധ്യമങ്ങളിലൂടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാര്‍ത്താ വിഭാഗമായി അറിയപ്പെടുന്നു.

1927ല്‍ ബി ബി സിയുടെ ആദ്യ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ ജോണ്‍ റീത്ത്, ബി ബി സി യുടേത് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പത്രപ്രവര്‍ത്തനമായിരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പില്‍ നിന്ന് ബി ബി സി ബഹുദൂരം പിറകോട്ട് പോയിരിക്കുകയാണ്. പ്രത്യേകിച്ചും ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നത്തില്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന ഭീകരതയുടെ പൂര്‍ണ ചിത്രം നല്‍കുന്നതില്‍ നിന്ന് ബി ബി സി മാറിനില്‍ക്കുകയാണ്. ഫലസ്തീനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അര്‍ധസത്യങ്ങളുമായ വാര്‍ത്തകളാണ് ബി ബി സിയില്‍ നിന്ന് പുറത്തുവരുന്നത്. ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് ഫലസ്തീന് അനുകൂലമായി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട കാരണത്താല്‍ കഴിഞ്ഞ വര്‍ഷം ആറ് അറബിക് റിപോര്‍ട്ടര്‍മാരെ റിപോര്‍ട്ടിംഗ് വിഭാഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് അക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച ഗസ്സ ആക്രമണത്തിൽ ബി ബി സി തുടരുന്ന ഇരട്ടത്താപ്പിലെ ആശങ്ക പ്രകടിപ്പിച്ച് യു കെയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മാധ്യമപ്രവര്‍ത്തകര്‍ അല്‍ ജസീറക്ക് കത്തെഴുതിയിരുന്നു. ഗസ്സ വംശഹത്യയിൽ ബി ബി സി ഇസ്‌റാഈലിന് അനുകൂലമായാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറില്‍ ബി ബി സിയിലെ ഇരുനൂറിലേറെ ജീവനക്കാര്‍ മേലധികാരിക്ക് കത്തെഴുതി. അധികൃതരുടെ പ്രതികാര നടപടി ഭയന്ന് തങ്ങളുടെ പേര് രേഖപ്പെടുത്താതെയാണ് അവര്‍ കത്തെഴുതിയത്.

ഗസ്സയില ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടറും മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റുമായ ഡോ. മര്‍വാന്‍ അല്‍ സുല്‍ത്താനും ഭാര്യയും അവരുടെ അഞ്ച് കുട്ടികളും ഇസ്‌റാഈല്‍ ബോംബാക്രണമത്തില്‍ കൊല്ലപ്പെട്ടതോടെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന ഇന്തോനേഷ്യന്‍ ആശുപത്രി അടച്ചുപൂട്ടി. ഇതോടെ വടക്കന്‍ ഗസ്സയില്‍ ആശുപത്രി എന്ന സംവിധാനം പാടേ ഇല്ലാതായി. ആശുപത്രികള്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നാണ് നിയമം. ഇസ്‌റാഈലിന്റെ ഈ ക്രൂരതക്കെതിരെ ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇസ്‌റാഈല്‍ അധികൃതരെ പലതവണ ബന്ധപ്പെട്ടു. ഇസ്റാഈലിലെ നെതന്യാഹു സര്‍ക്കാര്‍ ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിനെ അപലപിക്കാന്‍ ഇസ്‌റാഈല്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ എം എ), ഇസ്‌റാഈല്‍ ഹോസ്പിറ്റല്‍ ഡയറക്ടേഴ്സ് ഫോറം, ഇസ്‌റാഈല്‍ മെഡിക്കല്‍, പാരാ- മെഡിക്കല്‍ പ്രൊഫഷനല്‍ അസ്സോസിയേഷനുകള്‍ എന്നിവ മുന്നോട്ടുവരണമെന്ന് ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുകയുമുണ്ടായി. ഞങ്ങള്‍ ആരുടെയും പക്ഷത്തല്ല, മുറിവേറ്റവരെയും മരണാസന്നരായവരെയും ചികിത്സിക്കുകയാണ് ഞങ്ങളുടെ ജോലി. പക്ഷേ മുറിവേറ്റവരോടൊപ്പം ഞങ്ങളും കൊല്ലപ്പെടുകയാണ്. ഇത് ഗസ്സയിലെ ആരോഗ്യ സംവിധാനത്തെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഗസ്സയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക വെറുതെയല്ല എന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ലോകത്ത് നടന്ന എല്ലാ യുദ്ധങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും കൊന്നൊടുക്കാനുള്ള ഇസ്‌റാഈല്‍ ഭീകരതക്ക് മുമ്പില്‍ ഗസ്സയിൽ ആരോഗ്യപ്രവര്‍ത്തകരും മരിച്ചുവീഴുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് എഴുപതിലേറെ ഡോക്ടര്‍ മാരാണ്. 19 മാസത്തിനിടയില്‍ ഗസ്സയില്‍ 1,400 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. ഈയൊരു പാശ്ചാത്തലത്തിലാണ് ബി ബി സി ടി വി ചാനല്‍ “ഗസ്സ: ഡോക്ടേഴ്സ് അണ്ടര്‍ അറ്റാക്ക്’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ തീരുമാനിച്ചത്.

ഗസ്സയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ദുരിതം വരച്ചുകാട്ടുന്നതായിരുന്നു ഡോക്യുമെന്ററി. ലണ്ടനിലെ ബേസ്മെന്റ്ഫിലിംസുമായി ചേര്‍ന്ന് ഡോക്യുമെന്ററി നിർമിക്കാനായിരുന്നു ബി ബി സിയുടെ തീരുമാനം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഡോക്യുമെന്ററി കഴിഞ്ഞ ഏപ്രിലില്‍ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പല കാരണങ്ങള്‍ പറഞ്ഞു സംപ്രേഷണം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനുള്ള തീരുമാനം ബി ബി സി ഉപേക്ഷിച്ചിരിക്കുകയാണ്.

ഡോക്യുമെന്ററിയുടെ ഉള്ളടക്കം പക്ഷപാതപരമെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നാണ് ഇതിനുകാരണമായി ബി ബി സി ചൂണ്ടിക്കാട്ടുന്നത്. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ച ബി ബി സിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അതിലെ ജീവനക്കാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. ബി ബി സിയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരിക്കുകയാണ്. പശ്ചിമേഷ്യയുടെ ചുമതല വഹിക്കുന്ന ബോര്‍ഡ് അംഗം റോബി ഗിബ്ബിനെ തത്്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിന് നല്‍കിയ കത്തില്‍ ബി ബി സിയുടെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മിറിയം മാര്‍ഗോളിസ്, അലക്‌സി സെയ്ല്‍, ജൂലിയറ്റ് സ്റ്റീവന്‍സണ്‍, മൈക്ക് ലീ എന്നിവരുള്‍പ്പെടെ 400ഓളം മാധ്യമപ്രവര്‍ത്തകരും ജീവനക്കാരുമാണ് ഒപ്പിട്ടത്. 2013ല്‍ ജറസലമിനെക്കുറിച്ച് ബി ബി സി “ജറുസലേം ആൻഡ് ആര്‍ക്കിയോളജിക്കല്‍ മിസ്റ്ററി സ്റ്റോറി’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. ഡോക്യുമെന്ററി സയണിസ്റ്റ് സര്‍ക്കാറിന് എതിരാണെന്ന് കണ്ട് അന്നും സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

2008- 2009ലെ ഇസ്്റാഈല്‍- ഗസ്സ സംഘര്‍ഷത്തില്‍ ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി യു കെയിലെ ഒരു സന്നദ്ധ സംഘടനയുടെ സഹായാഭ്യര്‍ഥന ബി ബി സി സംപ്രേഷണം ചെയ്യാതിരുന്നത് ഏറെ വിവാദമായിരുന്നു. ബി ബി സിയുടെ അന്നത്തെ തീരുമാനത്തെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആര്‍ച്ച് ബിഷപുമാരും ബ്രിട്ടീഷ് മന്ത്രിമാരും ബി ബി സിയുടെ ജീവനക്കാര്‍ പോലും ചോദ്യം ചെയ്യുകയുണ്ടായി. തീരുമാനത്തെ വിമര്‍ശിച്ച് പതിനായിരത്തിലേറെ കത്തുകള്‍ ബി ബി സിക്ക് ലഭിക്കുകയും ചെയ്തു.

ഫലസ്തീന്‍ വിഷയത്തില്‍ ബി ബി സി തുടരുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയായ കരിഷ്മ പട്ടേല്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. രാജിവെക്കാനുള്ള കാരണത്തെക്കുറിച്ച് അവര്‍ എഴുതിയ ലേഖനം ബ്രിട്ടനില്‍ നിന്ന് ഇറങ്ങുന്ന ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി.
“ബി ബി സി ന്യൂസ് റൂമിലിരുന്ന് ജോലി ചെയ്യവേ ഗസ്സയില്‍ ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ യഥാര്‍ഥ വാര്‍ത്ത ന്യൂസ് ഡെസ്‌കില്‍ ലഭിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി. എന്നെപ്പോലെ ചിന്തിക്കുന്നവര്‍ ഡെസ്‌കില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മാനേജ്‌മെന്റുമായി ഒന്നിലധികം തവണ സംസാരിച്ചു. ഞങ്ങളുടെ പരാതികള്‍ എഴുതി നല്‍കി. ബി ബി സിയുടെ പരിശീലനം ലഭിച്ച ഒരു മാധ്യമപ്രവര്‍ത്തകയാണ് ഞാന്‍. വാര്‍ത്തകളില്‍ കൃത്യത, സുതാര്യത, പൊതുജനവിശ്വാസം എന്നിവ ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്നാല്‍ അവിടെ നടക്കുന്നത് ഞാന്‍ പഠിച്ചതും എന്നെ പഠിപ്പിച്ചതുമായ കാര്യങ്ങളല്ല. എഡിറ്റോറിയല്‍ ജാഗ്രത എഡിറ്റോറിയല്‍ ഭീരുത്വമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കണമെന്നുണ്ടായിരുന്നു.

അവിടെയിരുന്നുകൊണ്ട് എഡിറ്റോറിയല്‍ നയത്തെ വിമര്‍ശിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഞാനവിടെ നിന്ന് രാജിവെച്ചു പുറത്തിറങ്ങി. എന്റെ ബോധ്യം അല്‍ ജസീറയിലും ഇന്‍ഡിപെന്‍ഡിലും കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചു. ബി ബി സിയിലുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നെ പിന്തുണച്ചു. കഴിഞ്ഞ ദിവസം ബി ബി സിയുടെ വാര്‍ത്താ ഡയറക്ടര്‍ റിച്ചാര്‍ഡ് ബര്‍ഗസ് അവകാശപ്പെട്ടത് അവര്‍ തങ്ങളുടെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു. എന്നാല്‍ എന്റെ കത്തുകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.

തെറ്റായ വിവരങ്ങള്‍ നമ്മെ തേടി എത്തും. അത്തരം വാര്‍ത്തകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഒന്നിനെ മറ്റൊന്നിനേക്കാള്‍ അടുപ്പം കാട്ടാതിരിക്കുക, പത്രപ്രവര്‍ത്തനം തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നതായിരുന്നു ബി ബി സിയുടെ നയം. എന്നാല്‍ 2023 ഒക്്ടോബര്‍ ഏഴിന് ശേഷമുള്ള ബി ബി സിയിലെ എന്റെ അനുഭവം മറിച്ചായിരുന്നു. ഇസ്‌റാഈലിനെതിരെയുണ്ടായ അന്താരാഷ്ട്ര കോടതി വിധി പോലുള്ള പ്രധാന സംഭവങ്ങള്‍ക്ക് പോലും വേണ്ടത്ര കവറേജ് നല്‍കുന്നതില്‍ നിന്ന് ബി ബി സി വിട്ടുനിന്നു. സത്യത്തോട് നീതി കാണിക്കണമെന്നതത്ത്വത്തില്‍ നിന്ന് ബി ബി സി എത്രത്തോളം അകന്നുപോയെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ’- കരിഷ്മ പട്ടേല്‍ തന്റെ നീണ്ട ലേഖനത്തില്‍ എഴുതുന്നു.

 

 

 

---- facebook comment plugin here -----

Latest