Kerala
റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷം തട്ടി; ചിലന്തി ജയശ്രി അറസ്റ്റില്‍
തൃശൂര്‍ ഈസ്റ്റ്, പാലക്കാട് കോട്ടായി, വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധികളിലായി 9 തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണിവര്‍

തൃശൂര്‍ | തിരുവില്വാമലയില്‍ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍ ചിലന്തി ജയശ്രി എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രി (61) ആണ് അറസ്റ്റിലായത്. ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും ഇതില്‍ പണം നിക്ഷേപിച്ചാല്‍ സാമ്പത്തിക ലാഭം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു പുത്തന്‍ചിറ സ്വദേശിയെയാണ് ജയശ്രീ കബളിപ്പിച്ചത്.
2022 ജനുവരി 28നു പുത്തന്‍ചിറ സ്വദേശിയുടെ വീട്ടിലെത്തി ഇവര്‍ 10 ലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി. ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. 2024 മാര്‍ച്ച് 16നാണ് മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ഈസ്റ്റ്, പാലക്കാട് കോട്ടായി, വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധികളിലായി 9 തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണിവര്‍ എന്നു പോലീസ് പറഞ്ഞു.