Ongoing News
ഇന്ത്യ-പാക് ക്രിക്കറ്റ്; അനിശ്ചിതത്വത്തിന് വിരാമം; പുതിയ നയപ്രഖ്യാപനവുമായി കായിക മന്ത്രാലയം
വിവിധ രാജ്യങ്ങളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്താനുമായി ഇന്ത്യക്ക് മത്സരിക്കാം. എന്നാല്‍, ടൂര്‍ണമെന്റിലല്ലാതെയുള്ള ഇന്ത്യ-പാക് മത്സരത്തിനും പരമ്പരകള്‍ക്കുമുള്ള വിലക്ക് തുടരും.

ന്യൂഡല്‍ഹി | ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ നയത്തിന് രൂപം നല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഇതുപ്രകാരം വിവിധ രാജ്യങ്ങളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്താനുമായി ഇന്ത്യക്ക് മത്സരിക്കാം. എന്നാല്‍, ടൂര്‍ണമെന്റിലല്ലാതെയുള്ള ഇന്ത്യ-പാക് മത്സരത്തിനും പരമ്പരകള്‍ക്കുമുള്ള വിലക്ക് തുടരും.
വിദേശത്ത് നടക്കുന്ന, പാകിസ്താന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുമോ, ആതിഥേയത്വം വഹിക്കുമോ എന്നീ ചോദ്യങ്ങള്‍ നിരന്തരം ഉയരുന്നതിനിടെയാണ് പുതിയ നയപ്രഖ്യാപനവുമായി മന്ത്രാലയം രംഗത്തെത്തിയത്. ബഹുരാഷ്ട്ര ടൂര്‍ണമെന്റാണെന്നതു കൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ പാകിസ്താനുമായി കളിക്കുന്നതിന് ഇന്ത്യന്‍ ടീമിന് വിലക്കില്ലെന്ന് ഒരു മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
പാകിസ്താനില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കില്ല. അതുപോലെത്തന്നെ ഇന്ത്യയില്‍ കളിക്കുന്നതിന് പാക് ടീമിന് അനുമതി നല്‍കുകയുമില്ല-പുതിയ നയം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ മണ്ണിലോ പുറത്തോ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരകള്‍ക്കുള്ള സാധ്യതകളാണ് ഇതോടെ തീര്‍ത്തും അടയുന്നത്. 2012-13 മുതല്‍ അവലംബിച്ചു വരുന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് കായിക മന്ത്രാലയം. 2012-13നു ശേഷം ലോകകപ്പ്, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ ഐ സി സി, എ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.