Kerala
താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നർ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് ചെരിഞ്ഞു; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഒറ്റ വരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

കോഴിക്കോട് | വാഹനാപകടത്തെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം. ഒന്‍പതാം വളവിന് സമീപം നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത കണ്ടെയ്നര്‍ ലോറി കൊക്കയിലേക്ക് ചെരിഞ്ഞു. ഇതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മുൻ ഭാഗം കൊക്കക്ക് മുകളിലായ നിലയിലുള്ള ലോറി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ലോറി ഡ്രൈവറുൾപ്പെടെയുള്ള രണ്ട് പേരെ സാഹസികമായാണ് താഴെയിറക്കിയത്.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടുന്നില്ല. അടിവാരത്തു ലക്കിടിയിലും വാഹനങ്ങളെ തടഞ്ഞിടുകയാണ്. ഒറ്റ വരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. നടന്ന ഭാഗത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങള്‍ കടന്നു പോകുകയുള്ളൂ.
ഇന്ന് ഉച്ചയോടെയാണ് കണ്ടെയ്നർ ലോറി ചുരമിറങ്ങുന്നതിനിടെ കൊക്കക്ക് മുകളിലേക്ക് തെന്നിമാറിയത്. രക്ഷണ ഭിത്തി തകര്‍ത്ത വാഹനത്തിന്റെ മുന്‍ഭാഗത്തെ ചക്രങ്ങള്‍ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണുള്ളത്.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി. നിറയെ ബൈക്കുകൾ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോഡിൻ്റെ ഭാരം കൊണ്ടാണ് ലോറി കൊക്കയിലേക്ക് പതിക്കാതിരുന്നത്. ലോറി മാറ്റാൻ പുറപ്പെട്ട ക്രെയിനുകൾ ഗതാഗതക്കുരുക്കിൽപ്പെട്ടു.