Connect with us

articles

പാര്‍ലിമെന്ററി സമിതികള്‍ കാഴ്ചപ്പണ്ടങ്ങളോ?

നമ്മുടെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ സമീപകാലത്ത് ചര്‍ച്ചകള്‍ക്ക് പഞ്ഞമാണ്. ചര്‍ച്ചകള്‍ നടക്കുന്ന പക്ഷം ഏകപക്ഷീയവുമാകുന്നു. രാജ്യത്തെ നിയമ നിര്‍മാണ പ്രക്രിയ കാര്യക്ഷമമാക്കാനുതകുന്ന തരത്തിലാണ് പാര്‍ലിമെന്ററി സമിതികളുടെ സംവിധാനമെങ്കിലും ഭരണകൂട മേല്‍ക്കോയ്മയുടെ അനുരണനമാണിപ്പോള്‍ അവിടെ കാണാനാകുന്നത്.

Published

|

Last Updated

ചര്‍ച്ചകള്‍ക്ക് ഇടമുണ്ടെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പന്നമാക്കുന്നത്. അതില്‍ നിയമ നിര്‍മാണ സഭക്കകത്തെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സവിശേഷ പ്രാധാന്യമുണ്ട്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിത ഭാഗദേയം നിര്‍ണയിക്കുന്നതാണ് പാര്‍ലിമെന്റിനകത്തെ ചര്‍ച്ചകള്‍. അത് നിലച്ചു പോകുന്നത് ജനാധിപത്യത്തിന്റെ മരണമാണ്. ഭരണകൂടത്തിന് അനിഷ്ടകരമായ പദപ്രയോഗങ്ങളെ അണ്‍പാര്‍ലിമെന്ററിയുടെ ചാപ്പകുത്തി ലോക്‌സഭയുടെ പുറത്താക്കിയത് 2022ലാണ്. പാര്‍ലിമെന്റില്‍ കാര്യമായ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസ്സാക്കുന്നത് ഇന്ന് പതിവ് കാഴ്ചയായിരിക്കുന്നു. പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ ഭരണകൂട താത്പര്യ സംരക്ഷണത്തിന് വേണ്ടിയുള്ള ചടങ്ങ് സമിതികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നതും നാം കാണുന്നു.

പാര്‍ലിമെന്റിനെ കാര്യമാക്കുന്നില്ലെന്ന്
കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ നിരവധി ബില്ലുകളാണ് ചര്‍ച്ചകളില്ലാതെ പാസ്സാക്കിയത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യമല്ലാത്ത നടപടികള്‍ക്കും ബിഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനുമെതിരെ സഭകളില്‍ പ്രതിഷേധമുയര്‍ത്തിയതിന്റെ മറപിടിച്ച് അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കിയെടുത്തത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കേന്ദ്ര ബിന്ദുവായ പാര്‍ലിമെന്റിനെ തങ്ങള്‍ കാര്യമാക്കുന്നില്ലെന്ന സമീപനം മോദി സര്‍ക്കാറിന്റെ ഇക്കാലമത്രയുമുള്ള നടപ്പിലും നടപടിയിലും നമുക്ക് കാണാനാകും. പ്രധാനമന്ത്രി സ്ഥിരമായി പാര്‍ലിമെന്റില്‍ ഹാജരാകാതിരിക്കുന്നത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമില്ലാത്ത ഏകാധിപത്യ രീതികളാണ് ഭരണകൂടം ആഗ്രഹിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. പാര്‍ലിമെന്ററി നടപടിക്രമങ്ങളും ജനാധിപത്യ മര്യാദകളും പാലിക്കപ്പെടാതെ സഭ കടക്കുന്ന ബില്ലുകള്‍ ഭരണകൂടത്തിന്റെ ഏകശിലാത്മക നയനിലപാടുകളുടെ പ്രതിഫലനമല്ലാതെ മറ്റൊന്നല്ല. രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളിലടക്കം പാര്‍ലിമെന്റില്‍ മറുപടി പറയാതെ പ്രധാനമന്ത്രി ഒളിച്ചോടിയത് പലവുരു കണ്ടതാണ് രാജ്യം.

പാര്‍ലിമെന്ററി സമിതികളെ ദുര്‍ബലപ്പെടുത്തുന്നു
വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട 24 പ്രധാന പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ട്. സഭയില്‍ വെക്കുന്ന നിയമങ്ങള്‍ക്ക് അര്‍ഥവും ആഴവും നല്‍കുക എന്ന ദൗത്യമാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ നമ്മുടെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ സമീപകാലത്ത് ചര്‍ച്ചകള്‍ക്ക് പഞ്ഞമാണ്. ചര്‍ച്ചകള്‍ നടക്കുന്ന പക്ഷം ഏകപക്ഷീയവുമാകുന്നു. രാജ്യത്തെ നിയമ നിര്‍മാണ പ്രക്രിയ കാര്യക്ഷമമാക്കാനുതകുന്ന തരത്തിലാണ് പാര്‍ലിമെന്ററി സമിതികളുടെ സംവിധാനമെങ്കിലും ഭരണകൂട മേല്‍ക്കോയ്മയുടെ അനുരണനമാണിപ്പോള്‍ അവിടെ കാണാനാകുന്നത്. ബില്ലുകളും ബജറ്റുകളും സര്‍ക്കാര്‍ നയങ്ങളും വിശദമായി പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലിമെന്ററി സമിതികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ വലിയ സാധ്യതയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുറത്തു നിന്നുള്ള സ്വാധീനങ്ങള്‍ ഏറെക്കുറെ സ്വാധീനിക്കാത്ത വിധമുള്ള, ജനാധിപത്യ സ്വഭാവമുള്ള ക്രമീകരണമാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കുള്ളത്. അതുകൊണ്ടാകണം വിവിധ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഭരണപക്ഷ പ്രതിനിധിയായ സമിതി ചെയര്‍മാന്‍ പ്രതിപക്ഷ അംഗങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. വഖ്ഫ് ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ അത് നാം കണ്ടതാണ്.

നിയമ നിര്‍മാണം കാര്യക്ഷമമാക്കുന്നതിലും പാര്‍ലിമെന്റിനോടുള്ള എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്വം ഉറപ്പുവരുത്തുന്നതിലും പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. അതുവഴി നമ്മുടെ ജനാധിപത്യത്തെ അര്‍ഥവത്താക്കുകയാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ചെയ്യുന്നത്.

പ്രധാന ഒളിച്ചോട്ടങ്ങള്‍
2004 മുതല്‍ 2009 വരെയുള്ള ആദ്യ യു പി എ ഭരണകാലത്ത് ബില്ലുകളില്‍ അറുപത് ശതമാനത്തോളം വിവിധ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പരിശോധനക്ക് വിട്ടിരുന്നെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 2019 – 2024 കാലയളവില്‍ പാര്‍ലിമെന്റില്‍ കൊണ്ടുവന്ന ബില്ലുകളില്‍ 12 ശതമാനം മാത്രമാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പരിശോധനക്ക് വിട്ടത്. അങ്ങനെ പരിശോധിക്കപ്പെട്ട ബില്ലുകളില്‍ തന്നെ ഭരണകൂട സങ്കുചിത താത്പര്യത്തിനപ്പുറം ഒന്നും സംഭവിച്ചില്ലെന്നതാണ് നേര്. ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത നടപ്പ് ലോക്‌സഭയില്‍ പോലും പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഏകാധിപത്യത്തിന്റെ കൂത്തരങ്ങാണ് നടക്കുന്നത്. അതിനാലാണ് അഞ്ച് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിക്കാനിടവരുന്ന കുറ്റകൃത്യത്തില്‍ 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിമാര്‍ പുറത്താകുമെന്ന വിവാദ ബില്ല് പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രതിപക്ഷ നിരയിലെ കക്ഷികളില്‍ പലതും സമിതിയുടെ ഭാഗമാകില്ലെന്ന് തറപ്പിച്ച് പറഞ്ഞത്.

രാജ്യത്ത് സമീപ വര്‍ഷങ്ങളില്‍ വിവാദങ്ങളായ നിയമനിര്‍മാണങ്ങളില്‍ പലതും പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പരിശോധന തൊടാത്തതാണെന്നത് വ്യക്തമാണ്. 2020ലെ മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ കൃഷിയുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സമിതിക്ക് വിടാന്‍ വിസമ്മതിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അനന്തരം ഐതിഹാസിക കര്‍ഷക പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒടുവില്‍ തൊട്ടടുത്ത വര്‍ഷം മൂന്ന് നിയമങ്ങളും റദ്ദാക്കി കര്‍ഷക വീര്യത്തിന് മുമ്പില്‍ പത്തി മടക്കേണ്ടി വന്നു ഭരണകൂടത്തിന്. യു എ പി എ നിയമത്തിന് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഗുരുതര പൗരാവകാശ പ്രശ്‌നങ്ങളുയര്‍ത്തുന്നതായിരുന്നു. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന ഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നുവരികയുണ്ടായി. പ്രസ്തുത ഭേദഗതി ബില്ലും പാര്‍ലിമെന്ററി സമിതിക്ക് വിടേണ്ടെന്ന മര്‍ക്കടമുഷ്ടിയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുണ്ടായിരുന്നത്.

2017ല്‍ ആയിരുന്നല്ലോ കേന്ദ്ര സര്‍ക്കാര്‍ ഫിനാന്‍സ് ആക്ട് ഭേദഗതി ചെയ്ത് ഇലക്ടറല്‍ ബോണ്ട് സ്‌കീം മണി ബില്ലായി ഒളിച്ചു കടത്തിയത്. രാജ്യസഭയില്‍ ചര്‍ച്ചക്ക് ഇടം നല്‍കാതെയും ഒരു പാര്‍ലിമെന്ററി സമിതിക്കും റഫര്‍ ചെയ്യാതെയുമുള്ള ഒന്നാന്തരം തട്ടിപ്പായിരുന്നു ഇലക്ടറല്‍ ബോണ്ട് സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് ഇലക്ടറല്‍ ബോണ്ട് സ്‌കീം സുപ്രീം കോടതി റദ്ദാക്കി.

ഘടനയില്‍ മാറ്റമുണ്ടാകണം
പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ശിപാര്‍ശകള്‍ അംഗീകരിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നത് വലിയ പോരായ്മയാണ്. പാര്‍ലിമെന്ററി സമിതികളോടുള്ള ഭരണകൂടത്തിന്റെ നിഷേധ മനോഭാവത്തിന്റെ കാരണങ്ങളിലൊന്ന് മേല്‍ചൊന്നതാണെന്നിരിക്കെ സമിതി ശിപാര്‍ശകള്‍ എന്തുകൊണ്ട് സ്വീകാര്യമല്ലെന്നത് ചൂണ്ടിക്കാട്ടുന്ന റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വെക്കേണ്ടി വരുന്ന തരത്തിലെങ്കിലുമുള്ള മാന്‍ഡേറ്റ് ഉണ്ടാകേണ്ടതുണ്ട്. പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ചെയര്‍മാന്‍ പദവി പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സംവിധാനവുമുണ്ടാകണം. രാഷ്ട്രീയ പ്രാധാന്യമുള്ള നിയമ നിര്‍മാണങ്ങളില്‍ നിഷ്പക്ഷതയും കാര്യക്ഷമതയും ഉറപ്പുവരുത്താനത് സഹായിക്കും.

അടിയന്തര സ്വഭാവമില്ലാത്തതും രാജ്യത്ത് നിയമപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലല്ലാത്തതുമായ ബില്ലുകളെല്ലാം അനുയോജ്യമായ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് വിടണമെന്ന നിയമമുണ്ടാകണം. ബില്ലുകള്‍ പാര്‍ലിമെന്ററി സമിതികള്‍ക്ക് വിടുന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് സ്വേച്ഛാപരമായി പ്രവര്‍ത്തിക്കുന്നതിന് തടയിടാനും ആത്യന്തികമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പാകമുള്ള നിയമനിര്‍മാണങ്ങള്‍ നടക്കാനും അത് വേണ്ടതാണ്.

Latest