Connect with us

Articles

ഇഹ്‌സാനായിരുന്നു ആ ജീവിതം

നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധം നമുക്കുണ്ടാകണം. അതാകുന്നു ഇഹ്സാൻ.

Published

|

Last Updated

സ്വഹാബത്തുമായി തിരുനബി (സ്വ) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യ രൂപത്തിൽ ജിബ്്രീൽ (അ) കടന്നുവന്ന സംഭവം സുവിദിതമാണല്ലോ. ഈമാനും ഇസ്്ലാമും എന്താണെന്ന ചർച്ചക്കു ശേഷം ജിബ്്രീൽ (അ) ചോദിച്ചത് ഇഹ്‌സാൻ എന്താണെന്നായിരുന്നു. അല്ലാഹുവിനെ നേരിട്ട് കാണുന്നത് പോലെയാണ് നാം അവനെ ആരാധിക്കേണ്ടത്. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധം നമുക്കുണ്ടാകണം. അതാകുന്നു ഇഹ്സാൻ.

യാത്രയിലും അല്ലാത്തപ്പോഴും ഉറക്കിലും ഉണർവിലും ജീവിതത്തിലും മരണത്തിലും വരെ നമ്മെ സഹവസിക്കാൻ കഴിയുന്നവൻ, നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഉടമയായ അല്ലാഹു മാത്രമാകുന്നു.

നാം എപ്പോഴൊക്കെ അവനെ സ്മരിക്കുന്നുവോ അപ്പോഴൊക്കെ അവൻ നമ്മുടെ കൂടെ തന്നെയുണ്ടാകും. എന്നെ ഓർക്കുന്നവരോടു കൂടെ ഞാനുണ്ടാകുമെന്ന് അവൻ തന്നെ പഠിപ്പിച്ചതാണ്. പ്രയാസങ്ങളിൽ അകപ്പെട്ട് സങ്കടം കൊണ്ട് ഹൃദയം മുറിയുന്ന സമയത്തും അവൻ കൂടെയുണ്ടാകും. മനസ്സ് വേദനിക്കുന്നവരുടെ കൂടെ ഞാനുണ്ടാകുമെന്നും അല്ലാഹു വിളംബരപ്പെടുത്തിയല്ലോ. തിരുനബി(സ്വ)യുടെ പ്രിയ പത്‌നിമാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കൂ: ഞങ്ങൾ മരണത്തെ വെറുത്തിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ തിരുനബി (സ്വ) അരുളി: ഒരു വിശ്വാസിക്ക് മരണം സന്നിഹിതമായാൽ, അല്ലാഹുവിന്റെ ആദരവും തൃപ്തിയും കൊണ്ടവൻ സുവിശേഷം അറിയിക്കപ്പെടും. മരണമായിരിക്കും അന്നേരം അവന് ഏറ്റവും പ്രിയപ്പെട്ട കാര്യം. അല്ലാഹുവിനെ കാണാൻ ആഗ്രഹിക്കുന്നവനെ അല്ലാഹുവിനും കാണാൻ ആഗ്രഹമുണ്ടാകും. നമ്മുടെ സ്വകാര്യ ജീവിതം എത്രമാത്രം വിശുദ്ധമാണ്? സർവ സമയവും അല്ലാഹുവിന്റെ സ്മരണയിലായി ചെലവഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ, രാപകലുകളിൽ നിന്ന് അൽപ്പ സമയമെങ്കിലും പടച്ചവനോട് മിണ്ടിപ്പറഞ്ഞിരിക്കാൻ മാത്രം നാം നീക്കി
വെക്കണ്ടേ.

പൂർണമായും പാപസുരക്ഷിതരായ തിരുനബി (സ്വ) എന്തിനായിരിക്കും പ്രതിദിനം നൂറോളം തവണ പാപമോചനത്തിനായി കേണത്? കാലിൽ നീർക്കെട്ട് വന്നിട്ടും ദീർഘനേരം നിസ്‌കരിക്കുന്നത് കണ്ടപ്പോൾ ആഇശ (റ), എന്തിനാണിത്ര പ്രയാസപ്പെടുന്നത്? അല്ലാഹു നിങ്ങളെ പൊരുത്തപ്പെട്ടതല്ലേ എന്ന് വ്യസനപൂർവം ആശങ്കപ്പെട്ടപ്പോൾ തിരുനബി (സ്വ) മറുപടിയായി ചോദിച്ചത്, ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടയോ എന്നായിരുന്നു.
തിരുദൂതർ (സ്വ) സദാസമയവും അല്ലാഹു എന്ന ആലോചനയിലായിരുന്നു. അതായിരുന്നു തിരുജീവിതത്തിന്റെ ഏറ്റവും വലിയ ഊർജം.