Connect with us

Kerala

ഓണാഘോഷത്തിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി ബസില്‍ വിദ്യാര്‍ഥികളുടെ അപകട യാത്ര; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

നിയമ ലംഘനം നടത്തിയ മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി.

Published

|

Last Updated

കൊച്ചി \  ഓണാഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ അപകടകരമായി യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസന്‍സാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ താല്‍ക്കാലികമായി റദ്ദ് ചെയ്തത്. ഡ്രൈവറോട് ഐഡിടിആര്‍ പരിശീലനത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.നിയമ ലംഘനം നടത്തിയ മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി. ഈ വാഹനങ്ങള്‍ ഓടിച്ചവരുടെ ലൈസന്‍സിലും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

 

മൂവാറ്റുപുഴയിലെ ഇലാഹിയ എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെ യാത്ര ചെയ്തുള്ള ഘോഷയാത്ര സംഘടിപ്പിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിലും ഇതേ രീതിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായതോടെയാണ് നടപടി .എറണാകുളം ആര്‍ ടി ഒ (എന്‍ഫോഴ്‌സ്‌മെന്റ്) നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

Latest