Kozhikode
ഉള്ളിയേരി സര്‍വീസ് സഹകരണ ബേങ്കിന്റെ അന്‍പതാം വാര്‍ഷികാഘോഷ സമാപനവും പുതിയ ബ്രാഞ്ച് ഉദ്ഘാടനവും 30 ന്
പ്രശസ്ത ഗായകന്‍ അലോഷിയുടെ സംഗീത നിശ അരങ്ങേറും
ഉള്ളിയേരി | ഉള്ളിയേരി സര്‍വീസ് സഹകരണ ബേങ്കിന്റെ അന്‍പതാം വാര്‍ഷികാഘോഷ സമാപനവും ഉള്ളിയേരി- 19 ബ്രാഞ്ചിന്റെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ നടക്കും.
ഡിസംബര്‍ 30 ന് രാവിലെ 10 ന് ഉള്ളിയേരി 19 ബ്രാഞ്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ എം മെഹബൂബ് ലോക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സഹകരണ ജോ. ഡയറക്ടര്‍ എന്‍ എം ഷീജ ആദ്യ നിക്ഷേപം സ്വീകരിക്കും. പ്രമുഖ സഹകാരികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി വിവിധ പ്രസാധകര്‍ അണിനിരക്കുന്ന പുസ്തകോത്സവവും ഉണ്ടാവും. വൈകീട്ട് ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും. കലാ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള ഉപാഹരവും വിതരണം ചെയ്യും. തുടര്‍ന്നു പ്രശസ്ത ഗായകന്‍ അലോഷിയുടെ സംഗീത നിശ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് വി കെ വിജയന്‍, സെക്രട്ടറി മോന്‍സി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഒള്ളൂര്‍ ദാസന്‍, പി വി ഭാസ്‌കരന്‍ കിടാവ്, ദിവാകരന്‍ ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.



