Ongoing News
കരാറിലെ അനിശ്ചിതാവസ്ഥ; ഐ എസ് എല്‍ 2025-26 സീസണ്‍ നീട്ടിവച്ചു
മാസ്റ്റേഴ്‌സ് റൈറ്റ് കരാര്‍ (എം ആര്‍ എ) സംബന്ധിച്ച് ടൂര്‍ണമെന്റ് സംഘാടകരും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും (എ ഐ എഫ് എഫ്) തമ്മില്‍ അനിശ്ചിതാവസ്ഥ.

മുംബൈ | ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ്‍ നീട്ടിവച്ചു. മാസ്റ്റേഴ്‌സ് റൈറ്റ് കരാര്‍ (എം ആര്‍ എ) സംബന്ധിച്ച് ടൂര്‍ണമെന്റ് സംഘാടകരും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും (എ ഐ എഫ് എഫ്) തമ്മില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് സീസണ്‍ നീട്ടിവെക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പതിവായി ഐ എസ് എല്‍ ടൂര്‍ണമെന്റ് നടക്കാറുള്ളത്. സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ് എസ് ഡി എല്‍) എ ഐ എഫ് എഫും തമ്മിലുള്ള എം ആര്‍ എ 2025 ഡിസംബര്‍ എട്ടിന് അവസാനിക്കുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഡിസംബറിനു മുമ്പ് കൃത്യമായ കരാര്‍ രൂപവത്കരണം നടന്നില്ലെങ്കില്‍ 2025-26 ഐ എസ് എല്‍ സീസണിന്റെ ഫലപ്രദമായ ആസൂത്രണവും സംഘാടനവും വാണിജ്യ വിഷയകമായ കാര്യങ്ങളും നടത്തുക അസാധ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികൂല സാഹചര്യത്തില്‍ പുതിയ സീസണ്‍ സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നതില്‍ ഖേദിക്കുന്നു. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് വ്യക്തത വരുന്നതു വരെ ടൂര്‍ണമെന്റ് നീട്ടിവക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അധികൃതര്‍ പറഞ്ഞു.